Nov 1, 2026

പാലാന്റിർ എന്ന നിശബ്ദ നിരീക്ഷകനും അൽഗോരിതമിക് കൊലപാതകങ്ങളും


വിവരമാണ് പുതിയ കാലത്തെ ആയുധം. മനുഷ്യന്റെ ചിന്താശേഷിയും ബുദ്ധിയും യന്ത്രങ്ങളിൽ പുനർനിർമ്മിക്കുന്ന സാങ്കേതികവിദ്യയാണ് നിർമിത ബുദ്ധി (AI). ഡിജിറ്റൽ ലോകത്ത് വിവരങ്ങൾ വിശകലനം ചെയ്ത് സ്വയം പഠിക്കാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും ഇതിന് സാധിക്കുന്നു. ആരോഗ്യരംഗത്ത് രോഗനിർണ്ണയത്തിനും, വിദ്യാഭ്യാസ മേഖലയിൽ വ്യക്തിഗത പഠനത്തിനും, കൃഷിയിൽ കാലാവസ്ഥാ പ്രവചനത്തിനും, നിത്യജീവിതത്തിൽ സ്മാർട്ട്ഫോൺ ഉപയോഗത്തിനും ഇത് വ്യാപകമായി സഹായിക്കുന്നു. അതേസമയം, തൊഴിൽ മേഖലയിലെ മാറ്റങ്ങളും ഡാറ്റാ സുരക്ഷാ ഭീഷണികളും ഇതിന്റെ പ്രധാന വെല്ലുവിളികളാണ്. വിവരങ്ങൾ പുതിയ കാലത്തെ ആയുധമാകുമ്പോൾ, വരുന്ന പുതിയ ലോകക്രമത്തിൽ AI-ക്ക് ആവശ്യമായ വിവരങ്ങൾ ആരുടെ നിയന്ത്രണത്തിലാണോ അവരായിരിക്കും ലോകത്തെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. വിവരങ്ങൾ പുതിയ കാലത്തെ ആയുധമാകുമ്പോൾ, വരുന്ന പുതിയ ലോകക്രമത്തിൽ വിവിധ ഉറവിടങ്ങളിൽ നിന്ന് വൻതോതിൽ ഡാറ്റ ശേഖരിക്കുന്ന പലാന്റിർ പോലുള്ള സാങ്കേതിക സംവിധാനങ്ങളിലൂടെ വിവരങ്ങൾ ആരുടെ നിയന്ത്രണത്തിലാണോ അവരായിരിക്കും ലോകത്തെ ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. 

ഇംഗ്ലീഷ് ഫിലോളജിസ്റ്റും എഴുത്തുകാരനുമായിരുന്ന ജെ.ആർ.ആർ. ടോൾകീന്റെ "ദി ലോർഡ് ഓഫ് ദി റിംഗ്‌സ്" എന്നൊരൂ കൃതിയിൽ 'പലാന്റിർ' (Palantír) എന്നത് ഒരു സ്ഫടിക നിർമ്മിതമായ കാഴ്ചക്കല്ലാണ് – ദൂരെയുള്ള സ്ഥലങ്ങളെയും സംഭവങ്ങളെയും നിരീക്ഷിക്കാൻ അതിന്റെ ഉടമയ്ക്ക് അധികാരം നൽകുന്ന ഒരു നിഗൂഢ വസ്തു. അത് അറിവിന്റെയും മുൻകൂട്ടി കാണാനുള്ള കഴിവിന്റെയും നിയന്ത്രണത്തിന്റെയും വാഗ്ദാനം നൽകി. എന്നാൽ ഈ അധികാരം ഒരു ശാപമായി മാറി. ഉന്നതരായ വ്യക്തികൾ പോലും അതിന്റെ വശീകരണ വലയത്തിൽ വീണുപോയി. പകുതി സത്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കപ്പെട്ട അവർ ഒടുവിൽ വിനാശകരമായ തീരുമാനങ്ങളിലേക്ക് നയിക്കപ്പെട്ടു. പലാന്റിർ പലതും വെളിപ്പെടുത്തി, പക്ഷേ ഒരിക്കലും പൂർണ്ണരൂപം കാട്ടിയില്ല. അതിന്റെ വശീകരണം വ്യക്തതയുടെ മിഥ്യാധാരണയിലായിരുന്നു; അതിന്റെ അപകടം കാഴ്ചയ്ക്കുള്ളിലെ മറഞ്ഞിരിക്കുന്ന വികലതകളിലും.

