Jan 15, 2011

ഡാമ്പ്ട് ഓസിലേഷൻ

ചല പില ശബ്ദങ്ങൾ കർണ്ണപടങ്ങളിൽ കമ്പനങ്ങളുണ്ടാക്കി, കണ്ണുകളെ അങ്ങോട്ടോടിക്കാൻ ശ്രമിച്ചു, ശരീരനിയന്ത്രണത്തിൽ ആകെ അവശേഷിച്ചത് ആ ചലനമാണ്. അവ്യക്തമായി അവ അടുത്ത് കൊണ്ടിരിക്കുന്നു. മനസ്സിലാശ്വാസം തോന്നി. രണ്ടിലൊരു രക്ഷയുടെ മാർഗ്ഗം അടുത്തെത്തിയതായി തോന്നി. ജീവിതത്തിലേക്കുള്ള മാർഗ്ഗം അല്ലെങ്കിൽ മരണത്തിലേക്ക്…

എഞ്ചിൻ നിശബ്ദമായി പകരം കാലടികളും അവ്യക്തമായ സംസാരങ്ങളും നിലവിളികളുമെല്ലാം അടുത്ത് കൊണ്ടിരുന്നു.. നിമിഷങ്ങൾക്കകം ഒരാളെന്റെ അടുത്തെത്തി, മെല്ലെ പിറകിൽനിന്നും താടിയെല്ലുകളിൽ പിടികൂടി.. വരാനിരിക്കുന്ന നിമിഷങ്ങൾക്ക് വേണ്ടി കണ്ണടച്ചിരിക്കുമ്പോൾ ഓടി രക്ഷപെട്ട പഴയ നിമിഷങ്ങൾ മനസ്സിലേക്കോടിയെത്തി.. വെടിയൊച്ചകൾ, ഘോരശബ്ദത്തിൽ ചിന്നിചിതറിയ ശരീരങ്ങൾ.. എതിർക്കാൻ ശ്രമിച്ചവരെ കുടുമയിൽ പിടിച്ച് കഴുത്തറുത്തെറിഞ്ഞതുമെല്ലാം.

ആർത്തനാദങ്ങളെ പേടിച്ചോടിയവരിൽനിന്നും മരണത്തെ ആശിച്ച നിമിഷം, എത്രയും പെട്ടന്നത് സംഭവിച്ചെങ്കിൽ… എന്നാൽ ചുണ്ടുകളിലൂടെ ഈർപ്പം പടരുന്നതാണെനിക്കനുഭവിക്കാൻ കഴിഞ്ഞത്. വെള്ളതുള്ളികൾ ചുണ്ടുകളിൽ നിന്നും ഊർന്നിറങ്ങി വേദനയോടെ നാവുകളെ നനയിപ്പിച്ചു… വരണ്ട, വിണ്ട് കീറിയ ഭൂമിയിലേക്ക് മഴപാറ്റിയാലുണ്ടാകുന്നത് പോലെ വിണ്ട് കീറിയ എന്റ വായക്കകത്ത് ഈർപ്പങ്ങളുണ്ടാക്കി. കൂടുതൽ തുള്ളികളെ ആശിച്ചെങ്കിലും ആ നനഞ്ഞ സ്പോഞ്ചിൽ നിന്നും ഒലിച്ചിറങ്ങിയ കണങ്ങളല്ലാതെ കൂടുതലൊന്നും കിട്ടിയില്ല. ആളുകൾ മാറി.. മാറി കൈക്ക് പിടിച്ച് നോക്കി, ടാഗ് ചെയ്തു.. ഞാൻ അവരുടെ വാഹനത്തിലേക്ക് മാറ്റപെടുമ്പോൾ എണ്ണപെട്ട കുറച്ച് പേർ മാത്രം. അക്രമം ഭയന്നോടി രക്ഷപെട്ട നൂറോളം പേരിൽ രക്ഷപെട്ടവർ …ജീവിക്കാൻ സാധ്യതയുള്ളവർ ഞങ്ങൾ കുറച്ച് പേരെ മാത്രമെടുത്ത് കൊണ്ട് വന്നവർ രക്ഷപെടാനുള്ള റൂട്ടിലേക്ക് തിരിയുമ്പോൾ കുറച്ച് ജീവനില്ലാത്ത അസ്ഥികൂടങ്ങൾക്കിടയിൽ കുറേ ജീവനുള്ള അസ്ഥികൂടങ്ങൾ മരിക്കാതെ മരണത്തെ കാത്ത് കിടപ്പുണ്ടായിരുന്നു.

