Aug 20, 2013

ഉർദുഗാന് നേടാനായതും മുർസിക്ക് നേടാനാവാത്തതും



ഇറാനികൾ 1981ൽ ഹജ്ജിനു വന്ന സന്ദർഭത്തിൽ മുസ്ലിം ലോകത്തിന്റെ ശത്രുക്കൾക്കെതിരെ പ്രകടനം നടത്താൻ പെർമിറ്റ് ചോദിച്ചപ്പോൾ സൌദി അതോറിറ്റി അനുവാദം നൽകിയിരുന്നു. ഹറമിനെ അതി പവിത്രതയോടെ കാണുന്ന ഏതൊരൂ വിഭാഗത്തിന്റെയും നിഷിദ്ധമല്ലാത്ത ചെയ്തികൾക്ക് കാർക്കശ്യമായ നിലപാട് അതോറിറ്റിയിൽ നിന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് നാല് ഇമാമീങ്ങളിൽ നിന്നും ഒന്നിലേക്ക് ഏകീകരിക്കപെട്ടപ്പോൾ ചില കർമ്മങ്ങളിൽ വ്യത്യസ്ത ഇമാമുമാരുടെ പാത സ്വീകരിച്ചിരുന്നവരുടെ കർമ്മങ്ങളെ നില നിർത്തുന്ന രീതിയിൽ നയ നിലപാടുകൾ സ്വീകരിച്ചത്. അതിന്റെ ശരിതെറ്റുകളിലേക്ക് പോകുന്നില്ല, മറിച്ച് അത്രമാത്രം വിശാല മനസ്കത കാണിച്ചത് പോലെയാണ് ഹറമിലേക്ക് വന്ന ഇറാനിയൻ ഹാജിമാർക്ക് പ്രകടനം നടത്താനും പെർമിറ്റ് നൽകിയത്. എന്നാൽ അതീവ രഹസ്യമായി ഇറാൻ രാഷ്ട്രീയ ചിന്തകൾ പേറുന്ന നോട്ടീസുകളും പ്രകടനത്തിൽ വിതരണം ചെയ്യപെട്ടു, ഇറാന്റെ രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണ നേടാൻ ഹജ്ജ് കർമ്മങ്ങളിൽ ഉപയോഗപെടുത്തണമെന്ന ആയത്തുള്ള ഖുമൈനിയുടെ ആഹ്വോനമനുസരിച്ചായിരുന്നു നോട്ടീസും പ്രകടങ്ങളുമെല്ലാം പ്ലാൻ ചെയ്തത്. യാതൊരൂ നിയന്ത്രണങ്ങളുമില്ലാതെ ലക്ഷകണക്കിന് ലോക മുസ്ലിംങ്ങൾ സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒത്തുചേരുന്ന ഹജ്ജ് കർമ്മം രാഷ്രീയ സ്വാധീനമുണ്ടാക്കാന് ഏറെ പറ്റിയ സ്ഥലമെന്ന ചിന്തയിലാണ് ഇറാൻ ഭരണകൂടം അത്തരം പദ്ധതികൾ രൂപപെടുത്തിയത്. കൂടാതെ ഇറാനും ഇറാഖും തമ്മിൽ ശക്തമായ യുദ്ധത്തിലാവുകയും യുദ്ധത്തിൽ സൌദി അറേബ്യ ഇറാഖ് പക്ഷത്തെ സാമ്പത്തികമായി സഹായിക്കുകയും ചെയ്ത സന്ദർഭത്തിൽ സൌദിയുടെ ശക്തിയെ ക്ഷയിപ്പിക്കുന്നതിനും ഇറാഖിനു നൽകികൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിന് തടസമുണ്ടാക്കുന്നതിനും പുറമെ പരിശുദ്ധ ഭവനങ്ങളുടെ അധികാരം ശിയാക്കളിൽ നിക്ഷിപ്തമാവണമെന്ന അടങ്ങാത്ത ആഗ്രഹവുമായാണ് 1987ൽ പരിശുദ്ധ ഹറം പിടിച്ചടക്കാൻ ഖുമൈനി പദ്ധതി തയ്യാറാക്കിയത്.

1987 ജൂലായ് മാസത്തിന്റെ ചൂടിലായിരുന്നു പരിശുദ്ധ ഹജ്ജ് കർമ്മം. പരിശുദ്ധ ഹറമിലേക്ക് വിശ്വാസികൾക്ക് സൌകര്യങ്ങളൊരുക്കി കൊണ്ട് ഹറമിനകത്ത് സേവന കർമ്മ നിരതരായി സെക്യൂരിറ്റികൾ നിശ്ചയിക്കപെട്ട ജോലികളിൽ വ്യാപൃതരായിരുന്നു. ഹറമിനു പരിസരത്ത് മരണപെട്ടവരുടെ ശരീരം നമസ്കാരത്തിന് ഹറമിനുള്ളിലേക്ക് കൊണ്ടുവന്നു മാരണാനന്തര നമസ്കാരത്തിനു ശേഷമാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുക. ലക്ഷകണക്കിനാളുകൾ സംഘമിക്കുന്ന ഹറമിൽ എല്ലാ നമസ്കാര വേളകളിലും മരണപെട്ടവരും അവർക്ക് വേണ്ടി നമസ്കരിക്കുന്നതും സാധാരണമാണ്. ഈ ഒരു സാഹചര്യം മുതലാക്കി 1987ൽ മൃതശരീരങ്ങൾ കൊണ്ടുവരുന്ന മഞ്ചലിൽ നന്നായി കവർ ചെയ്തുകൊണ്ട് മൃതശരീരങ്ങൾക്ക് പകരം ആയുധങ്ങളുമായാണ് ഒരു കൂട്ടം ആളുകൾ ഹറമിനുള്ളിലേക്ക് കയറിയത്. പ്രീ പ്ലാൻ ചെയ്ത പദ്ധതിയുടെ ഭാഗമായി ഹറമിനുള്ളിൽ വെച്ച് ആ ആയുധങ്ങൾ ഗ്രൂപ്പിൽ പെട്ടവർക്ക് വിതരണം ചെയ്യുകയും മൂടിപുതച്ച വസ്ത്രങ്ങൾക്കുള്ളിൽ ആയുധങ്ങളുമായി അവർ നിശ്ചയിക്കപെട്ട സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. ഹറമിനുള്ളിൽ സേവനം നടത്തികൊണ്ടിരിക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണ് എന്ന് ഹറമിൽ വന്ന ഏതൊരാൾക്കും അനുഭവിച്ചറിയുന്നതാണ്, കർമ്മനിരതരായി ജനങ്ങൾകൊപ്പം നിലകൊണ്ടിരുന്ന സെക്യൂരിറ്റിക്കാർ ഓരോരുത്തരായി മരിച്ചു വീഴുന്നതാണ് പിന്നെ കണ്ടത്. പവിത്രത കൊണ്ട് രക്തം ചിന്താൻ പാടില്ലാത്ത പുണ്യസ്ഥലത്ത് ഹറം സേവകരുടെ ചോര ചിന്തി. ഹാജിമാരുടെ കൂടെ സൌദി ഭരണകൂടം നിർത്തിയ വളണ്ടിയർമാർ ഓരോന്നായ് അക്രമികളുടെ ഇരകളായ് കൊണ്ടിരുന്നു. പുറത്തുനിന്നും അക്രമികളെ നേരിടാൻ വന്നവരും വീണുടഞ്ഞു. മുസ്ലിം ലോകത്തെ എല്ലാവരാലും പവിത്രമായി കരുതുന്ന ഹറമിൽ വളരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ അക്രമണം തീരെ പ്രതീക്ഷിക്കാത്തതിനാൽ പെട്ടെന്നൊരു പ്രതിരോധത്തിന് സാധിച്ചതുമില്ല. അവസാനം ഭരണകൂടം പരിശുദ്ധ ഹറമിലേക്ക് ടാങ്കറുകൾ കയറ്റിയാണ് അക്രമികളെ നേരിട്ടത്.

