Nov 26, 2013

ത്രീഡി പ്രിന്റിങ്ങിൽ സോളിഡ് കൺ‌സപ്റ്റ്



ഫാക്സിമെയിൽ വഴി സ്കാൻ ചെയ്തു സന്ദേശം അയക്കുന്നത് പോലെ ഭാവിയിൽ വസ്തുക്കളെയും അയക്കാനാവുന്നതാണെന്ന് വർഷങ്ങൾക്ക് മുമ്പ് ബിബിസി സയൻസിൽ വായിച്ചതോർക്കുന്നു. ഒരു പ്രൊഡക്റ്റിനെ സ്കാൻ ചെയ്തു അതിന്റെ നിർമ്മിതിയെങ്ങിനെയാണെന്ന് കണ്ടെത്തുക പ്രയാസമായിരിക്കില്ല, പ്രത്യേകിച്ച് പ്രോഡക്റ്റിൽ ഐഡന്റിഫികേഷൻ കോഡുകളുണ്ടെങ്കിൽ അതിന്റെ ഡിസ്ക്രിപ്ഷൻസ് കണ്ടെത്തുക പ്രയാസകരമാവില്ല, ഇനി കണ്ടെത്താനായില്ലെങ്കിൽ തന്നെ മൂലഘടകങ്ങൾ ഏതൊക്കെ എന്നു മനസ്സിലാക്കി കൃത്യമായ അളവിൽ സ്കാൻ ചെയ്തെടുക്കുകയാണെങ്കിൽ അതുപോലെ നിർമ്മിച്ചെടുക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നത്. ഏതൊരൂ ഉല്പന്നവും അതിന്റെ മൂല ഘടകങ്ങളിൽ ത്രീഡയമെൻഷനിൽ പ്രിന്റ് ചെയ്യാനായാൽ തീർച്ചയായും അതിന്റെ ഒറിജിനൽ പതിപ്പ് തന്നെ ഉണ്ടാക്കുക എളുപ്പമായിരിക്കുമല്ലൊഅത് സാധ്യമാണെന്നാണ് ടെക്സാസിലെ ഒരു എഞ്ചിനീറിങ് കമ്പനി ഡെവലപ് ചെയ്ത ത്രീഡി പ്രിന്റർ കാണിച്ചു തരുന്നത്.

ഏറെ പുതുമ നിറഞ്ഞത് തന്നെയാണ് Solid Concepts ന്റെ കണ്ടെത്തൽ. അവരുടെ പ്രയത്നം ലക്ഷ്യത്തിലെത്തിയത് വരും കാലങ്ങളിൽ ലോകത്ത് ഏറെ മാറ്റങ്ങളുണ്ടാക്കും.  അത്യാവശ്യം പ്രാപ്തിയും കനവുമുള്ള ലോഹ നിർമ്മിത കൈതോക്ക് പ്രിന്റ് ചെയ്തെടുത്തത് @Solidconcepts വെബ് പബ്ലിഷ് ചെയ്ത റിപോർട്ടിൽ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് സോളിഡായ ഒരാശയം തന്നെയാണ്. കാഡ് ഫയിലിൽ നിന്നും DMLS (Direct metal laser sintering) ത്രിഡി പ്രിന്റിങ് ടെക്നോളജിയിൽ പ്രിന്റ് ചെയ്തെടുത്തത് ലോഹനിർമ്മിത മൂലരൂപങ്ങളാണ്.

ഒന്നിനു മുകളിൽ മറ്റൊന്നായി പാളികൾ അടുക്കായി പ്രിന്റ് ചെയ്തെടുക്കുന്നവ മൂലരൂപത്തിൽ തന്നെ പുതിയ ഉല്പന്നം നൽകുന്നു. കുറച്ച് കൈക്രിയകളിലൂടെ ഫിനിഷിങ് ജോലികൾ കൂടിപൂർത്തികരിക്കേണ്ടതായുണ്ട്, അതും സമീപ്പ ഭാവിയിൽ മെഷീനറിയിൽ സാധ്യമാകുമായിരിക്കും.  പ്രോഡക്റ്റുകളുടെ മൂലഘടകങ്ങൾക്കനുസരിച്ച് വ്യത്യസത ത്രീഡി പ്രിന്ററുകളുണ്ട്. പോളിമെറുകളുടേതും മെറ്റലുകളുടേതും വ്യത്യസ്ഥ സാങ്കേതികവിദ്യയിലൂടെ പ്രിന്റ് ചെയ്തെടുക്കാനാവുന്നതാണ്. ലോഹനിർമ്മിതങ്ങളായവക്ക് Direct Metal Laser Sintering (DMLS)  രീതിയാണ് എങ്കിൽ പോളിമെറുകൾക്ക് PolyJet പ്രിന്ററുകളുമുണ്ട്. സാധാരണ ഇൻ‌ക് ജെറ്റ് പ്രിന്ററിനെ പോലെ ത്രിഡി പ്രിന്റ് ചെയ്യുന്ന പോളിജെറ്റ് പ്രിന്ററുകളുടെ പ്രവർത്തനം, എന്നാൽ ഇങ്കിന് പകരം ദ്രവരൂപത്തിലുള്ള ഫോട്ടോപോളിമർ ഉപയോഗപെടുത്തി ലെയറുകൾ പ്രിന്റ് ചെയ്യുന്നു, ഇങ്ങിനെ ഒന്നിനും മുകളിൽ മറ്റൊന്നായി ലെയറുകൾ പ്രിന്റ് ചെയ്താണ് ഓരോ വസ്തുക്കളും പ്രിന്റ് ചെയ്തെടുക്കുന്നത്. പ്രിന്റ് ചെയ്യാനുപയോഗിക്കുന്ന ലിക്യുഡിന്റെ വ്യത്യസ്ത കൂട്ടുകെട്ടുകൾക്കനുസരിച്ച് വ്യത്യസ്ത വളയാത്തതും വളയുന്നതുമായവ ലഭിക്കുന്നു.  ഇത്തരം പ്രിന്ററുകളുടെ ഉപയോഗം വളരെ സങ്കീർണ്ണമായ രൂപങ്ങൾ നിർമ്മിക്കാനാവുമെന്നതാണ്.