***
ഡോക്യൊമെന്ററികൾ കാണുവാൻ എനിക്ക് ഇഷ്ടമാണ്. അതിനാൽ തന്നെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടി.വി. കാർഡ് ഉപയോഗിച്ച് പല ഡോക്യുമെന്ററികളും ഞാൻ റെകോർഡ് ചെയ്ത് ഒഴിവുള്ളപ്പോൾ കാണാറുണ്ട്. ആർട്ട്, ജസീറ ഡോക്ര്യുമെന്ററി, ടി.വി. ഐ.. തുടങ്ങിയ ഏതാനും ചാനലുകൾ.

യുദ്ധ ചരിത്രം പറഞ്ഞ് കൊണ്ടിരിക്കുന്ന ഒരാളുടെ വാക്കുകൾക്ക് ചേരുവകൾ ഏറിയും കുറഞ്ഞുമിരിക്കും..പട്ടളക്കാരന്റെ ഡയലോഗ് പോലെ യാണ് അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് തോന്നിയത്.. പക്ഷെ, അല്ല, കണ്ണുകൾക്ക് കാണാൻ ശക്തിയില്ലാത്ത, മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളായിരുനന്നു അതു എന്ന് പിന്നീടുള്ള ഭാഗങ്ങൾ കാണിച്ച് തന്നു.

ഡയമെൻഡു ബിസിനസ് ആഫ്രിക്കക്ക് നൽകിയ വലിയ സംഭാവനകളാണ് യുദ്ധവും അടിമത്തവും അക്രമവുമെല്ലാം. ഗൾഫിനെ ഓയിൽ കൊണ്ട് സമ്പന്നമാക്കിയത് പോലെ ആഫ്രിക്കക്ക് സമ്പന്നരാകാൻ ഡയമന്റ് ക്രിസ്റ്റലുകൾ ധാരാളമായിരുന്നു. പക്ഷെ, മുതലെടുപ്പ് പ്രമാണിമാരും രാഷ്ട്രീയവും സാമ്രാജ്യത്ത ശക്തികളും ഒന്നിച്ച് കളിച്ചപ്പോൾ ഭൂമിയിൽ നിന്നും ക്രിസ്റ്റലുകൾ പൊങ്ങിയതിനനുസരിച്ച് ആഫ്രിക്കൻ ജനത ഭൂമിയിലേക്ക് താഴ്ന്ന് കൊണ്ടിരുന്നു.

അക്രമികൾ കോളനികൾ കേന്ദ്രീകരിച്ച് ആഫ്രിക്കൻ നെഞ്ചിൽ ചവിട്ടി മെതിച്ച് നൃത്തം വെച്ചപ്പോൾ പൊലിഞ്ഞുപോയത് സ്വപ്നങ്ങളുടെ കൂടെ പതിനായിരങ്ങളുടെ ജീവനാണ്, സൃഷ്ടിക്കപെട്ടത് ലക്ഷങ്ങളോളം വികലാംഗരെയും.

ക്രിസ്റ്റൽ ഘനനമുള്ള ഗ്രാമങ്ങളെ അയൽ ഗ്രാമത്തലവന്മാരും അവരെ ഭരിക്കുന്ന സാമ്രാജ്യ ശക്തികളും ചേർന്ന് കീഴടക്കുകയും മണ്ണിന്റെ യുവത്വത്തെ അടിമകളാക്കി സ്വന്തം ഭൂമിയിൽ വിയർപ്പൊഴുക്കി സമ്പന്നത കൊയതെടുക്കുകയും ചെയ്തവർക്കിടയിൽ ഉടലെടുത്ത അധികാര മത്സരങ്ങൾക്കിരയാവരും അവരിൽ പെട്ട ചിലരെ രക്ഷപെടുത്തുന്ന ഡോക്യുമെന്ററികളുമാണ് ഞാൻ കാണാൻ പോകുന്നത് എന്നതിനാൽ ഞാൻ പളരെ പ്രധാന്യത്തോടെയാണ് പരിപാടി ശ്രദ്ധിച്ചത്. ടൈം വാർണറിന്റെ ‘ബ്ളഡ് ഡയമന്റ് ‘എന്ന സിനിമ ഞാൻ കണ്ടിരുന്നതിനാൽ വിഷയത്തിൽ താല്പര്യം തോന്നി, യാഥാർത്ഥ്യമെന്തെന്നറിയാൻ ആകാംക്ഷയുമുണ്ടായി..