പരിശുദ്ധ ഹറം അക്രമികളിൽ നിന്നും മോചിപ്പിക്കപെട്ടപ്പോൾ ലോക മുസ്ലിംങ്ങൾക്കെല്ലാം സമാധാനമായി. എന്നാൽ ഇറാനിലെ ശിയാ വിപ്ലവത്തിൽ ആകൃഷ്ടരായ ഇസ്ലാമിസ്റ്റുകളിൽ അതി തീവ്ര നിലപാട് സ്വീകരിച്ച മൌദൂദി സാഹിബിന്റെ അനുയായികൾക്ക് ഏറെ ദുഖമുണ്ടാക്കിയത് സൌദി ഭരണകൂടം ഹറമിൽ ടാങ്കറുകളുമായി അക്രമികളെ നേരിട്ടതിലായിരുന്നു. ഒറ്റൊയൊറ്റയായി ചോര ചിന്തി മരിച്ചുവീണ ഹജ്ജ് വളണ്ടിയർമാരായ സെക്യൂരിറ്റിയെ കുറിച്ചൊ ഹറമിന്റെ നിയന്ത്രണത്തെ കുറിച്ചൊ അവർക്ക് അലോചനയുണ്ടായില്ല, ടാങ്കറുകൾ കയറി അക്രമികൾ കൊല്ലപെട്ടതിലാണ് അവർക്ക് വ്യസനമുണ്ടായത്. അത്തരത്തിലായിരുന്നു ആയത്തുള്ള ഖുമൈനിയിൽ നിന്നും മൌദൂദിയിലേക്ക് കടന്നുവന്ന വിപ്ലവ ചിന്ത. ആ വിഷയത്തിലേക്കിപ്പോൾ പോകുന്നില്ല.

പരിശുദ്ധ ഹറമുകളും മുസ്ലിം ലോകത്തേയും തങ്ങളുടെ ലക്ഷ്യത്തിനു കീഴിലാക്കുക എന്നത് ശിയാ‌ വിപ്ലവത്തിനു ശേഷം രൂപം കൊണ്ട ഇറാൻ പദ്ധതിയാണ്. അതുമനസ്സിലാക്കിയും അത്തരത്തിലുള്ള ചിന്തകൾ വേരോടാതിരിക്കാനുമാണ് സൌദി ഭരണകൂടം പ്രയത്നിക്കുന്നതും. അതിന്റെ അലയൊലികളാണ് മിഡ്‌ലീസ്റ്റിൽ പല കാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇറാഖിലായാലും ബഹ്‌റൈനിലായാലും സിറിയയിലായാലും പലസ്തീനിലായാലും ഈജിപ്തിലായാലും എല്ലാം അതിന്റെ വ്യത്യസ്ത പോരാട്ടങ്ങളാണ്.

ബഹ്‌റൈനിൽ ഇപ്പോഴുള്ള ഭരണകൂടം മാറി പുതിയ ഇറാൻ അനുകൂല ഭരണകൂടം വന്നാൽ എന്തായിരിക്കും സ്ഥിതി? സൌദിയിൽ നിന്നും ലഭിക്കുന്ന ഊർജ്ജവും സപോർട്ടും ഇല്ലാതാവുകയാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ തലപൊക്കി ആ രാജ്യം തകർക്കപെടുകയും അശാന്തിയുടെ ഭൂമിയായ് മാറുകയും ചെയ്യുമെന്നതിൽ രണ്ടഭിപ്രായമുണ്ടാവില്ല. സൌദിയോട് ചേർന്നു കിടക്കുന്ന ബഹ്‌റൈനെ സമ്പത്തികമായും മറ്റു നിലയിലും സഹായിക്കാൻ ഇറാന് പരിമിതികളുണ്ടെങ്കിലും മേഖലയിലെ താല്പര്യങ്ങൾ കൊണ്ടാണ് അവിടെ പ്രശ്നങ്ങളുണ്ടാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ശിയാ വിഭാഗം വളരെ ന്യൂനപക്ഷമായ സൌദിയിൽ പോലും അവരെ ഉപയോഗപെടുത്തി ഇറാൻ കളിച്ചുകൊണ്ടിരിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കി അസ്ഥിരതയും അസമാധാനവും ഉളവാക്കുക വഴി തങ്ങൾക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണ്.

മിഡീസ്റ്റിൽ ആധിപത്യമുറപ്പിക്കുന്നതിന് എന്ത് കുതന്ത്രത്തിനും ഇറാൻ തയ്യാറാണ്. അതിനെ മറി കടക്കാൻ, ഇറാഖിൽ നഷ്ടപെട്ടത് സിറിയയിൽ നേടുക വഴി മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ രാഷ്ട്രങ്ങൾ പരിശ്രമിക്കുന്നതിൽ രാഷ്ട്രീയവും മതപരവുമായ വേർത്തിരിവുണ്ട്. ഇറാഖിൽ ഭൂരിപക്ഷമെന്ന കഷായ കണക്കിലാണ് ഇറാൻ അനുകൂല ശിയാക്കളിലേക്ക് അധികാരം വന്നെത്തിയത്. ജനാധിപത്യം എന്നത് രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ചും കൈയ്യൂക്കിനനുസരിച്ചുമാണ്. അതുകൊണ്ടാണല്ലൊ ഹു‌സ്നി മുബാറക്കിന് 30 വർഷം അധികാരകസേര ലഭിച്ചത്. അതുകൊണ്ട് തന്നെ ജനാധിപത്യം ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത മേഖലയിൽ വ്യത്യസ്ത രീതിയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വളരെ ന്യൂനപക്ഷമായ ബഷാറിന് സിറിയയിൽ ഭൂരിപക്ഷ ജനങ്ങളെ അടിച്ചമർത്തികൊണ്ട് അധികാരത്തിലിരിക്കാൻ ഒത്താശകൊടുക്കുന്ന ഇറാനെതിരെ ശബ്ദിക്കാൻ എത്ര ഇസ്ലാമിസ്റ്റുകൾ തയ്യാറായിട്ടുണ്ടാവും? എന്നാൽ ഈജിപ്തിന്റെ വിഷയത്തിൽ സൌദി അറേബ്യയെ പരിഹസിക്കാൻ നൂറ് നാവുണ്ട്!

ഈജിപ്തിൽ ഹുസ്നി മുബാറക് മാറിയപ്പോഴും തിരഞ്ഞെടുപ്പ് കഴിഞ്ഞു മുർസിയുടെ നേതൃത്വത്തിൽ ഇ‌ഖ്‌വാനികൾ അധികാരത്തിൽ എത്തിയപ്പോഴും ഒന്നിലും ഇടപെടാതെ സൌദി അറേബ്യ മാറ്റങ്ങളെ സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. സലഫി പക്ഷമായ അന്നൂറ് പാർട്ടി ഭരണത്തിൽ പങ്കാളിയായതും പ്രതീക്ഷയോടെ നോക്കികണ്ടത്. എന്നാൽ സൌദിയുമായി ബന്ധം സലഫി സംഘടനകൾക്ക് സ്വാധീനവും ശക്തിയും കൂട്ടുമെന്ന് ഭയന്നൊ, ഭരണത്തിൽ പങ്കാളികളായ സലഫികളെ മാനസ്സികമായി അകറ്റിനിർത്തുന്നതിനോ വേണ്ടി സലഫികളോട് എന്നും ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ഇറാനുമായി ഇഖ്‌വാൻ അടുത്തു, അതല്ലെങ്കിൽ ഇഖ്‌വാനിന്റെ രാഷ്ട്രീയ കളികളുടെ ഭാഗമായി ശിയാ വിപ്ലവങ്ങളേ അനുഭാവപൂർവ്വം കാണുന്ന ഇസ്ലാമിസ്റ്റുകൾ ഇറാനോട് ചങ്ങാത്തം കൂടാനാണ് കൂടുതൽ താല്പര്യം കാണിച്ചത്. മുർസിയുടെ വലം കൈ ഹിസ്ബുള്ളക്കും ഇറാനും നൽകിയപ്പോൾ ഇടതു കൈ തട്ടിമാറ്റി സൌദി മുഖം തിരിച്ചു. മിഡ്‌ലീസ്റ്റിലെ രാഷ്ട്രീയ അജണ്ടകൾ അറിയാത്തവരല്ല മുർസിയും ഈജിപ്തിലെ ഇഖ്‌വാനികളും, എന്നീട്ടും ബന്ധങ്ങളുടെ മുൻ‌ഗണന മാറ്റിമറിച്ചു! അത് വലിയ വീഴ്ച്ച തന്നെയായിരുന്നു. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും മിഡ്‌ലീസ്റ്റിലെ പ്രധാന ഇടമാണ് ഈജിപ്ത്. മേഖലയിൽ ഇറാൻ അനുകൂല രാഷ്ട്രം രൂപീകൃതമാവുന്നതും അതി ഗൌരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ സൌദി അറേബ്യയും അനുകൂല രാജ്യങ്ങളും ഈജിപ്തിനു നൽകികൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തിവെച്ചതും. എന്നീട്ടും പാഠമുൾകൊള്ളാൻ മുർ‌സിയും ഇഖ്‌വാനും ശ്രമിച്ചില്ല. ഈജിപ്ത് ദാരിദ്യത്തിലേക്ക് കൂപ്പ് കുത്തി. ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങളൊരുക്കാൻ മുർസിക്കും കൂട്ടർക്കും കഴിയാതെയായി. പാചകവാതകങ്ങൾക്കും ഗ്യാസൊലിനും കറന്റിനും നിയന്ത്രണങ്ങൾ വന്നു, പെട്രോൾ സ്റ്റേഷനിൽ ആറു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു, പാചകവാതകത്തിനും തഥൈവ. വൈദ്യുതിക്ക് പോലും മണിക്കൂറുകളോളം നിയന്ത്രണങ്ങൾ വന്നതോടെ മുർസിക്കെതിരെ ജനം പുറത്തിറങ്ങി.