വരും കാലങ്ങളിൽ സാങ്കേതിക വിദ്യ കൂടുതൽ പഠന വിധേയമാക്കുമെന്നതിനാൽ നമ്മുടെ ടേബിളുകളിൽ ഇത്തരം പ്രിന്ററുകൾ സ്ഥാനം പിടിക്കുന്ന കാലം വിദൂരമാകില്ല, സ്പെയർ പാർട്സിന് കമ്പനികളെ തേടിപോകേണ്ടി വരില്ല, പാർട്സുകളില്ലെന്ന് അഭാവത്താൽ ഉപകരണങ്ങൾ വലിച്ചെറിയേണ്ടിവരില്ല, പേറ്റന്റ് നൽകി നമുക്ക് തന്നെ പ്രിന്റ് ചെയ്തെടുക്കാമെങ്കിൽ ഏത് അവശ്യ വസ്തുവും സ്വന്തമാക്കാം.. പക്ഷെ ഏറ്റവും അപകടം പിടിച്ചവയും ഇഷ്ടം പോലെ നിർമ്മിക്കാനാവുമെന്നത് നല്ല വാർത്തയല്ല. ഏത് കണ്ടുപിടിത്തങ്ങളെ പോലെ തന്നെയാണിതും, ഗുണത്തേക്കാളേറെ ദോശങ്ങൾ കൊണ്ടുവരാം, ഇഷ്ട ആയുധങ്ങൾ കളികോപ്പുകളെ പോലെ ആരുടേ പോകറ്റുകളിലും കാണാവുന്നതാണെങ്കിൽ അതെത്ര സുരക്ഷിതമായിരിക്കും?


Oct 8, 2013

മനുഷ്യത്വം മറന്ന ജീവികളും കളറ് നഷ്ടപെട്ട അൽബിനോസുകളും.


അമ്മയുടെ മാറത്ത് ഒട്ടിപ്പിടിച്ചമ്മിഞ്ഞ നുകരുന്ന കുഞ്ഞിന്റെ കവിളിൽ കൂടി പാൽ ഒലിച്ചിറങ്ങി, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി ഇവിടെ ത്തുന്നത് വരെ കുറേ സമയം പാൽ നൽകത്തതിനാൽ കൂടുതലായി വരുന്ന പാല് ശ്വാസ തടസമുണ്ടാക്കുമോ എന്ന പേടിയിൽ സിസ്റ്റർ എങ്ങിനെ നിയന്ത്രിക്കണമെന്ന് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു, അതൊന്നും അവളുടെ മനസ്സിലേക്ക് കയറുന്നില്ല, അമ്മിഞ്ഞപ്പാൽ കുഞ്ഞു ശരീരത്തെയും അവളുടെ കണ്ണുനീർ കണങ്ങളൂർന്ന് വീണു കുഞ്ഞിന്റെ തലയും കുതിർന്നിരിക്കുന്നു.. ഇത് അവസാനത്തെത്, മുലയൂട്ടാനും താലോലിക്കാനാവാത്ത വിധം രണ്ടായി പിരിയേണ്ട സമയം അടുത്തിരിക്കുന്നു. മുറിക്ക് പുറത്ത് അമ്മയും മുറ്റത്ത് അഛൻ അക്ഷമയോടെ പ്രിയ മകളെ കാത്തിരിക്കുകയാണ്, അവരുടെ നിർബന്ധത്തിൽ ഫീഡിങ് നിർത്താൻ സിസ്റ്റ ശ്രമിച്ചപ്പോൾ കുഞ്ഞ് വായിട്ട് കരഞ്ഞു, കരച്ചിലും കേൾപ്പിച്ചുകൊണ്ട് വേർ പിരിക്കുന്നത് മാനസികമായി തളർത്തുമെന്നതിനാൽ ശ്രമം ഉപേക്ഷിച്ചു. നൽകട്ടെ, ഇനിയൊരിക്കൽ പോലും ലഭിക്കാനാവാത്ത അമൃതം വയറ് നിറയെ കുടിക്കട്ടെ. കാത്തിരിക്കുന്നവരോട് കുറച്ച് ക്ഷമ കാണിക്കണമെന്ന് സിസ്റ്റർ അപേക്ഷിച്ചു.