ഇന്ന്, അതേ പേരിലുള്ള പലാന്റിർ ടെക്നോളജീസ് എന്ന കമ്പനി ആ പഴയ സ്ഫടിക ഗോളത്തെ അനുസ്മരിപ്പിക്കുന്ന അദ്ഭുതകരമായ നിരീക്ഷണ ശേഷികളാണ് ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്നത്. 2003-ൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ CIA-യുടെ സാമ്പത്തിക സഹായത്തോടെ സ്ഥാപിതമായ പലാന്റിർ, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൻതോതിലുള്ള വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും ശേഷിയുള്ള അത്യന്തം ശേഷിയുള്ള ഡാറ്റാ മൈനിംഗ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇതിലൂടെ വിവരശേഖരണത്തിലും പ്രവചനശേഷിയിലും ലോകത്തിലെ ഏറ്റവും കരുത്തുറ്റ ശക്തിയായി മാറാൻ അവർക്ക് സാധിച്ചു.

ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ വിപണനം ചെയ്യുന്ന സിലിക്കൺ വാലിയിലെ സാധാരണ ടെക് കമ്പനികളിൽ നിന്ന് പലാന്റിർ വേറിട്ടുനിൽക്കുന്നു. അത് പ്രവർത്തിക്കുന്നത് പരസ്യങ്ങളുടെയും വിപണനങ്ങളുടെയും ജനമധ്യത്തിലല്ല; മറിച്ച് അതീവ രഹസ്യമായ ദേശീയ സുരക്ഷാ ഏജൻസികളിലും അന്താരാഷ്ട്ര യുദ്ധമുനമ്പുകളിലുമാണ്. ഒരു വലിയ നഗരത്തിലോ രാജ്യം മുഴുവനുമായോ ചിതറിക്കിടക്കുന്ന കോടിക്കണക്കിന് വിവരങ്ങളെ നിമിഷങ്ങൾക്കുള്ളിൽ കോർത്തിണക്കാൻ ശേഷിയുള്ള ഈ ആധുനിക 'സ്ഫടിക ഗോളം' വിവരങ്ങളുടെ നിയന്ത്രണത്തിലൂടെ പുതിയ ലോകക്രമത്തെത്തന്നെ അക്ഷരാർത്ഥത്തിൽ മാറ്റിമറിക്കുകയാണ്.


പാലാന്റിറിന്റെ ഫൗണ്ടറിയും ഗോതാമും (Gotham & Foundry) തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ 'ഡാറ്റാ ഫ്യൂഷൻ' എന്ന പ്രക്രിയയിലൂടെ ചിതറിക്കിടക്കുന്ന കോടിക്കണക്കിന് വിവരങ്ങളെ ഒരിടത്ത് കൂട്ടിയിണക്കുന്നു. ബാങ്ക് ഇടപാടുകൾ, സിസിടിവി ദൃശ്യങ്ങൾ, ഫോൺ വിളികൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, യാത്രാ രേഖകൾ, വിസ വിവരങ്ങൾ, ഡിഎൻഎ ഡാറ്റ എന്നിവയെല്ലാം ഈ സംവിധാനത്തിലേക്ക് ഒഴുകിയെത്തുന്നു. മനുഷ്യന് കണ്ടെത്താൻ കഴിയാത്ത ബന്ധങ്ങൾ ഈ വിവരങ്ങളിൽ നിന്ന് കണ്ടെത്താൻ ഇതിലെ 'കോഗ്നിറ്റീവ് എഞ്ചിനുകൾക്ക്' സാധിക്കുന്നു. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങൾ,പ്രാദേശിക ശൃംഖലകൾ (ഓഫീസുകളിലെ വൈ-ഫൈ, സിസിടിവി ക്യാമറകൾ ഒന്നിച്ച് ഘടിപ്പിച്ചിരിക്കുന്ന ലോക്കൽ നെറ്റ്‌വർക്ക്, ബാങ്കുകളിലെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ആഭ്യന്തര കണക്ഷനുകൾ), ഇന്റർനെറ്റ് ശൃംഖല തുടങ്ങിയവയിൽ നിന്ന് ഡാറ്റ ശേഖരിക്കുന്നത് വഴി ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ മുഴുവനായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇവർക്ക് സാധിക്കുന്നു. തങ്ങളുടെ പക്കലുള്ള വലിയ അളവിലുള്ള ഡാറ്റ പരിശോധിക്കാനും, മനുഷ്യ വിശകലന വിദഗ്ധർക്ക് ആഴ്ചകളോ മാസങ്ങളോ എടുക്കുന്ന പാറ്റേണുകളോ കണക്ഷനുകളോ കണ്ടെത്താനും കഴിയുന്ന സോഫ്റ്റ്‌വെയറുകളിലാണ് പാലന്തിർ വൈദഗ്ദ്ധ്യം നേടുന്നത്. 2025 ജൂലൈയിൽ യുഎസ് ആർമിയുമായി 10 ബില്യൺ ഡോളറിന്റെ കരാറിൽ കമ്പനി ഒപ്പുവെച്ചു, യു.എസിലെ ആഭ്യന്തര നിരീക്ഷണത്തിൽ കമ്പനിയുടെ പങ്ക് ഗണ്യമായി വർദ്ധിച്ചു, അതോടൊപ്പം പൊതുജനങ്ങളുടെ ആശങ്കയും.