***

ഡോക്യൊമെന്ററി എടുക്കുന്നവർ പശ്ചാത്തലം വിവരിച്ചു… ഗ്രാമം അക്രമക്കപെട്ടപ്പോൾ, അയൽ ഗ്രാമങ്ങത്തെ അക്രമിച്ച് കുറച്ച് പേരെ അടിമകളാക്കുകയും ബാക്കിവന്ന ജനങ്ങളെ കശാപ് ചെയ്തവരും തങ്ങൾക്ക് നേരെ തിരിഞ്ഞപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് ഓടി രക്ഷപെട്ടെത്തിപെട്ടത് വിജനമായ തുരുത്തിലാണ്. അവിടെ നിന്നും കുറച്ച് ധൈര്യമുള്ളവർ വേറെ സ്ഥലങ്ങളെ ലക്ഷ്യമാക്കി നീങ്ങി. കൂടുതൽ പേരും എങ്ങോട്ട് പോകണമെന്നറിയാതെ, അക്രമികളെ പേടിച്ച് ഭക്ഷണവും വെള്ളവും പോലും കിട്ടാതെ ഇലകൾ തിന്നു നരകിച്ചു.. ഇലകൾ തിന്നാം പക്ഷെ വെള്ളമില്ലെങ്കിൽ?? പിടിച്ച് നിൽക്കാനാവാതെ വീണുകിടന്നു. ദിവസങ്ങളോളം ആ കിടപ്പ്.. മരണത്തെ കാത്ത് കൊണ്ട്.