അമ്മയും കുഞ്ഞും, ലോകത്ത് ഒരാൾക്കും വേർ പിരിയിക്കാനാവാത്ത ബന്ധമെന്നൊക്കെ പല സന്ദർഭങ്ങളായി കൊച്ചു കൊച്ചു കഥകൾ ചൊല്ലിയും വേദങ്ങൾ പറഞ്ഞും അവളെ വളർത്തിയ അമ്മയും അഛനും സമൂഹ്യ മര്യാദകൾക്കൊ സ്റ്റാറ്റസിനോ വേണ്ടി അവളുടെ ഹൃദയത്തെ പിളർത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിൽ ചോദ്യങ്ങളില്ല, ചർച്ചകളില്ല, എതിർപ്പുകൾക്ക് സ്ഥാനമില്ല. അവരെല്ലാം മുൻകൂട്ടി നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു.. തങ്ങളുടെ മകൾ ഐശ്വര്യത്തോടെ ജീവിക്കണമെന്നവർ അതിയായി ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങിനെയൊരൂ തീരുമാനം, അണുകുടുംബം ആരെയും അറിയിക്കാതെ എല്ലാം സ്വകാര്യമായി തന്നെ പ്രീ പ്ലാൻ ചെയ്തുകഴിഞ്ഞതാണ്. അതേ ചിന്ത അവളുടെ ഭാഗത്ത് നിന്നുകൊണ്ട് ആലോചിച്ചതുമില്ല, അതിനു ശ്രമിച്ചില്ല എന്നതാവും ശരി.

മാറുകളെ സ്വതന്ത്ര്യമാക്കി കുഞ്ഞ് ഉറങ്ങിയിരിക്കുന്നു. വയറ് നിറഞ്ഞതിന്റെ അടയാളമാണ് ഉറക്കം. സിസ്റ്റർ കുഞ്ഞിനെ വാങ്ങാനായി മുന്നോട്ട് വന്നപ്പോൾ അവളുടെ മുഖം മുഴുവനായും കുഞ്ഞിന്റെ ശരീരത്തിലൂടെ ഇഴയുകയായിരുന്നു.. കൈവിടാനാവാതെ ഭയപെടുമാറ് മാനസ്സിക വിഭ്രാന്തിയാകുമോ എന്നനിലയിലായിട്ടുണ്ട് അവൾ

കുഞ്ഞ് ഉറങ്ങിക്കോട്ടെ, തൊട്ടിലിൽ കിടത്തണമെന്ന് പറഞ്ഞു സിസ്റ്റർ അവരെ വേർപെടുത്തി. കുഞ്ഞിനെ അടുത്തുള്ള റൂമിലേക്ക് കൊണ്ടുപോകുന്നത് കണ്ടവൾ മോഹല്യസപെട്ട് വീഴുമോ എന്നു ഭയപെട്ടു. ഫീഡിങ് കഴിഞ്ഞതായി അമ്മയെ വിളിച്ചറിയിച്ചു, അതുവരെ അങ്ങോട്ട് കയറാതെ പുറത്തുനിന്ന ഭർത്താവിനെ അവർ വിളിച്ചു വരുത്തി രണ്ട് പേരും കൂടി അവളെ പൊക്കിയെടുത്ത് താങ്ങികൊണ്ടു പോകുമ്പോൾ എല്ലാ വികാരങ്ങളും പൊടുന്നനെ അസ്തമിച്ചിരുന്നു, അവൾ നടക്കാനാവാതെ അവരുടെ തോളിൽ തൂങ്ങി ഇഴഞ്ഞിഴഞ്ഞു പോയി.

വീടെത്താനായിട്ടുണ്ട്, മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു യാത്ര. അമ്മയുടെ കൈകൾ അവളുടെ തലയിൽ ഉഴിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് അവളുണർന്നത്, വികാരങ്ങളില്ലാതെ ഏതൊ മായിക ലോകത്തെന്നപോലെ അമ്മയുടെ മടിതട്ടിൽ അവൾ കണ്ണുമിഴികൾ തുറന്നു.