പൊതു ജനത്തിന് വേണ്ടിയിരുന്ന അടിസ്ഥാന സൌകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ ആര് അടങ്ങിയിരിക്കും? മില്ല്യൺ കണക്കിന് ജനങ്ങൾ മുർസിക്കെതിരെ തിരിയുകയും അവസാനം സൈനിക ഇടപെടലിലൂടെ അട്ടിമറിക്കപെടുകയും ചെയ്തു. ഭരണമാറ്റം കഴിഞ്ഞു രണ്ടു ദിവസങ്ങൾക്കകം ബില്ല്യൺ കണക്കിന് സാമ്പത്തിക സഹായ‍മാണ് സൌദിയും യു.എ.ഇ.യും കൂടി നൽകിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സൌദി അറേബ്യയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തിറങ്ങുന്ന ഇസ്ലാമിസ്റ്റുകൾ തുർക്കിയുടെ വിഷയത്തിലേക്ക് വരില്ല. ഉർദുഗാനെ സപോർട്ട് ചെയ്യുന്ന സൌദി അറേബ്യയെ പോലുള്ള രാജ്യങ്ങൾ എന്തുകൊണ്ട് മുർസിയെ സപോർട്ട് ചെയ്തില്ല എന്നതിന് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയുമില്ല. രക്തം വീഴുന്നതിൽ മാത്രമാണ് അവരുടെ വിപ്ലവ ചിന്ത, ചോര ചിന്തുമ്പോഴും ജീവൻ നഷ്ടപെട്ട് മനുഷ്യർ വീണടഞ്ഞുതീരുമ്പോഴും ഉയർന്നു വരുന്ന വിപ്ലവ ചിന്തക്കാണ് ഇസ്ലാമിറ്റുകളിൽ പ്രസക്തി.

ഉർദുഗാന്റെ നിലപാടുകളും രാഷ്ട്രീയ പോളിസികളും ഇഖ്‌വാനിൽ നിന്നും എത്ര ദൂരത്തായിരുന്നു? ഈജിപ്തിനെ പോലെ, അതല്ലെങ്കിൽ അതിനേക്കാൾ ശക്തരായ അൾട്ര സെക്യൂലറുകളേയും സൈനിക ഭരണദല്ലാളുമാരെയും നിലക്ക് നിർത്തി ഉർദുഗാൻ വിജയം നേടാനായതിനു പുറകിൽ മിഡ്‌ലീസ്റ്റിലെ മതപരമവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ നയപ്രഖ്യാപനമുണ്ടായിരുന്നു, അവിടെയാണ് മുർസിക്കും ഇഖ്‌വാനും തെറ്റിയത്, അല്ല പടുവിഡ്ഡികളായത് എന്ന് പറയുന്നതാവു ശരി. അടിസ്ഥാനപരമായി ഈജിപ്ത് അറബ് രാജ്യമാണ്, അവരുടെ അയല്പക്കമാണ്, അവർക്ക് ബന്ധമുണ്ടാവേണ്ടിയിരുന്നതും സാമ്പത്തിക ശക്തികളായ അറബ് രാജ്യങ്ങളോടായിരുന്നു, ഏറ്റവും മിനിമം തങ്ങളുടെ അധികാര കസേര ഉറപ്പിക്കുന്നത് വരെയെങ്കിലും.

വിപ്ലവ ചിന്തകൾകൊണ്ട് അലമുറയിട്ട് ആർത്തിരമ്പാനും മുഷ്ടിയുരുട്ടി ചുറ്റി ആകാശത്തെ ഇടിച്ചുവീഴ്ത്താനുമൊക്കെ ശ്രമിക്കാം, ജനങ്ങളുടെ അരചാൺ വയറിനത് പോര. പട്ടിണി നിഷേധിയാക്കുമെന്ന് പ്രാമാണിക വാക്ക് പുലർന്നതാണ് ഈജിപ്തിൽ നാം കണ്ടത്.

അടിതെറ്റിവീണ ഇഖ്‌വാൻ കണ്ണുമിഴിച്ചു നോക്കുകയാണ്, ഹുസിനി മുബാറക്കിന്റെ കാലത്ത് സ്ഥാപിക്കപെട്ട ഉദ്യോഗസ്ഥ വിഭാഗങ്ങളിൽ കാരണങ്ങൾ പരതുകയാണിപ്പോൾ.. ശരിയായിരിക്കാം, അവരാരും മുർസിക്കെതിരെ അടങ്ങിയിരിക്കുന്നവരല്ല.  അവരെയെല്ലാം ഒതുക്കാമായിരുന്നു, അതിന് ആദ്യവും അവസാനവുമായ് വേണ്ടത് സാമ്പത്തിക ഭദ്രതയാണ്. അവിടെയാണ് മുർസി പരാജയപെട്ടത്, ഒറ്റയടിക്ക് മാറ്റി എല്ലാം മാറ്റിമറിക്കാമെന്ന് മൂഢവിശ്വാസിയായി മുർസി, അതല്ലെങ്കിൽ അധികാരത്തിന്റെ കടിഞ്ഞാൺ ലഭിച്ചാൽ എല്ലാം ഭദ്രമായി എന്നു വിശ്വസിച്ചു. ഉർദുഗാനിൽ നിന്നും മുർസിയും കൂട്ടരും ഏറെ പഠിക്കാനുണ്ട്. പക്ഷെ ഇനിയതിന് എത്രകാലം?, എത്ര ജീവനുകൾ മിസ്‌റിന്റെ മണ്ണിലമരണം, എത്ര ചോരചാലുകൾ നൈൽ നദീ തീരത്ത് ഒഴുകണം! മിസ്‌റികൾക്ക് സാമാധാനവും ശാന്തിയുമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..

40 comments:

MT Manaf said...

ജിഹാദിന്റെ പരിവേഷം നൽകി സാധാരണക്കാരെ കൊലക്കു കൊടുക്കുന്ന ബ്രദർ ഹുഡ് തീക്കളിയാണ് നടത്തുന്നത്. അമേരിക്കക്ക് ദാസ്യവേല ചെയ്യുന്ന എൽ ബാറാദിയും ഇറാന്റെ ഒളിയജണ്ടകൾക്കു വേണ്ടി പ്രവർത്തിക്കുന്നവരും ഈ രക്തത്തിൽ തുല്യ പങ്കു പറ്റുന്നവരാണ്. ലോകം അത് തിരിച്ചറിഞ്ഞിട്ടുണ്ട്

Cv Thankappan said...

വായിക്കുമ്പോള്‍ ഉള്ളില്‍ വേദനയും,അസ്വസ്ഥതയും ഉണര്‍ത്തുന്ന നല്ലൊരു ലേഖനം..
മിസ്‌റികൾക്ക് സാമാധാനവും ശാന്തിയുമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..
ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിച്ചു.നല്ല ലേഖനം.

mashkoor said...

ബ്രദർഹുഡിനെതിരെ പറയുന്നവർക്കെതിരെ കൊണ്ടുപിടിച്ച സൈബെർ ആക്രമത്തിന്റെ തിരക്കിലാണു കേരളാ ജമാത്ത്കാർ.കാര്യം പറയാൻ കാണിച്ച ആർജവത്തെ അഭിനന്തിക്കുന്നു

ajith said...

മുബാരക് ആയിരുന്നു ഇതിലും ഭേദം

Jazeel said...

സൗദിയുടെ നിലപാടുകൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ലേഖനം.