പാലന്തിറിന് രണ്ട് തരം ക്ലയന്റുകളാണുള്ളത്, വലിയ കോർപറേറ്റുകളും, സൈനികപ്രതിരോധ സംവിധാനങ്ങളുമാണവ.  സൈനിക പ്രതിരോധ വിഭാഗമാണ് ഏറ്റവും വിവാദപരമായ വിഭാഗം. രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള മികച്ച ഡാറ്റാ വിശകലനം 9/11 തടയാമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന പീറ്റർ തീൽ ആണ് 2003ൽ പാലന്തിർ സ്ഥാപിച്ചത്. "പാശ്ചാത്യ രാജ്യങ്ങളെ സംരക്ഷിക്കുക" എന്നതായിരുന്നു കമ്പനിയുടെ സ്ഥാപക ലക്ഷ്യം. സമീപകാല യുഎസ് തിരഞ്ഞെടുപ്പിന് ശേഷം കമ്പനിയുടെ ഓഹരി വില ഏകദേശം 500% വർദ്ധിച്ചു. ചെയർമാൻ പീറ്റർ തീൽ ഡൊണാൾഡ് ട്രംപിനും, സി.ഇ.ഒ അലക്സാണ്ടർ കാർപ്പ് കമല ഹാരിസിനും നൽകിയ പിന്തുണകൾ വഴി രാഷ്ട്രീയമായി വലിയ സ്വാധീനം കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. ശത്രുക്കളെ ഭയപ്പെടുത്താനും ആവശ്യമെങ്കിൽ കൊല്ലാനും പങ്കാളികളെ സഹായിക്കുകയാണ് തങ്ങളുടെ ജോലി എന്ന് സി.ഇ.ഒ അലക്സാണ്ടർ കാർപ്പ് പരസ്യമായി പ്രഖ്യാപിച്ചത് ഈ കമ്പനിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു.

ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ്, പ്രെഡിക്റ്റീവ് പോലീസിംഗ്, ഇന്റലിജൻസ് ഷെയറിംഗ് എന്നിവയിലെല്ലാം ഇന്ന് പലാന്റിറിന്റെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ട്. യു.എസ്. ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിൽ പലാന്റിർ വഹിക്കുന്ന പങ്കിനോളം മറ്റൊരു കാര്യവും ഇത്രയധികം വിമർശിക്കപ്പെട്ടിട്ടില്ല. 2025 ഏപ്രിലിൽ, കുടിയേറ്റക്കാരുടെ നീക്കങ്ങളും പശ്ചാത്തലവും തത്സമയം നിരീക്ഷിക്കാൻ ഐ.സി.ഇ (ICE) പലാന്റിറുമായി 30 ദശലക്ഷം ഡോളറിന്റെ കരാറിൽ ഒപ്പിട്ടു. അതിർത്തി കടന്നുള്ള വരവ്, വിസ രേഖകൾ, വീട്ടുപേരുകൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കപ്പെടും. കുറ്റവാളികളെയും മനുഷ്യക്കടത്തുകാരെയും കൃത്യമായി കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ, സാധാരണക്കാരെ പോലും അൽഗോരിതങ്ങൾ വഴി നാടുകടത്താൻ ഇത് കാരണമാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ഭയപ്പെടുന്നു. മികച്ച സുരക്ഷയും കാര്യക്ഷമതയും ഇവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഗുരുതരമായ ധാർമ്മികവും നിയമപരവുമായ ചോദ്യങ്ങൾ ഇവ ഉയർത്തുന്നു. ടോൾകീന്റെ പലാന്റിറിനെപ്പോലെ, ഈ സംവിധാനങ്ങളും അഭൂതപൂർവമായ കാഴ്ചാശക്തി നൽകുന്നു, എന്നാൽ ഇതിന്റെ അനന്തരഫലങ്ങൾ അപകടകരമാണെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു.

കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ വിശകലനം ചെയ്ത് ഭാവിയിൽ എവിടെ കുറ്റകൃത്യം നടക്കാം എന്ന് മുൻകൂട്ടി പ്രവചിക്കുന്ന രീതിയും പലാന്റിർ നടപ്പിലാക്കുന്നു. അൽഗോരിതം വഴിയുള്ള പോലീസിംഗ് ന്യൂ ഓർലിയൻസ്, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളിൽ ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഈ സംവിധാനം പലപ്പോഴും വംശീയമായ മുൻവിധികൾ പ്രകടിപ്പിക്കുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ അനാവശ്യമായി ലക്ഷ്യം വെക്കുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് പലയിടങ്ങളിലും ഈ പ്രോഗ്രാമുകൾ ഉപേക്ഷിക്കേണ്ടി വന്നു. സി.ഐ.എയുടെ നിക്ഷേപത്തോടെ ആരംഭിച്ച കമ്പനി എന്ന നിലയിൽ, സൈനിക-ചാര ഏജൻസികൾക്ക് പലാന്റിർ അത്യന്താപേക്ഷിതമായിക്കഴിഞ്ഞു. ഫോൺ രേഖകൾ മുതൽ സാമ്പത്തിക ഇടപാടുകൾ വരെ വിശകലനം ചെയ്ത് മറഞ്ഞിരിക്കുന്ന ഭീഷണികൾ കണ്ടെത്താൻ പലാന്റിറിന്റെ പ്ലാറ്റ്‌ഫോമുകൾ സഹായിക്കുന്നു. വിവിധ സർക്കാർ ഏജൻസികളിലെ ഡാറ്റാബേസുകൾ ഒന്നിപ്പിക്കുന്ന പദ്ധതി വലിയ തോതിലുള്ള ആഭ്യന്തര നിരീക്ഷണത്തിന് വഴിവെക്കുമെന്ന് മാത്രമല്ല, മനുഷ്യന്റെ സ്വകാര്യ ജീവിതത്തെ അപകടപ്പെടുത്തുന്നു.

പലാന്റിർ ടെക്നോളജീസ് സർക്കാരുകൾക്ക് നൽകുന്ന വാഗ്ദാനം ആകർഷകമാണ്. എല്ലാം, എല്ലായിടത്തും, ഒരേസമയം കാണാനുള്ള കഴിവ്. എന്നാൽ ഈ പൂർണ്ണജ്ഞാനത്തിനായുള്ള അന്വേഷണം വലിയ ധാർമ്മിക വിപത്തുകൾ വരുത്തിവെക്കുന്നു. കൂടുതൽ കാര്യങ്ങൾക്കായി അൽഗോരിതങ്ങളെ ആശ്രയിക്കുമ്പോൾ സുതാര്യതയും മൗലികാവകാശങ്ങളും ബലികഴിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ടോൾകീന്റെ പുസ്തകത്തിലേതുപോലെ, പലാന്റിർ സാങ്കേതികവിദ്യ സ്വതവേ തിന്മയല്ല; അത് സുരക്ഷാ ആവശ്യങ്ങൾക്ക് ഉപയോഗപ്രദമായേക്കാം. എന്നാൽ നിയന്ത്രണവും മേൽനോട്ടവുമാണ് പ്രധാനം. ഈ ഡിജിറ്റൽ യുഗത്തിൽ നിരീക്ഷകരെ ആര് നിരീക്ഷിക്കും എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. നാമിന്ന് ഒരു വഴിത്തിരിവിലാണ്. നിരീക്ഷിക്കാനുള്ള അധികാരം മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനുള്ള നമ്മുടെ ശേഷിയേക്കാൾ വളരാൻ പാടില്ല. ജനാധിപത്യത്തെ തകർക്കാത്ത ഒരു ഭാവി തിരഞ്ഞെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