ആരും ഒന്നും സംസാരിക്കുന്നില്ല, കളിയും ചിരിയും അവർക്കിടയിൽ അസ്തമിച്ചിട്ട് മാസങ്ങളായി.. അവളെ ഏറെ സ്നേഹപരിചരണങ്ങളോടെ നോക്കിയ അമ്മയും അഛനും, അമ്മയവൾക്ക് കൂട്ടുകാരിയായിരുന്നു..ഒന്നിച്ചു കളിച്ചുവളർന്ന കൂട്ടുകാരി.. സ്നേഹലാളിത്യത്തോടെ വളർത്തിയ അഛൻ അവളെ ഉമ്മ വെക്കാത്ത, നേറുകിൽ ഉമ്മ നൽകിയുറക്കാത്ത ദിനങ്ങളന്യമായിരുന്നു. പഴയ ഓർമ്മകളിലേക്ക് അടുത്തപ്പോഴേക്ക് കാറ് ബ്രേക്കിട്ട് നിന്നു.

അമ്മ പ്രയാസപെട്ട് അവളെ എഴുന്നേല്പിച്ചു, ഡോറ് തുറന്ന് അഛൻ അവൾക്ക് കൈനീട്ടി. അവളുടെ ഓർമ്മകളിൽ മാസങ്ങളായി അഛൻ സ്പർശിച്ചിട്ട്, അല്ല, നോക്കിയിട്ട്. ശ്മശാനമായി മാറിയ വീട് പഴയത് പോലെ കളിയും ചിരിയുമുള്ള കാലത്തേക്ക് തിരിച്ചുപോകുമൊ? അമ്മയും അഛനും ചേർന്നവളെ പൊക്കിപിടിച്ചു നടന്നു. ഓർമ്മകൾ കാടുകയറുന്നത് നിന്നത് അച്ചന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്..

എടാ.., അവിടെന്ന് വീഴുമെടാ, ഇറങ്ങ് താഴേക്ക്.

അടങ്ങിയിരിക്കാൻ നിനക്കാവില്ല, കണ്ടിടത്തൊക്കെ കൊത്തിപിടിച്ച് കഷ്ടകാലമുണ്ടാക്കാൻ.. ശ്രദ്ധിച്ചിറങ്ങ് എന്ന് അമ്മയും നെഞ്ചത്തുഴിഞ്ഞു വിളിച്ചു പറയുന്നുണ്ടായിരുന്നു..

കുസൃതിയുടെ പ്രായം! പുള്ളിപുലിയെ പോലെ മരത്തിൽ നിന്നും ഊർന്നിറങ്ങി ജേഷ്ഠത്തിയുടെ അടുത്തേക്കോടിവന്നു. അഛനും അമ്മക്കും മുന്നിലായ് അവളുടെ കൂടെ അവനും വീട്ടിലേക്ക് കയറി, അമ്മയുടെ കട്ടിലിൽ അവളെ ഇരുത്തിയപ്പോഴാണ് അവൻ അവളുടെ വയർ ശ്രദ്ധിച്ചത്.

അവന് ചേച്ചിയുടെ വയറിൽ കൈവെച്ചു അത്ഭുതത്തോടെ പറഞ്ഞു, വയറ് കുറഞ്ഞിരിക്കുന്നല്ലൊ! അവൻ പരിശോധനയിലാണ്. ഞാൻ തൊട്ടീട്ടെന്താ വാവ ഇളകാത്തത്? അവന്റെ പ്രവർത്തികൾ അവളെ തൊട്ടുണർത്തി, അവനെ കൂട്ടിപിടിച്ചവൾ ഉറക്കെ വാവിട്ടു കരഞ്ഞു.. കാര്യമറിയാതെ അവനും കരഞ്ഞു. മോഹാലസ്യപ്പെട്ടവൾ ബെഡിലേക്ക് മറിഞ്ഞുവീണപ്പോൾ വിതുമ്പികൊണ്ടമ്മ അവളെ നേരെ കിടത്തി, കരഞ്ഞുകൊണ്ടിരുന്ന അവനെ തലോടികൊണ്ട് പുറത്തിറങ്ങി.. എന്തുചെയ്യണമെന്നറിയാതെ കാഴ്ച്ചകാരനായി ചുമരും ചാരിനിൽക്കുന്ന ഭർത്താവിനരികിലൂടെ അവനേയും കൊണ്ട് പുറത്തിറങ്ങി.

അമ്മേ, ചേച്ചിക്കെന്താ പറ്റിയത്? ഉത്തരം പറയാനാവാതെ അമ്മയവനെ ചേർത്തുപിടിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞതവൻ കാണാതിരിക്കാൻ പാടുപെട്ടു, ചേച്ചിക്ക് സുഖമില്ലായിരുന്നു, എല്ലം ശരിയാവും.., നീ എന്തിനാ കണ്ടിടത്തൊക്കെ കൊത്തിപിടിച്ചു കയറുന്നെ എന്തെങ്കിലും അപകടം പറ്റിയാലോ? അഛൻ നിന്നോട് തിരിച്ചുവരുന്നത് വരെ അടങ്ങിയൊതുങ്ങിയിരിക്കാൻ പറഞ്ഞതല്ലെ, അഛൻ ആശുപത്രിയിൽ നിൽക്കാത്തത് നിന്നെ ഓർത്താണ്. കുറച്ചു നേരം ആരും ഇല്ലാതായപ്പോഴേക്ക് നീ എല്ലായിടത്തും കയറി മറിഞ്ഞു, സ്നേഹത്തോടെ ശ്രദ്ധ തിരിക്കാനായ് അവനെ ശകാരിക്കുകയാണ് അമ്മ, അവന്റെ ചിന്തകളെ മാത്രമല്ല തന്നതാൻ സ്വയം ശ്രദ്ധമാറ്റാൻ അവർ പാടുപെടുകയാണ്.. തളർച്ചയനുഭവപെടുന്നത് അവർക്കനുഭവപെട്ടപ്പോൾ അവനെയും പിടിച്ചവർ പടികളിലിരുന്നു.