ശ്രദ്ധേയന്‍ | shradheyan said...

മോരും മുതിരയും ഒന്നാക്കാന്‍ നോക്കി ദയനീയമായി പരാജയപ്പെട്ട ലേഖനം. മുന്‍വിധികള്‍ നല്ല ലേഖകരെ വരെ എങ്ങനെ വഴിതെറ്റിക്കും എന്ന് തിളിയിക്കുന്ന പോസ്റ്റ്‌.

Pradeep Kumar said...

വായിച്ചു.... വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണര്‍ത്തുന്ന ലേഖനം....

ശ്രദ്ധേയന്‍ | shradheyan said...

ഉര്‍ദുഗാന് പറയാനുള്ളത് :

പ്രവാചകനായ യൂസുഫ് നബിയെ പൊട്ടക്കിണറ്റിലെറിഞ്ഞ സഹോദരന്മാരുടെ അവസ്ഥയാണ് ഇസ്‌ലാമിക ലോകത്തിന്റേതെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഈജിപ്തിലെ സഹോദരി സഹോദരന്മാരോട് വഞ്ചനപുലര്‍ത്തുന്നവര്‍ക്ക് ദൈവം അര്‍ഹമായ പ്രതിഫലം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്തില്‍ അരങ്ങേറിയത് സൈനിക അട്ടിമറിയാണെന്നത് പകല്‍പോലെ വ്യക്തമാണ്. അട്ടിമറി ഭരണകൂടം നിഷ്‌കരുണം ജനങ്ങളെ കൊന്നൊടുക്കുകയും രക്തമൊഴുക്കുകയുമാണ് ചെയ്തത്. ഈജിപ്തിലെ അട്ടിമറിക്ക് മുമ്പില്‍ നാം നിശ്ശബ്ദത പാലിക്കുകയാണെങ്കില്‍ ഭാവിയില്‍ ഇതേ അനുഭവം നമുക്കുണ്ടാകുമ്പോള്‍ നമുക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരാളുമുണ്ടാവില്ല എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആഫ്രിക്കയിലെ മുസ്‌ലിംകളുടെ അവസ്ഥ പരിതാപകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ രക്തക്കൊതിയന്മാരായ ഈജിപ്തിലെ അട്ടിമറി ഭരണകൂടത്തിന് നല്‍കുന്നത് പോലെ അവര്‍ക്ക് സഹായം നല്‍കിയവരായി നമ്മിലാരുണ്ട് എന്നും അദ്ദേഹം ചോദിച്ചു.
ഈജിപ്തിലെ സൈനിക അട്ടിമറിക്ക് പിന്നില്‍ ഇസ്രയേലിന്റെ കരങ്ങളാണെന്നും തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. അട്ടിമറിക്ക് നേതൃത്വം കൊടുത്തത് ഇസ്രയേലാണെന്ന് തെളിയിക്കുന്നരേഖകള്‍ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇസ്രയേല്‍ അട്ടിമറി ആസൂത്രണം ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അദ്ദേഹം വെളിപ്പെടുത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ഇസ്രയേല്‍ നീതിന്യായ വകുപ്പ് മന്ത്രിയും മറ്റൊരു ജൂത ചിന്തകനും തമ്മില്‍ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് സംഭാഷണം നടത്തുന്നത് ഇതിനു തെളിവായി ഉര്‍ദുഗാന്‍ പരസ്യപ്പെടുത്തി. 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും അധികാരത്തില്‍ അധികനാള്‍ വാഴില്ല, ബാലറ്റ് പെട്ടിയില്‍ ഭൂരിപക്ഷം ലഭിച്ചതുകൊണ്ട് മാത്രം ജനാധിപത്യം സ്ഥാപിക്കപ്പെടില്ല' എന്നിങ്ങനെയായിരുന്നു ഇസ്രയേല്‍ മന്ത്രിയും ജൂത ചിന്തകനും തമ്മിലുള്ള സംഭാഷണം.
'ഈജിപ്ഷ്യന്‍ ജനത ബാലറ്റിലൂടെ അവരുടെ അഭിലാഷമാണ് പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ സൈനിക അട്ടിമറിയെ തുര്‍ക്കി ഒരിക്കലും അംഗീകരിക്കില്ല' ഉര്‍ദുഗാന്‍ വ്യക്തമാക്കി. തുര്‍ക്കിയിലേതു പോലെതന്നെ ഈജിപ്ഷ്യന്‍ ജനതയുടെയും പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Ismail N K said...

ഇതിൽ വായിക്കാൻ കഴിഞ്ഞത് ഒരു ആഴമില്ലാത്ത വായനയാണ്. കാരണം


ഉർദുഖാൻ തുർകിയിൽ ഭരണം വിജയിപ്പിക്കുന്നതിന്നു മുന്പ് അവിടെ നജ്ബുദ്ധീൻ അര്ബകാൻ എന്നാ ഉർദുധുഖാന്റെ തന്നെ നേതാവ് ജീവിച്ചു / പൊരുതി / പീഡനം സഹിച്ചു / മരിച്ചു പോയിട്ടുണ്ട്.


മുര്സിയെയും ഇഖവാനെയും താരതമ്യം ചെയ്യേണ്ടത് ഉർദുഖനൊദും അക പര്ടിയോടും അല്ല. മരിച്ചു അര്ബകനോടും വ്യെര്ച്ചു പര്ടിയോടും ആണ്.


ഞാൻ കരുതുന്നു വ്യെര്ച്ചു പറ്റി എന്താണ് എന്ന് പോലും അറിയാത്ത ഒരാളായിരിക്കണം ഈ കുറിപ്പ് എഴുതിയിട്ടുണ്ടാവുക

ബെഞ്ചാലി said...

മിഡീസ്റ്റിലെ ചലനങ്ങളെ വീക്ഷിക്കുന്ന ഏതൊരാൾക്കും അറിയാനാവുന്നതെ ഞാൻ പറഞ്ഞിട്ടുള്ളൂ. ചിലരുടെ നിലപാടുകൾക്കും താല്പര്യങ്ങൾക്കും എതിരായത് കൊണ്ടു മാത്രം അവർക്ക് അംഗീകരിക്കാനാവുന്നില്ല. എർബുകാന്റെ കാലമല്ല ഇന്ന്, മുമ്പ് സൌദി ബഷാറിനെ സുഹൃത്തായി കണ്ടിരുന്നെങ്കിൽ ഇന്ന് സൌഹൃദത്തിലല്ല. മാത്രമല്ല എർബുകാൻ തോറ്റിടത്ത് ഉർദുഗാൻ ജയിച്ചിരിക്കുന്നതിൽ മേഖലയിൽ അദ്ദേഹം പുലർത്തിപോന്ന രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്. ഉർദുഗാൻ ഇറാൻ അനുകൂല നിലപാടുകാരനായിരുന്നു എങ്കിൽ ഇന്നത്തെ അവസ്ഥയിലേക്ക് എത്താൻ ഒരിക്കലും സാധിക്കുമായിരുന്നില്ല. തുർക്കി നാറ്റോ മെമ്പറാണ്, ഏത് ഇസ്ലാമിസ്റ്റിന് ഉൾകൊള്ളാനാവും അത്? രാഷ്ട്രീയ നിലപാടുകളെ കുറിച്ചു മനസ്സിലാക്കാത്തും ലോക രാഷ്ട്രീയ നിലപാടുകളിൽ ആഴമില്ലാത്ത വായനയും ആർക്കാണെന്ന് തിമിരം ബാധിക്കാത്തവർ നിശ്ചയിക്കട്ടെ.

jasyfriend said...

ഹഹഹ.. ഗീബലസ് വരെ തോറ്റ് പോവും....

Reaz said...

ഒറ്റവാക്കില്‍ കണ്ണടച് ഇരുട്ടാക്കുന്ന യൂസുഫ് സാഹിബിന്റെ മറ്റൊരു ലേഖനം.

1. ഉര്‍ദുകാന്റെ വാക്കുകള്‍ മൂടിവെച്ചാല്‍ മാത്രമേ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ.

2. ഇറാനില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപെട്ട ഒരു ഭരണസംവിധാനമാണ് നിലവിലുള്ളത്. ശിയാക്കള്‍ ആണെങ്കിലും മുസ്ലീങ്ങള്‍ എന്ന് തന്നെ ഇസ്ലാമിക ലോകം അംഗീകരിക്കുന്നു. അതിനപ്പുറം ഒരു NAM (ചേരി- ചേരാ ) രാഷ്ട്രം കൂടിയാണ് ഇറാന്‍.