അവരിൽ നിന്നും രക്ഷപെട്ടവരിലൂടെ കേട്ടറിഞ്ഞാണ് ലോകത്തെ ജീവകാരുണ്യപ്രവർത്തകർ (ചില സ്ഥല സന്നർഭങ്ങളിൽ യുദ്ധത്തിലെ കരുക്കളായിട്ടാണവരെ ഞാൻ കണ്ടിരുന്നത്) കൂടുതലും യൂറോപ്യൻസ്. ആരും കാണാതെയുള്ള വരവ്, എത്രയും പെട്ടന്ന് പറ്റുന്നവരെ രക്ഷിക്കുക എന്നതിലപ്പുറം മറ്റൊന്നുമില്ല. പിടിക്കപെടാം.. പിടിക്കപെട്ടാൽ ജീവിതത്തിന്റെ അവസാന നിമിഷങ്ങളായി മാറാം. സ്വന്തം ജീവൻ പണയപെടുത്തി മനുഷ്യ ജീവന് വേണ്ടി സഹിക്കുന്ന വിലപറയാൻ പറ്റാത്ത ത്യാഗങ്ങൾ… പൊട്ടിപൊളിഞ്ഞ് രണ്ട് ട്രക്കിൽ കിലോമീറ്റർ താണ്ടി വരുമ്പോൾ അവരുടെ അടുത്ത് കാര്യമായ മരുന്നുകളോ വിഭവങ്ങളോ ഒന്നുമില്ല. അവരെത്തി ഒരോരുത്തരേയും പരിശോധിച്ച്, തങ്ങൾ കൊണ്ട് പോകുന്ന ലക്ഷ്യത്തിലേക്കെത്തുംവരെ ജീവനോടെയിരിക്കാൻ സാധ്യതയുള്ളവരെ കയറ്റി രക്ഷപെടുമ്പോൾ, ഇട്ടേച്ച് പോയ ജീവച്ചവമായ എല്ലുരൂപങ്ങൾ പ്രയാസത്തോടെ കൺപോളകളുയർത്താൻ ശ്രമിക്കുന്നത് പോലെ തോന്നി. ഹൃദയം നിഷ്ചലമാകാത്ത ആ രൂപങ്ങൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. (മനസ്സ് അങ്ങിനെയാവട്ടെ എന്നാശിച്ചു) ജീവനുള്ള ഒരുപാട് ആളുകൾ കിടന്നിടത്ത് നിന്നനങ്ങാൻ കഴിയാതെ മരണത്തെ കാത്ത് കിടക്കുന്ന അവസ്ഥ… ഞാൻ അറിയാതെ കുറെ കരഞ്ഞു, സ്വകാര്യമായി.. കണ്ണുനീർ കാരണം അവസാന ഭാഗങ്ങൾ കാണാൻ കഴിയാതായപ്പോ പൌസ് ചെയ്ത് കിടന്നു.. കുറച്ച് ആശ്വാസമായപ്പോ ബാക്കികാണാനിരുന്നു. ഭാര്യ ജോലിയൊക്കെ കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു അത്രതന്നെ ദുഖകരമല്ലാത്ത ചില ഭാഗങ്ങൾ കണ്ട് കണ്ണുകൾ നിറച്ച് എന്നോട് വിഷയം ചോദിച്ചപ്പോ, മനസ്സിനെ മുറുക്കി പിടിച്ച് അപ്രധാനമായ ഭാഗങ്ങളെ കാണിച്ച് കുറച്ച് ഭാഗങ്ങൾ ഞാൻ വിവരിച്ച് കൊടുത്തു. ചിലവില്ലാത്ത, വിലയില്ലാത്ത കണ്ണുനീരൊഴുക്കികളയാൻ അവർക്കതുതന്നെ ധാരാളം. മനസ്സിനെ അലട്ടുന്ന അധിക സന്നർഭങ്ങളിലും മനസ്സിനെ പിടിച്ച് നിർത്താറുണ്ട്.. ഭാര്യ എന്നെ കഠിന ഹൃദയനാണെന്ന് ആക്ഷേപിക്കാറുണ്ട്. പക്ഷെ ഈ രംഗങ്ങൾ ഓളങ്ങളായി മനസ്സിൽ നിന്നു.. ആ ഡാമ്പ്ട് ഓസിലേഷൻ ഇതുവരെ നിശ്ചലമായിട്ടില്ല.

9 comments:

Akbar said...

ഒരു ദുരന്ത ഭൂമിയില്‍ നിന്നുള്ള ദൃക്സാക്ഷി വിവരണം പോലെ തോന്നിച്ചു ഈ പോസ്റ്റ്. ഇങ്ങനെ എത്രയോ മനുഷ്യര്‍ ഓരോ യുദ്ധമുഖത്തും ദുരന്തങ്ങളിലും പുഴുക്കളെപ്പോലെ മരിച്ചു വീഴുന്നു. ബാക്കിയുള്ളവര്‍ ജീവശവമായി ആവുന്നത്ര നരകിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുന്നതിലും എത്രയോ കൂടുതല്‍ പേര്‍ ആരുടേയും നോട്ടമെത്താതെ അറുത്തിട്ട മൃഗങ്ങളെപ്പോലെ ചോരവാര്‍ന്നു മരിക്കുന്നു. ഈ ഡോകുമെന്ട്രി താങ്കളെ കരയിപ്പിച്ചുവെങ്കില്‍ അത്ഭുതപ്പെടാനില്ല. നമ്മുടെ ഒന്നും ഹൃദയം കല്ല്‌ കൊണ്ട് ഉണ്ടാക്കിയതല്ലല്ലോ.

നല്ല പോസ്റ്റ്.

Unknown said...

വായിച്ചാലും കണ്ടാലും കരയും.
മറ്റൊന്നും ചെയ്യാന്‍ കഴിയാറില്ല.അതെ ,നമ്മുടെയൊന്നും ഹൃദയം കല്ല്‌കൊണ്ട് ഉണ്ടാക്കിയതല്ലോ..

Basheer Vallikkunnu said...