അമ്മയല്ലെ പറഞ്ഞത്, ജീവികളോട് കരുണ കാണിക്കണമെന്ന്? അമ്മെ, മാവിന്റെ കൊമ്പിൽ നിന്നും ഒരു കിളികുഞ്ഞു താഴേ വീണു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് കരയുന്ന അമ്മ കിളിയുടെ കരച്ചിൽ കെട്ടപ്പോൾ പോയ് നോക്കിയതായിരുന്നു, പാവം കിളി, ഞാൻ അതിനെ ശ്രദ്ധയോടെ കവറിലാക്കി കടിച്ചു പിടിച്ചു മരത്തിൽ കയറി അതിന്റെ കൂട്ടിൽ വെച്ചു. കുഞ്ഞിനെ തിരിച്ചു കിട്ടിയ അമ്മകിളിയുടെ സന്തോഷം കാണേണ്ടതായിരുന്നു അമ്മേ.., കുഞ്ഞിനേ കിട്ടുന്നത് വരെ എത്ര ദുഖിച്ചിട്ടുണ്ടാവുമല്ലെ കിളി..? ഞാൻ കാണിച്ചു തരാം കിളിയുടെ തൂവൽ എന്നും പറഞ്ഞവൻ എഴുന്നേറ്റു..

അത് മുഴുവനായ് കേൾക്കാനാവാതെ അമ്മയും മറിഞ്ഞു വീണു.

ഭർത്താവ് ഓടിവന്ന് നേരെ പിടിച്ചു കിടത്തി.. എന്ത് ചെയ്യണമെന്നറിയാതെ നിന്ന് വിയർക്കുകയാണ്. അയാൾ കീശയിൽ നിന്നും മൊബൈലെടുത്ത് കാൾ ഹിസ്റ്ററിയിൽ നിന്നും വേഗത്തിൽ സിസ്റ്ററുടെ നമ്പറിലേക്ക് വിളിച്ചു..

സോറി സാറ്, അവർ കുഞ്ഞിനേയും കൊണ്ടു പോയി. ബന്ധപെടാൻ നമ്പറൊ അഡ്രസ്സോ ഒന്നുമില്ല. അങ്ങിനെയായിരുന്നല്ലൊ നിബന്ധന. അതുകേൾക്കാൻ ശക്തിയില്ലാതെ ആയാൾ പിടിച്ചിരുന്നു പിന്നെ അബോധമനസ്സോടെ ഭൂമിയെ സ്പർശിച്ചു.

മുറിച്ചാൽ മുറിയാത്ത രക്തബന്ധത്തിന് തിരിച്ചെടുക്കാനാവാത്ത, അറ്റുപോയ നിബന്ധനകളായിരുന്നു അത്.

തൂവൽ എടുത്തുകൊണ്ടുവന്ന അവന് കണ്ടത് പടിയിൽ കിടക്കുന്ന അമ്മയേയാണ്, പിന്നെ മുറ്റത്ത് കിടന്ന അഛനേയും.. തൂവലുപേക്ഷിച്ചു അങ്ങിങ്ങായി വീണുകിടക്കുന്ന മൂന്ന് പേരുടേയും അടുത്തേക്ക് കരഞ്ഞുകൊണ്ടവൻ ഓടികൊണ്ടിരുന്നു.

കാറ്റിലൊഴുകിയ തൂവൽ അമ്മയുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങളെ കൈവിടാതെ അള്ളിപിടിച്ചു കിടന്നു.