3. 2012 ലെ ചേരി ചേരാ ഉച്ചകോടി നടന്നത് ടെഹ്രാനില്‍ ആയിരുന്നു. ഇന്ത്യയെപ്പോലെ തന്നെ NAM ന്‍റെ സ്ഥാപകാഗമായ മുര്സിയുടെ ഈജ്യ്പ്ത് പ്രസ്തുത ഉച്ചകോടിക്ക് മുന്തിയ പരിഗണ നല്‍കി. ആ ഉച്ചകോടിയില്‍ ഏറെ ശ്രദ്ധീക്കപെട്ടതും മുര്സിതന്നെയായിരുന്നു.

4. ഇറാന്‍റെ രാഷ്ട്രീയ നയങ്ങളെ (പ്രത്യാകിച് സിറിയയോടുള്ള നയം) ശക്തമായി എതിര്‍ക്കുകയാണ് പ്രസ്തുത വേദിയില്‍ മുര്‍സി ചെയ്തത്.

5. ഉര്‍ദുകാന്റെ തുര്‍ക്കിക്ക് ഇറാനുമായുള്ള ബന്ധം പരിഗണിച്ചാല്‍, ചേരി - ചേര ബന്ധത്തിനപ്പുറം എടുത്തുപറയത്തക്ക മറ്റെന്ത് ബന്ധമാണ് മുര്സിക്ക് ഇറാനുമായി ഉള്ളത്?

6. മറ്റൊരു ശിയാ ഗവര്‍മ്നെറ്റ്‌ ഭരിക്കുന്ന - ഇറാന്‍ പിന്തുണയ്ക്കുന്ന സിറിയന്‍ സര്‍ക്കാറിന്റെ നയത്തില്‍ പ്രധിഷേധിച്ച് നയതന്ത്ര ബന്ധം അവസാനിപ്പിച്ച രാജ്യമാണ് മുര്‍സിയുടെ ഈജിപ്ത്. ഇത്രയും ശക്തമായ നിലപാട് സ്വീകരിക്കാന്‍ സൌദിക്ക് പോലും കഴിഞ്ഞിട്ടില്ല.

7. അറബ് ലോകത്ത് ജനാധിപത്യപരമായ മാറ്റത്തെ അംഗീകരിക്കാന്‍ സൗദി പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഭയപ്പെടുന്നു എന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

8. കുരുടന്‍ ആനയെ കണ്ടത്പോലെ ഇങ്ങിനെ ഉരുണ്ടുകളിക്കേണ്ട കാര്യമില്ല.

ബെഞ്ചാലി said...

1. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കണ്ണടച് ഇരുട്ടാക്കുന്ന യൂസുഫ് സാഹിബിന്റെ മറ്റൊരു ലേഖനം.

>>വായിച്ച് ഇരുട്ട് കേരിയത് ആർക്കാണെന്ന് താങ്കൾ തന്നെ തുടർന്നു പറയുന്നുണ്ട്…

2. ഉര്ദുഭകാന്റെ വാക്കുകള്‍ മൂടിവെച്ചാല്‍ മാത്രമേ ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്ക്ക്് നിലനില്പ്പുദള്ളൂ.

>> ഉർദുഗാൻ ആരാണെന്നും എന്താണെന്നും ശരിക്കും അറിയാവുന്നതാണ്, പറഞ്ഞത് ഉർദുഗാൻ ഈജിപ്ത് വിഷയത്തിൽ എന്തു പറഞ്ഞു എന്നല്ല, ഉർദുഗാന്റെയും മുർസിയുടെയും നിലപാടുകളാണ്, മഞ്ഞകണ്ണടവെക്കാതെ വായിക്കുന്നവർക്ക് അക്കാര്യം മനസ്സിലാക്കാവുന്നതുമാണ്. ഉർദുഗാൻ ഉറാനോടും സൌദിയോടും എന്ത് നിലപാടാണ് എടുക്കുന്നത് എന്ന് അറിയില്ലെങ്കിൽ അത് പഠിക്കുക.

3. ഇറാനില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപെട്ട ഒരു ഭരണസംവിധാനമാണ് നിലവിലുള്ളത്. ശിയാക്കള്‍ ആണെങ്കിലും മുസ്ലീങ്ങള്‍ എന്ന് തന്നെ ഇസ്ലാമിക ലോകം അംഗീകരിക്കുന്നു. അതിനപ്പുറം ഒരു NAM (ചേരി-ചേരാ) രാഷ്ട്രം കൂടിയാണ് ഇറാന്‍.

>> ഇറാനിൽ ജനാധിപത്യമില്ല എന്ന് എനിക്ക് വാദമുണ്ടോ? ശിയാ വിഭാഗമാണ്, മുസ്ലിംങ്ങൾ എന്നുതന്നെയാണ് അറിയപെടുന്നതും, എന്നാൽ ഇറാന് മേഖലയിൽ മത രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്നർത്ഥം അതിനില്ല.

4. 2012 ലെ ചേരി ചേരാ ഉച്ചകോടി നടന്നത് ടെഹ്രാനില്‍ ആയിരുന്നു. ഇന്ത്യയെപ്പോലെ തന്നെ NAM ന്റെ സ്ഥാപകാഗമായ മുര്സിയുടെ ഈജ്യ്പ്ത് പ്രസ്തുത ഉച്ചകോടിക്ക് മുന്തിയ പരിഗണ നല്കി

>> മുർസിയുടെ മുന്തിയപരിഗണന ഉച്ചകോടിയിൽ മാത്രം ഒതുങ്ങിയില്ല. അതുകൊണ്ട് തന്നെയാണ് ഗൾഫ് രാജ്യങ്ങൾ മുർസിയെ പരിഗണിക്കാഞ്ഞതും.

5. ആ ഉച്ചകോടിയില്‍ ഏറെ ശ്രദ്ധീക്കപെട്ടതും മുര്സിതന്നെയായിരുന്നു.



6. ഇറാന്റെം രാഷ്ട്രീയ നയങ്ങളെ (പ്രത്യാകിച് സിറിയയോടുള്ള നയം) ശക്തമായി എതിര്ക്കു കയാണ് പ്രസ്തുത വേദിയില്‍ മുര്സി് ചെയ്തത്.

>>സിറിയയുടെ നയങ്ങളെ മുർസി എതിർത്തൊ ഇല്ലെ എന്നത് മിഡ്ലീസ്റ്റ് മേഖലയിൽ മുർസിയുടെ രാഷ്ട്രീയ നയങ്ങളാണ് വിഷയം.

7. ഉര്ദു്കാന്റെ തുര്ക്കി ക്ക് ഇറാനുമായുള്ള ബന്ധം പരിഗണിച്ചാല്‍, ചേരി - ചേര ബന്ധത്തിനപ്പുറം എടുത്തുപറയത്തക്ക മറ്റെന്ത് ബന്ധമാണ് മുര്സിക്ക് ഇറാനുമായി ഉള്ളത്?

>> ഉർദുഗാൻ എന്ത് ബന്ധമാണ് ഇറാൻ പക്ഷത്തോട്? ഏത് രീതിയിലാണ് സൌദി പക്ഷത്തോട്?

8. മറ്റൊരു ശിയാ ഗവര്മ്നെ റ്റ്‌ ഭരിക്കുന്ന - ഇറാന്‍ പിന്തുണയ്ക്കുന്ന സിറിയന്‍ സര്ക്കാിറിന്റെ നയത്തില്‍ പ്രധിഷേധിച്ച് നയതന്ത്ര ബന്ധം അവസാനിപ്പിച്ച രാജ്യമാണ് മുര്സിായുടെ ഈജിപ്ത്. ഇത്രയും ശക്തമായ നിലപാട് സ്വീകരിക്കാന്‍ സൌദിക്ക് പോലും കഴിഞ്ഞിട്ടില്ല.

>> സിറിയയുമായി ബന്ധം അവസാനിപ്പിച്ചത് കൊണ്ട് ഗൾഫ് രാജ്യങ്ങൾക്കനുകൂലമായ നിലപാടാകുന്നില്ല. ഞാൻ വ്യക്താമായി പറഞ്ഞു, രണ്ട് ചേരികളിൽ ഏത് ഭാഗത്ത് നിൽക്കുന്നു അതിനനുസരിച്ച സപേർട്ട് ഇതര രാജ്യങ്ങളിൽ നിന്നും ലഭിക്കും. അതിന് അവരുടെ നയ നിലപാടുകളാണ് പ്രധാനം. അങ്ങിനെയൊരൂ സപോർട്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നും മുർസിക്ക് ലഭിച്ചില്ല, അത് മുർസിക്ക് നഷ്ടമാണ് വരുത്തിയത്.