എന്റെ പല പോസ്റ്റുകളുടെയും കമന്റ് കോളത്തില്‍ ബെഞ്ചാലിയെ കണ്ടു പരിചയമുണ്ട്. തീര്‍ത്തും വ്യത്യസ്തമായ ഒരു ബ്ലോഗിലൂടെ കാണുന്നത് ആദ്യമായാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ നമ്മുടെ ബ്ലോഗുകളില്‍ കാണാരെയില്ല. അതുകൊണ്ട് തന്നെ ഇതില്‍ ഒരു പുതുമയും വേറിട്ട ഒരു സമീപന രീതിയും ഉണ്ട്. ഒരു documentaryയെ പരിചയപ്പെടുത്തുക എന്നതിലപ്പുറം നമ്മുടെ കാലത്തിന്റെ ആകുലതകളിലേക്ക്‌ കൂടി ഈ പോസ്റ്റ്‌ വിരല്‍ ചൂണ്ടുന്നുണ്ട്.. ഈ യാത്ര തുടരുക..

MT Manaf said...

ബെഞ്ചാലി ഒരു സാന്നിധ്യമായി പലയിടത്തുമുണ്ട്.
പൂര്‍ണ്ണമായും വെളിപ്പെടുത്താത്ത ഒരടയാളമായി
നില്‍ക്കുന്നതിലെ രഹസ്യം?
ഇന്നാണ് ഞാനും ഇവിടെ വരുന്നത്.
ബെഞ്ചാലി ആണെന്ന് ഞാന്‍ സംശയിച്ചിരുന്ന ആരുമല്ല
താങ്കള്‍ എന്ന് ഇവിടെ എത്തിയപ്പോള്‍ മനസ്സിലായി!
ഭാവുകങ്ങള്‍ ബെഞ്ചാലി

Jefu Jailaf said...

വായിച്ചു വന്നപ്പോള്‍ എനിക്കും ഒരു തരം നിഇട്ടല്‍ അനുഭവപ്പെട്ടു എന്റെ മനസ്സിലും. അക്ബ്രക്ക മുകളില്‍ പറഞ്ഞ പോലെ ഹൃദയം കല്ല്‌ കൊണ്ടല്ലല്ലോ ഉണ്ടാക്കിയിട്ടുള്ളത്..

Prinsad said...

ബെഞ്ചാ‍ാലി തന്റെ വരികളിലൂടെ തികച്ചും വിത്യസ്തമായ.. ഒരു ലോകത്തെയും യാഥാര്‍ത്ഥ്യങ്ങളെയും വരച്ചിട്ടപ്പോള്‍.. അത് ഹൃദയസപര്‍ശിയായി..

മണ്ടൂസന്‍ said...

ക്രിസ്റ്റൽ ബിസിനസ്സിലൂടെ സമ്പന്ന രാജ്യങ്ങൾ കൂടുതൽ സമ്പന്നമായിക്കൊണ്ടിരിക്കുമ്പോൾ അതനുഭവിക്കുന്ന രാജ്യങ്ങൾ കൂടുത കൂടുതൽ ദരിദ്രമായിക്കൊണ്ടിരിക്കുവല്ലേ ? നല്ല എഴുത്ത്. എപ്പഴത്തേയും പോലെ എന്തേലും മനസ്സിലാക്കാൻ ഉണ്ടാവും എന്ന് കരുതി തന്നെയാണ് ഇങ്ങോട്ട് വന്നത്. നിരാശപ്പെടുത്തിയില്ല. ആശംസകൾ.

ആചാര്യന്‍ said...

ഇപ്പോള്‍ ആണ് വായിക്കുന്നത് ...വ്യത്യസ്തമായ ഒരു വിവരണം കൂടി ഇത്രയും കാശ് കിട്ടാം ആയിരുന്നില്ല്ട്ടും നരകിക്കുന്നവ്ര്‍ ...

ഫസലുൽ Fotoshopi said...

സത്യം പറയാലോ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എനിക്കീ കണ്ണീരും വിശമവും തീരെ കാണാൻ വയ്യ... യുദ്ധം അക്രമം കൊല..............

Related Posts Plugin for WordPress, Blogger...