****

നൂറ് കണക്കിന് നദികൾക്ക് തുടക്കമിട്ടും ഭൂമിക്ക്  ദാഹജലം നൽകിയും ഹിമാലയത്തിൻ തീരത്തണഞ്ഞപ്പോൾ അവർക്ക് കുറേകൂടി ഉന്മേശം ലഭിച്ചു. പ്രകൃതി കാഴ്ച്ചകൾ കണ്ടു രണ്ടു പേരും നീങ്ങി. അതിക്രമങ്ങളുടെ ലോകത്ത് നിന്നും ശാന്തത തേടിയെത്തിയതാണ് റഷ്യയിൽ നിന്നുള്ള എലനും താൻസാനിയയിൽ നിന്നുള്ള അലോബയും. നെറ്റിലൂടെ സൌഹൃദബന്ധം സ്ഥാപിച്ചെടുത്ത അവരുടെ തൊലികൾ നിറം വെളുപ്പും  കറുപ്പുമാണെങ്കിലും മനസ്സിന് ഒരേ നിറവും ഒരേ ചിന്തയുമായിരുന്നുതണുപ്പിനെ അതിജീവിക്കാൻ ചുടുകോഫി നുകർന്നുകൊണ്ടിരിക്കുന്നതിനിടയിൽ അലോബ പറഞ്ഞു, ചുട്ടുപഴുത്ത ആഫ്രികൻഭൂമിയിൽ നിന്നുള്ള എന്നെ പോലെയാവില്ല അതി ഭീകര ശൈത്യം നിറഞ്ഞു നിൽക്കുന്ന റഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തുനിന്നുള്ള താങ്കൾക്ക്. താങ്കൾ നേരത്തെ സൂചിപ്പിച്ച ആ ദുഖ സത്യങ്ങളെ കുറിച്ചു പറയാമൊ?

പറയാം, ജീവൻ തുടിപ്പ് കുറഞ്ഞ അറ്റ്ലാന്റികിന്റെ അറ്റമില്ലാത്ത ആഴങ്ങളെ പോലെ മനസ്സിന്റെ ആഴങ്ങളിൽ പതിച്ചവയാണ് ആ ദുഖങ്ങൾ.  സിരകളെ ഉറച്ചുകളയുന്ന അതി ശൈത്യത്തിനേക്കാൾ ഭീകരമായിരുന്നു ആ കാഴ്ച്ചകൾ.. വിശാല റഷ്യയിയുടെ പടിഞ്ഞാറൻ കരകളിലേക്ക് നടക്കുമ്പോൾ ഭൂമിക്ക് എല്ലുകളുടെ മണമുണ്ടെന്നെനിക്ക് അനുഭവപെടുന്നു.

റഷ്യൻ ഹൈ ഫൈവ് മാർകെറ്റിൽ ഏറ്റവും വിലകൂടിയ ഗോൾഡ് ഫിഷിന്റെ മുട്ടകൾക്ക് വേണ്ടിയാണ് പടിഞ്ഞാറൻ പർവ്വത നിരകളെ കടന്നുപോയത്. ബ്രീഡിങ് സമയമായതിനാൽ മീൻ മുട്ടകൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് യാത്ര. അതി ശൈത്യമുള്ള വെള്ളത്തിലെ ആ മീനുകളുണ്ടാവുകയുള്ളൂ. കോസ്റ്റ് ആർട്ടികിളിന്റെ ഭാഗത്തെ തണുപ്പിനെ ചെറുക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് പോയത്. വണ്ടിയിൽ നിന്നിറങ്ങി തടാകങ്ങളുടെ അടുത്തേക്ക് പോകുമ്പോൾ കുന്നിൻ ചെരുവിൽ ബൂട്ടുകളുടെ ചവിട്ടുകളിൽ എന്തൊ പൊട്ടിപൊളിയുന്ന ശബ്ദം കേട്ടാണ് നോക്കിയത്, അവിടെയാകെ മനുഷ്യകുഞ്ഞുങ്ങളുടെ അസ്തികൂടം നിറഞ്ഞിരിക്കുന്നു. കുറേ കാനുകളും കാർഡ്ബോഡ് ബോക്സുകളിലുമായി നൂറുകണക്കിന് രൂപം പ്രാപിച്ചതും അല്ലാത്തതുമായ മനുഷ്യ കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങൾ..പ്രായപൂർത്തിയായ മനുഷ്യകുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതെ ഭൂമിയിലേക്ക് വരുന്നതിന് മുമ്പ് കൊന്നൊടുക്കിയവയാണ് അതിലധികവും. ദുർമനസ്സുകളുടെ ബാധയേറ്റ അവയിൽ നിന്നുയർന്നത് വല്ലാത്തൊരൂ ദുർഗന്ധമായിരുന്നു.