9. അറബ് ലോകത്ത് ജനാധിപത്യപരമായ മാറ്റത്തെ അംഗീകരിക്കാന്‍ സൗദി പോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഭയപ്പെടുന്നു എന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

>> ഈജിപ്ത് വിഷയത്തിൽ സൌദിയിലേ ജനാധിപത്യമൊ മറ്റൊ അല്ല പറയാനുള്ളത്, മേഖലയിൽ മുർസിക്ക് എന്ത് പിന്തുണ ലഭിച്ചു എന്നും അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നുമാണ്.

10. കുരുടന്‍ ആനയെ കണ്ടത്പോലെ ഇങ്ങിനെ ഉരുണ്ടുകളിക്കേണ്ട കാര്യമില്ല.

>> കുരുടൻ ആനയെ കണ്ടത് പോലെയായി നിങ്ങൾ എന്റെ ലേഖനത്തെ കണ്ടത്.

ബെഞ്ചാലി said...

Jasyfriend said...
ഹഹഹ.. ഗീബലസ് വരെ തോറ്റ് പോവും....
<<

തെളിവുകളുമായി സംവദിക്കുക. അല്ലാതെ വിഷയം ഇസ്ലാമിസ്റ്റുകൾക്ക് എതിരായത് കൊണ്ടുമാത്രം എന്തെങ്കിലും ഇല്ലാത്തത് പറഞ്ഞുപോകുന്നത് ശരിയല്ല.

Abdhul Vahab said...

ഇസ്‌ലാമിൽ ശിയാകളുടേ ആവിർഭാവം അബ്ദുള്ളാഹിബ്നു സബഅ് എന്ന ജൂതനിൽ നിന്നായിരുന്നു, ഇസ്‌ലാമിലെ മൂന്നാം ഖലീഫയായിരുന്ന ഉസ്മനുബ്‌നു അ‌ഫ്വാൻ (റ)യുടേ ഘാതകർ അന്നുമുതൽ ഇന്നുവരേ സയണീസ്റ്റ് ജൂത തന്ത്രങൾ പയറ്റി ഫലിപ്പിക്കുന്നതിൽ അവർ വിജയം കണ്ടൂ. പാകിസ്ഥാനിൽ പള്ളികൾക്കുമുകളിൽ ബോംബിട്ടും സിറിയ, ബഹ്റൈൻ, ലബനൻ എന്നീ രാജ്യങളിൽ ആഭ്യന്തര കലാപം സ്യഷ്ടിച്ചും ഈ ശിയാ ജൂത ലോബികളുടേ ലക്ഷ്യം വിശദമാക്കുന്ന ഡോ പി ജെ വിൻസെന്റിന്റ് വിജ്ഞാനപ്രദമായ വീഡിയോ കണ്ട് നോക്കൂ... കാര്യങൾക്ക് കൂടുതൽ ക്യത്യത കാണാൻ കഴിയും....

ഫലസ്തീന്‍: അറിയേണ്ട ചരിത്രം - Dr. PJ Vincent
http://www.youtube.com/watch?v=Vq0jF_leyH4

vallithodika said...

എന്ത്‌കൊണ്ട് അറബ് രാഷ്ട്രങ്ങളും ശൈഖന്മാരും

എതിര് നില്‍ക്കുന്നു?

ശഹീദ് ഹസനുല്‍ ബന്ന വിവരിക്കുന്നു :'ഇസ്‌ലാമിന്റെ

യാഥാര്‍ഥ്യത്തെ കുറിച്ച ജനങ്ങളുടെ അജ്ഞത നിങ്ങളുടെ

മാര്‍ഗത്തില്‍

വിലങ്ങുതടിയായി നില്‍ക്കും. രാഷ്ട്രത്തലവന്മാരും സമുദായ

നേതാക്കളും അധികാരസ്ഥരും ഉന്നതസ്ഥാനീയരും നിങ്ങളുടെ നേരെ

പല്ലിറുമ്മും. ഭരണകൂടങ്ങള്‍ ഏകസ്വരത്തില്‍ നിങ്ങള്‍ക്കെതിരെ

കലിതുള്ളും. ഓരോ ഭരണകൂടവും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

നിരോധിക്കും. നിങ്ങളുടെ മാര്‍ഗത്തില്‍ മുള്ളുകള്‍ വിതറും;

വിലങ്ങുകള്‍ വലിച്ചിടും.

എല്ലാവരും കൂടിച്ചേര്‍ന്ന് നിങ്ങള്‍ക്കുചുറ്റും ഊഹാപോഹങ്ങളുടെ

പൊടിപടലങ്ങളുയര്‍ത്തും. കുറ്റാരോപണങ്ങളുടെ ധൂമിക

സൃഷ്ടിക്കും. ശക്തി, സ്വാധീനം, രാഷ്ട്രം, അധികാരം തുടങ്ങി

എല്ലാമുപയോഗിച്ച് നിങ്ങളുടെ പ്രസ്ഥാനത്തെ

വികൃതമാക്കിക്കാണിക്കാനും ഭീകര സംഘടനയായി

ചിത്രീകരിക്കാനും അവരൊത്തു ശ്രമിക്കും. അപ്പോഴാണ് നിങ്ങള്‍

മര്‍ദനത്തിന്റെയും പരീക്ഷണത്തിന്റെയും ഘട്ടത്തില്‍

പ്രവേശിക്കുക. നിങ്ങള്‍ കല്‍ത്തുറുങ്കിലടക്കപ്പെടും ; നാട്ടില്‍ നിന്നും

പുറത്താക്കപ്പെടും. നിങ്ങളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയും

സ്വത്തുക്കള്‍ കണ്ടുകെട്ടുകയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും

ചെയ്യും. ആ പരീക്ഷണ ഘട്ടം കുറേ നീണ്ടുനിന്നെന്നുവരാം. പക്ഷെ

അന്ത്യവിജയം സത്യത്തിന്ന്, അല്ലാഹുവിന്റെ പാര്‍ട്ടിക്ക് മാത്രം,

നിശ്ചയം. പരീക്ഷണപരമ്പരകളുടെ നടുവില്‍ ഒരുകാര്യം നാം

വിസ്മരിക്കരുത്. ഭൂമുഖത്തെ ഏറ്റവും മഹത്തായ

പ്രസ്ഥാനത്തിലേക്കാണ് നാം ക്ഷണിക്കുന്നത്. ഇസ്‌ലാമിന്റെ

ദൗത്യമാണ് നാം ഉയര്‍ത്തിപ്പിടിക്കുന്നത്. ലോകം അതിന് വേണ്ടി

ദാഹിക്കുന്നു. നമ്മുടെ ദൗത്യത്തിന്റെ ശക്തിയും ലക്ഷ്യത്തിന്റെ

മഹത്വവും ദിവ്യസഹായത്തെ കുറിച്ച പ്രതീക്ഷയും നമുക്ക്

വിജയവാഗ്ദാനങ്ങളാണ്.

vallithodika said...
This comment has been removed by the author.
vallithodika said...
This comment has been removed by the author.
vallithodika said...

അല്ലാഹു പരിശുദ്ധ ഖുർആനിൽ ലോകാവസാനം വരെ ഈ ആയത്തുകൾ സംരക്ഷിക്കുന്നത് വെറുതെയല്ല


أَجَعَلْتُمْ سِقَايَةَ الْحَاجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَجَاهَدَ فِي سَبِيلِ اللَّـهِ ۚ لَا يَسْتَوُونَ عِندَ اللَّـهِ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿١٩﴾

തീര്ഥാചടകന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നതിനെയും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതിനെയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ദൈവമാര്ഗ്ത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്ത്തകനങ്ങളെപ്പോലെയാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ അടുക്കല്‍ അവ രണ്ടും ഒരേപോലെയല്ല. അല്ലാഹു അക്രമികളായ ജനത്തെ നേര്വകഴിയിലാക്കുകയില്ല. (19)

vallithodika said...
This comment has been removed by the author.
ബെഞ്ചാലി said...