അറിയിപ്പ് നൽകിയതിന്റെ തുടർന്നെത്തിയ പോലീസുകർ ഓരോ ബോക്സും പരിശോധിച്ചു, പത്തും പതിനാറും ആഴ്ച്ചകൾ മാത്രം പ്രായമുള്ള പ്രസവിക്കപെട്ട കുഞ്ഞുങ്ങളായിരുന്നു അവയിൽ കൂടുതലുമെന്ന് രേഖപെടുത്തലുകളിൽ കണ്ടു. പല കുഞ്ഞുങ്ങളുടേയും കൈകളിലും കാലുകളിലും അമ്മയുടെയും കുടുംബത്തിന്റെയും രേഖകളും ഹോസ്പിറ്റൽ കോഡുകളിലായി ലേബലുകളിൽ പതിഞ്ഞു  കിടക്കുന്നുണ്ട്. അൻപത് ലിറ്ററിന്റെ പത്തിരുപത് കാനുകളിലായ് ബയോളജികൽ വേസ്റ്റുകളെന്ന ലേബലൊട്ടിച്ചാണ് കൂടുതലും കുഞ്ഞുങ്ങളെ പാക്ക് ചെയ്തിരിക്കുന്നത്ചില രേഖകളിൽ കാണുന്നത് മറ്റുള്ളവരുടെ ചികിത്സക്ക് വേണ്ടി ജീവനുള്ള കുഞ്ഞുങ്ങളിൽ നിന്നും സ്റ്റെം സെല്ലുകളെടുത്ത് പരീക്ഷണങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടെന്നാണ്. കുട്ടികൾ ഇല്ലാത്തതിന്റെ ദുഖത്തിൽ ജീവിതസഖിയുമായി പിരിയേണ്ടിവന്ന എനിക്ക് ആ കാഴ്ച്ചകൾ സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രാത്രികളിൽ തെരുവിലൂടെ അലഞ്ഞു നടന്നു.. ലക്ഷ്യബോധമില്ലാത്ത ജീവിതങ്ങൾ തെരുവിലെ കാഴ്ച്ചകളാണ്. കൂറ്റൻ കോൺഗ്രീറ്റ് മരങ്ങൾക്കിടയിൽ മരണത്തെ പുൽകാൻ കൊതിച്ചിരിക്കുന്ന യുവ സമൂഹത്തേ ഏറെ കാണേണ്ടിവന്നു. ജീവിതത്തിന്റെ ലക്ഷ്യ ബോധം മറന്നുപോയതിനാൽ ആത്മഹത്യയിലേക്കെ നടന്നുപോകുന്ന യുവ തലമുറയും അവരിൽ നിന്നും ജീവിക്കാനുള്ള അവകാശം നഷ്ടപെട്ട പിഞ്ചുപൈതങ്ങളും! റഷ്യൻ സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത വിമോചനത്തിന്റെ ചിത്രം ഏറെ വിചിത്രമാണ്.

അതെ, മനുഷ്യർ അവരുടെ ചിന്തകളിൽ രൂപപെടുത്തിയ ആശയങ്ങളിലും   ആചാരങ്ങളിലും യാഥാർത്ഥത്തിൽ കൊയ്തെടുക്കുന്നത് ഏറെ  വിചിത്രവും ഭീകരവുമായ ചിത്രങ്ങളാണ്.

അലോബ അത് ശരിവെച്ചുകൊണ്ട് പറഞ്ഞു, പടിഞ്ഞാറൻ രാജ്യങ്ങളിൽ ബ്ലാക്ക്മാർക്കറ്റുകളിൽ ജീവനെരക്ഷിക്കാൻ വേണ്ടി അവയവവില്പനയുണ്ട്. ആരോഗ്യമില്ലാത്ത ജീവൻ നിലനിർത്താൻ ആരോഗ്യമുള്ളതിനെ കൊല്ലുക. വൃദ്ധന്മാരുടെ ജീവനു വേണ്ടി യുവത്വത്തിന്റെ ജീവനെടുക്കുക എന്നത് പുരോഗമന രാഷ്ട്രങ്ങളിലെ മെഡിക്കൽ സെന്ററുകൾ കേന്ദ്രീകരിച്ചു കാണാവുന്നതാണ്. എന്നാൽ ഞങ്ങളുടെ നാട്ടിൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ കൊലയാളിയുടെ രൂപം സ്വീകരിക്കുന്നത് ആചാരങ്ങളാണ്. അവയുടെ ചിത്രം പുറം ലോകത്ത് എത്താതിരിക്കാൻ മാത്രമെ ഭരണകൂടം ശ്രമിക്കുന്നുള്ളൂകുഞ്ഞിന് ശരീരവും മുടിയും വെളുത്തതും  ചെമ്പിച്ചുള്ള കണ്ണുകളുമാണെങ്കിൽ ആഫ്രികൻ ബ്ലാക്ക് മാർക്കറ്റിൽ പറയുന്ന വില കിട്ടും! അൽബിനോ എന്നുവിളിക്കുന്ന ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ ആഭിചാരക്കാർ നരഹത്യക്ക് ഉപയോഗപെടുത്തുക വഴി നിർഭാഗ്യങ്ങളൊഴിഞ്ഞുപോകുമെന്നും ജീവിതം സുഖകരമാവുമെന്നാണ് വിശ്വാസ ആചാരങ്ങളിൽ ഉള്ളത്. താൻസാനിയയാണ് ഈ ക്രൂര ആചാരങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്നത്. വളരെ ഭീകരമാണ് ആചാരങ്ങൾ, വാൾകത്തികളുമായി കോഴികളെ കട്ട് ചെയ്യുന്നത് പോലെ മനുഷ്യ കുഞ്ഞുങ്ങളെ ജീവനോടെ കട്ടുചെയ്യുന്ന ആചാരങ്ങളിൽ ഏറെ ഭയത്തോടെയാണ് കഴിഞ്ഞു കൂടുന്നതെന്ന് താൻസാനിയയിലെ അൽബിനോസ് സൊസൈറ്റി ജനറൽ സെക്രട്ടറി സിഹാദ സ്മെംബൊ വെളിപെടുത്തിയത്.