>> vallithodika said... അല്ലാഹു പരിശുദ്ധ ഖുർആനിൽ ലോകാവസാനം വരെ ഈ ആയത്തുകൾ സംരക്ഷിക്കുന്നത് വെറുതെയല്ല <<

ഖുർ‌ആനിലുള്ള ആ ആയത്തുകൾ മാത്രമല്ല, ഖുർ‌ആൻ മൊത്തത്തിൽ, എല്ലാ ആയത്തുകളും സംരക്ഷിക്കും എന്നല്ലെ ശരി!

vallithodika said...

കാഫിറുകളും മുനാഫിക്കുകളും കൈകൊർക്കട്ടെ ശുഹദാക്കൾ ചിരിക്കട്ടെ

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّـهُ وَنِعْمَ الْوَكِيلُ ﴿١٧٣﴾
"നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം” എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്.” (173)

ബെഞ്ചാലി said...

വായന ചിലരിൽ നല്ല സമ്മർദ്ദമുണ്ടാക്കുന്നുണ്ട്! :) പ്ലീസ് കൂൾ ഡൌൺ..

vallithodika said...
This comment has been removed by the author.
vallithodika said...
This comment has been removed by the author.
ബെഞ്ചാലി said...

ഇതിൽ പരാമർശിക്കാതെ പോയത് അന്നൂർ ഇഖ്‌വാനുമായി തെറ്റിയത് ഇഖ്‌വാന്റെ കളികൾ കാരണമാണ്. ഭരണം കൈയ്യിൽ കിട്ടിയപ്പോ ഹുസ്നിയുടെ ടീമിനെ ബുദ്ധിപൂർവ്വം നേരിടാനല്ല ശ്രമിച്ചത്. കുതന്ത്രക്കാരുടെ ഏമാന്മാരായ ഹിസ്ബുള്ളയുമായി അടുക്കാനും മേഖലയിൽ നില നിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിക്കാനുമാണ് ശ്രമിച്ചത്. ഇറാന്റെ നമ്പർ വൺ മീഡിയ ആയ പ്രസ് ടീവിയിൽ ഹിസ്‌ബുല്ലയുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് റിപോർട്ട് വന്നു, അതിന് ശേഷം കാണുന്നത് ഇറാൻ സന്ദർശിക്കുന്നതും സൌഹൃദം പുലർത്തുന്നതുമെല്ലാമാണ്. ഇങ്ങിനെയുള്ളവരെ ഏത് ജി.സി.സി രാജ്യം സഹായിക്കും? സാഹചര്യങ്ങൾ അനുകൂലമാകുന്നതിന് മുമ്പാണ് ഇത്തരം കാര്യങ്ങൾ മുർസിയും കൂട്ടരം ചെയ്തത്. അവിടെയാണ് ഉർദുഗാനും മുർസിയും വേറിട്ട് നിൽക്കുന്നത്.

Reaz said...

എപ്പോഴാണ് പ്രസ്‌ ടി.വി വാര്‍ത്ത വന്നത് ?

മുര്‍സി എന്നാണ് ഇറാന്‍ സന്ദര്‍ശിച്ചത് ? എന്തിനുവേണ്ടി ?

Basheer Vallikkunnu said...

Well written post with brilliant interpretations.

ഈജിപ്തിന് കൊടുത്തത് പോലെ അല്പം ഐക്യദാര്‍ഢ്യവും പിന്തുണയും സിറിയയിലും ആവശ്യമുണ്ട്. രാസായുധങ്ങൾ പ്രയോഗിച്ചാണ് അസദ് ഭരണകൂടം സ്വാതന്ത്ര്യപ്പോരാളികളെ കൊന്നൊടുക്കുന്നത് എന്നാണ് ഇന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറിയയെ പിന്തുണക്കുന്നത് ഇറാനാണ് എന്നത് കൊണ്ടും ഇറാൻ 'നമ്മുടെ വിപ്ലവ രാജ്യ'മാണ് എന്നത് കൊണ്ടും ഐക്യദാര്‍ഢ്യത്തിന് കുറവ് ഉണ്ടാകാൻ പാടില്ലല്ലോ.

ബെഞ്ചാലി said...

ലബനാൺ വിസിറ്റിന് ശേഷം തന്നെയാണ് ഇറാൻ വിസിറ്റ് നടന്നത്. മാധ്യമം മാത്രം വായിച്ചാൽ പോര.. മാത്രമല്ല ഹിസ്‌ബുല്ലയോട് ബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.

http://www.yalibnan.com/2012/12/30/egypt-warms-up-to-a-hezbollah-with-lebanese-agenda-only/

കൂടാതെ ഇറാന്റെ ശക്തമായ മീഡിയ ആയ പ്രസ് ടീവി റിപോർട്ടും കാണുക http://www.presstv.com/detail/2013/04/21/299437/egypt-ties-with-iran-harm-no-other-state/

ബെഞ്ചാലി said...

ഇഖ്‌വാൻ അധികാരത്തിലെത്തിയതിനു ശേഷം ലബനാൻ സന്ദർശിച്ചപ്പോൾ ഹിസ്‌ബുല്ലയുമായി കൂടികാഴ്ച്ച നടത്തുകയും അവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്തതായി ഇറാൻ മീഡിയ വ്യക്തമാക്കിയതാണ്.

ബെഞ്ചാലി said...

Basheer Vallikkunnu, സിറിയയിൽ നടത്തിയ കൂട്ടകൊലയെ കുറിച്ച് പോസ്റ്റിട്ടപ്പോൾ അതിനെ നിസാരവൽകരിച്ചവരാണ് ജമാ‌അത്തുകാർ.. സിറിയയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ആയുധമുണ്ടെന്നു പറഞ്ഞു നിസാര വൽകരിക്കാനും ഈജിപ്തിൽ ഇഖ്‌വാന്റെ കൈയ്യിൽ ആയുധമില്ല എന്നു പറഞ്ഞ് ഇഖ്‌വാനു വേണ്ടി കരയാനും തയ്യാറാണ്.

Reaz said...

ലിങ്ക് നൽകിയത് പ്രസ് ടീവിയുടേതാ.. എന്റെ വാക്ക് തനിക്ക് വിശ്വസനീയമല്ല. ഇറാന്റെ ഒന്നാം കിട മാധ്യമമാണ് പ്രസ്. അതിൽ ഡേറ്റില്ലെ? വായിച്ചു നോക്കൂ...>>>

അതേ നമുക്ക് നോക്കാം ... ഓരോ ഊഹാപോഹങ്ങളും, ഉടായിപ്പുകളും നമുക്ക് പോസ്റ്റ്‌ മോര്‍ട്ടം നടത്താം..

ബ്ര. യൂസുഫ് പറയുന്നു:

ഇറാന്റെ നമ്പർ വൺ മീഡിയ ആയ പ്രസ് ടീവിയിൽ ഹിസ്‌ബുല്ലയുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് റിപോർട്ട് വന്നു, അതിന് ശേഷം കാണുന്നത് ഇറാൻ സന്ദർശിക്കുന്നതും സൌഹൃദം പുലർത്തുന്നതുമെല്ലാമാണ്. ഇങ്ങിനെയുള്ളവരെ ഏത് ജി.സി.സി രാജ്യം സഹായിക്കും?
****
എന്റെ ചോദ്യം 1. എപ്പോഴാണ് പ്രസ്‌ ടി.വി വാര്‍ത്ത വന്നത് ?
=ബ്ര: യൂസഫ് ഇവിടെ രണ്ടു പ്രസ്‌ ടി.വി ലിങ്കുകള്‍ നല്‍കി. ഹിസ്‌ബുല്ലയുമായുള്ള വിഷയം വരുന്നത് Sat Dec 29, 2012 9:0AM GMT പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ്. അതായത് ഡിസംബര്‍ 29 - 2012.
മറ്റേ ലിങ്ക് Sun Apr 21, 2013 8:57AM GMT, അത് കൂടുതല്‍ പുതിയത് ആയതിനാലും, ഹിസ്ബുള്ളയ്യേ പരാമര്ശിക്കാത്തതിനാലും ഇവിടെ വിഷയമല്ല.

ഇനി അടുത്ത ചോദ്യം പരിഗണിക്കാം :

എന്റെ ചോദ്യം 2. മുര്‍സി എന്നാണ് ഇറാന്‍ സന്ദര്‍ശിച്ചത് ? എന്തിനുവേണ്ടി ?
= മൂര്‍സി ഇറാന്‍ സന്ദര്‍ശിച്ചത് 2012 ഓഗസ്റ്റ്‌ അവസാനത്തിലാണ്. ചേരി-ചേരാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി.

ഇനി യൂസുഫ് പറയുന്നത് ഒന്ന് കൂടി വായിക്കുക.

ഇറാന്റെ നമ്പർ വൺ മീഡിയ ആയ പ്രസ് ടീവിയിൽ ഹിസ്‌ബുല്ലയുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് റിപോർട്ട് വന്നു, അതിന് ശേഷം കാണുന്നത് ഇറാൻ സന്ദർശിക്കുന്നതും സൌഹൃദം പുലർത്തുന്നതുമെല്ലാമാണ്. ഇങ്ങിനെയുള്ളവരെ ഏത് ജി.സി.സി രാജ്യം സഹായിക്കും?

യൂസുഫ് പറയുന്നത് കളവാണ് എന്ന് ഏതു നേഴ്സറി കുട്ടിക്കും എളുപ്പം മനസിലാക്കാം. ഉറക്കം നടിക്കുന്നവരെ അതായത് യൂസഫ്‌ തന്നെ പറഞ്ഞ പോലെ ..... ന്റെ വാല്‍ നിവര്‍ത്താന്‍ കഴിയില്ല.

ഒരു പ്രസ്ഥാനത്തോടുള്ള വിദ്വാശം താങ്കളെ വല്ലാതെ അന്ധനാക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ.

Reaz said...

ഇഖ്‌വാൻ അധികാരത്തിലെത്തിയതിനു ശേഷം ലബനാൻ സന്ദർശിച്ചപ്പോൾ ഹിസ്‌ബുല്ലയുമായി കൂടികാഴ്ച്ച നടത്തുകയും അവരുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്തതായി ഇറാൻ മീഡിയ വ്യക്തമാക്കിയതാണ്.

=ആര് ഹിസ്ബുള്ളയുമായി കൂടി ക്കാഴ്ച നടത്തി ?

Muralee Mukundan , ബിലാത്തിപട്ടണം said...

വിപ്ലവ ചിന്തകൾകൊണ്ട് അലമുറയിട്ട് ആർത്തിരമ്പാനും മുഷ്ടിയുരുട്ടി ചുറ്റി ആകാശത്തെ ഇടിച്ചുവീഴ്ത്താനുമൊക്കെ ശ്രമിക്കാം, ജനങ്ങളുടെ അരചാൺ വയറിനത് പോര. പട്ടിണി നിഷേധിയാക്കുമെന്ന് പ്രാമാണിക വാക്ക് പുലർന്നതാണ് ഈജിപ്തിൽ നാം കണ്ടത്.

A said...

ലേഖനത്തില്‍ പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു. പലതിനോടും വിയോജിക്കുന്നു. ഇഖ്`വാന്‍ കാണിച്ചത് പലതും മണ്ടത്തരമായിരുന്നു എന്നതിനോട് യോജിക്കുന്നു. സൗദി അനുകൂലമായത് കൊണ്ട് ഈജിപ്തിലെ സലഫികളുടെ രാഷ്ട്രീയത്തെ സപ്പോര്‍ട്ട് ചെയ്യുന്ന ലേഖകന്‍ ഇറാനോട് അടുത്തതാണ് ഇഖ്`വാനെ പ്രതികൂലിക്കാന്‍ കാരണം കാണിക്കുന്നത്. സത്യത്തില്‍ രണ്ടും മതരാഷ്ട്രീയമാണ്. ഒരു നിലക്കും ഒന്ന് ഒന്നിനേക്കാള്‍ നന്നാവുന്നില്ല. നാടിനാവശ്യം ഇത് രണ്ടുമല്ലാത്ത ബഹുസ്വര രാഷ്ട്രീയമാണ്. ഇറാക്കിലെ ഭൂരിപക്ഷമായ ശിയാക്കള്‍ക്ക് ഭരണം കിട്ടിയതിനോട് പ്രതികൂലമായി എഴുതുന്നത്‌ എന്തിന് എന്നതും പിടി കിട്ടുന്നില്ല. സിറിയയില്‍ ഭൂരിപക്ഷമായ സുന്നികള്‍ക്ക് രാഷ്ട്രീയവിജയം കിട്ടിയാല്‍ നല്ലതെങ്കില്‍ ഇറാക്കില്‍ അവിടത്തെ ഭൂരിപക്ഷത്തിന് അത് കൈവരുന്നത് നീതിയുടെ സ്വാഭാവിക വിജയമല്ലേ?

ബെഞ്ചാലി said...

Salam sab, ഞാൻ മനസ്സിലാക്കിയത് എഴുതി. പക്ഷം ചേരുകയല്ല, മിഡീസ്റ്റിലെ രണ്ട് വ്യത്യസ്ത ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്രങ്ങൾ തമ്മിലുള്ള അധികാര രാഷ്ട്രീയ ഇടപെടലുകളാണ് ചില ഭാഗങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇറാഖിൽ ഭൂരിപക്ഷത്തിനാണ് ഭരണം കിട്ടിയത് എന്നെനിക്ക് വിശ്വാസമില്ല. അവിടെയൊക്കെ തിരഞ്ഞെടുപ്പ് വിജയം നിയന്ത്രണാധികാരം ഉള്ളവർക്ക് അനുസരിച്ചാവുന്നു, അഫ്‌ഗാനിൽ കർസായി വരുന്നതും ഈജിപ്തിൽ ഇതുവരെ ഹുസ്നി മുബാറക് വന്നതും ഏത് രീതിയിലാണൊ, അതേ രീതിയിൽ തന്നെ ഇറാഖിലും അധികാരത്തിലെത്തിയത് എന്നാണെനിക്ക് തോന്നുന്നത്. വിഭാഗീയതയുടെ കണക്കെടുപ്പ് ലോകത്ത് എവിടെയാണ് നടന്നിട്ടുള്ളത്? ആരാണ് നടത്തിയിട്ടുള്ളത്? ഇറാഖിൽ സദ്ദാം ഒരിക്കലും സുന്നി, ശിയ എന്ന നിലയിലുള്ള കണക്കെടുപ്പ് നടത്തിയിട്ടില്ല, സോഷ്യലിസ്റ്റ് പാർട്ടിയായ ബാത്ത്പാർട്ടിയിൽ നിന്നും അങ്ങിനെയൊരൂ കണക്കെടുപ്പ് പ്രതീക്ഷിക്കാനും വയ്യ, മാത്രമല്ല, സുന്നി പക്ഷക്കാരനായ സദ്ദാം ഒരിക്കലും അനാവശ്യമായ ഒരു കണക്കെടുഒപ്പിലൂടെ എതിർ വിഭാഗത്തിൽ പെട്ട ശിയാകൾക്ക് ഭൂരിപക്ഷം ഉണ്ടാക്കാനും ശ്രമിക്കില്ല. വിഭാഗീയതയുടെ കണക്ക് പല ഭാഗത്തു നിന്നും അവതരിപ്പിക്കുന്നു എന്നല്ലാതെ എന്ത് അടിസ്ഥാനമാണുള്ളത്? ആ കണക്ക് പറച്ചിലുകളൊക്കെ രാഷ്ട്രീയ മുതലെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് അവതരിപ്പിക്കുന്നതാവണം എന്നാണെനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് കഷായ കണക്കെന്ന് പറഞ്ഞത്.., അത് പക്ഷം ചേരുകയല്ല. ഇസ്ലാമിസ്റ്റുകളുടെ ഇരട്ടത്താപ്പ്‌ നയവും മുർസിയുടെയും ഉർ‌ദുഗാന്റെയും നിലപാടുകളിലുള്ള വ്യത്യാസവും എഴുതി എന്നു മാത്രം.

ബെഞ്ചാലി said...

Reaz, 'സുഖം' തന്നെയല്ലെ? :p

prachaarakan said...

ബ്രദർഹുഡിന്റെ തീവ്രവാദത്തെ കുറിച്ചെഴുതിയാൽ നമ്മുടെ നാട്ടിലെ അവരുടെ ആശയഗതികൾ പങ്കുടുന്ന ജമാ‌അത്തുകാർക്ക് രസിക്കില്ല. പക്ഷെ സത്യം മൂടിവെക്കാനാവില്ല. ലേഖനത്തിൽ പറയുന്ന ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും കുറെയൊക്കെ നീതിപുലർത്തിയിരിക്കുന്ന വിവർശനം

ഫൈസല്‍ ബാബു said...

ശ്രദ്ധിക്കപ്പെടെണ്ട ലേഖനം,

Related Posts Plugin for WordPress, Blogger...