ഒരു രാത്രി അടുത്തുള്ള വീട്ടിൽ നിന്നും അലർച്ച കേട്ടപ്പോൾ എന്തൊ വിപത്ത് വന്നെത്തിയതായി തോന്നി. ആയുധങ്ങളുമായി അവിടെയെത്തിയപ്പോൾ കാണാനായത് നിലത്ത് വീണുകിടക്കുന്ന കുഞ്ഞിനെ പിടിച്ചു വാവിട്ട് കരയുന്ന സഹോദരിയെയാണ്. മൂന്നാളുകൾ ടോർച്ചുമായി വരുന്നത് കണ്ട മൂത്ത കുട്ടിക്ക് ഒളിച്ചിരിക്കാനെ സമയം കിട്ടിയുള്ളൂ, ഇളയ സഹോദരനെ പിടികൂടി നിലത്ത് കിടത്തി കുർത്ത കത്തിയുപയോഗിച്ച് തൊണ്ടയിലെ ഞരമ്പ് മുറിച്ചു രക്തം പാത്രത്തിലെടുത്ത് കുടിക്കുകയും നാവും രണ്ട് കാൽമുട്ടിനു താഴ്ഭാഗവും  മുറിച്ചെടുത്ത് ബാഗിലാക്കി അവർ ഓടിമറിഞ്ഞിരിക്കുകയും ചെയ്തു. അംഗവിച്ഛേദനം ചെയ്യപെട്ട പിഞ്ചു ശരീരവും താങ്ങി വാവിട്ട് കരയുന്ന കുടിലുകൾ താൻസാനിയയിൽ പലയിടത്തുമുണ്ട്. എന്റെ ഗ്രാമത്തിൽ മാത്രം അമ്പതിൽ പരം കുഞ്ഞുങ്ങളെ ഇതുപോലെ കൊന്നിട്ടുണ്ട്, ഉൾനാടുകളിൽ ഇതിന്റെ തോത് വളരെ കൂടുതലാണ്. രോഗങ്ങളുണ്ടായാലും ജീവിതത്തിൽ വല്ല പ്രശ്നങ്ങളും നേരിട്ടാലും ഗ്രാമ വൈദ്യൻ കല്പിക്കുന്നത് അൽബിനോസുകളുടെ രക്തവും എല്ലുകളുമാണ്. അൽബിനോസുകളുടെ കാലുകൾക്കാണ് ഏറ്റവും വിലയുള്ളത് എങ്കിലും തൊലിയും മുടിയും ജനനേന്ദ്രിയ ഭാഗങ്ങളുമെല്ലം മന്ത്രവാദ മാർക്കറ്റിൽ ഡിമാന്റാണ്. ഖനിതൊഴിലുകളിൽ ഏറ്റവും കൂടുതൽ അഭിവൃദ്ധിയുണ്ടാവാൻ ഉപയോഗിക്കുന്നത്. കഷ്ണിച്ചെടുത്ത എല്ലുകൾ പൊടിച്ചെടുത്ത് മണ്ണിന്റെ കൂടെ മിശ്രിതമാക്കിയത് കഴുത്തിൽ പുരട്ടിയാൽ അവർക്ക് അഭിവൃദ്ധിയുണ്ടാകുമത്രെ!   അതിനാൽ തന്നെ അൽബിനോസുകളെ ലേലം ചെയ്യുന്ന മാർക്കറ്റുകൾ താൻസാനിയയുടെ ഉൾഭാഗത്ത് ഇന്നും സജീവമായുണ്ട്

എത്ര ഭീകരമാണ് മനുഷ്യൻ സൃഷ്ടിച്ചെടുക്കുന്ന അന്ധവിശ്വാസങ്ങളും വികല ആചാരങ്ങളുമെന്ന് ദാരിദ്ര്യത്തിൽ കഴിയുന്ന ആഫ്രിക്കയിൽ മാത്രമല്ല, ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങൾ ഒറ്റപെട്ട കേസുകളിലൂടെ പുറത്തുവരുന്നത്.

[*മൂവ്വായിരത്തിൽ ഒന്ന് എന്ന നിലയിൽ ആഫ്രിക്കകാർക്കിടയിൽ ജനിക്കുന്ന അൽബിനോസുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ ഒത്തിണങ്ങിയ ജനങ്ങളുമില്ല, പ്രകൃതിയുമില്ല. ഉഷണമേഖല ആയതിനാൽ നല്ലൊരൂ ശതമാനം പേരുടേയും വെളുത്ത തൊലി പൊള്ളുക്കുകയും കാൻസറുണ്ടാക്കുകയും ചെയ്യുന്നുണ്ട് ]


മലയാളം ബ്ലോഗേർസ് ഗ്രൂപ്പിന്റെ മഴവില്ല് ഇ-മാഗസിനിൽ (mazhavill.comപ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ ലേഖനം


Related Posts Plugin for WordPress, Blogger...