യുദ്ധക്കളത്തിലെ തീരുമാനങ്ങൾ എടുക്കുന്നതിനായി വിവരങ്ങൾ ഏകോപിപ്പിക്കുന്നതിൽ പാലാന്റിർ അത്യന്താപേക്ഷിതമായിക്കഴിഞ്ഞു. റഷ്യൻ പീരങ്കിപ്പടയെ കണ്ടെത്താൻ ഉക്രേനിയൻ സൈന്യത്തെ സഹായിക്കുന്നത് മുതൽ, സാധനസാമഗ്രികൾ എത്തിക്കുന്നതിലെ തടസ്സങ്ങൾ കണ്ടെത്താൻ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിനെ സഹായിക്കുന്നത് വരെ ഈ പ്രക്രിയ നീളുന്നു. ഇസ്രായേൽ സൈന്യത്തിന്റെ ലക്ഷ്യം വെച്ചുള്ള നരനായാട്ടുകളിൽ പാലാന്റിർ വഹിക്കുന്ന പങ്ക് അതീവ ഗൗരവകരമാണ്. 'ലാവെൻഡർ' എന്ന വിവാദ AI പ്രോഗ്രാം സോഷ്യൽ മീഡിയ വിവരങ്ങളും സെൽഫോൺ ട്രാക്കിംഗും ഉപയോഗിച്ച് ലക്ഷ്യങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നു. ഗാസയിലെ 150-ലധികം പലസ്തീനിയൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് പിന്നിൽ ഈ സാങ്കേതികവിദ്യ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡ്രോണുകളിൽ നിന്നും സാറ്റലൈറ്റുകളിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങൾ തത്സമയം വിശകലനം ചെയ്ത് ശത്രുക്കളെ തിരിച്ചറിയുകയും ആക്രമിക്കുകയും ചെയ്യുന്ന 'കില്ല് ചെയിൻ' രീതി യുദ്ധത്തെ വികാരങ്ങളില്ലാത്ത ഒരു യന്ത്രപ്രക്രിയയാക്കി മാറ്റിയിരിക്കുകയാണ്.

സൈനിക ഭാഷയിൽ ഒരു ശത്രുവിനെ കണ്ടെത്തി നശിപ്പിക്കുന്നത് വരെയുള്ള ഘട്ടങ്ങളെയാണ് കില്ല് ചെയിൻ എന്ന് വിളിക്കുന്നത്. സാധാരണയായി ഇതിൽ അഞ്ച് ഘട്ടങ്ങളുണ്ട്, കണ്ടെത്തൽ (നിരീക്ഷണത്തിലൂടെ ശത്രുവിനെ കണ്ടെത്തുന്നു) സ്ഥിരീകരണം (കണ്ടെത്തിയത് ശത്രു തന്നെയാണെന്ന് ഉറപ്പിക്കുന്നു) ലക്ഷ്യം വെക്കൽ (ശത്രുവിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നു) തീരുമാനം (ആക്രമിക്കാൻ അനുമതി നൽകുന്നു) ആക്രമണം (ആയുധം ഉപയോഗിക്കുന്നു). പണ്ട് ഈ അഞ്ച് ഘട്ടങ്ങൾക്കിടയിൽ മനുഷ്യരായ ഉദ്യോഗസ്ഥർ ഓരോന്നായി പരിശോധിച്ച് ഉറപ്പുവരുത്തുമായിരുന്നു. എന്നാൽ പാലാന്റിറിന്റെ AI ഈ അഞ്ച് ഘട്ടങ്ങളെയും ഒരൊറ്റ സെക്കന്റിലേക്ക് ചുരുക്കുന്നു. ഇതിനെയാണ് 'കംപ്രസ്ഡ് കില്ല് ചെയിൻ' എന്ന് വിളിക്കുന്നത്.

കഴിഞ്ഞ ഗാസ ആക്രണത്തിൽ, പാലാന്റിറിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളുടെ ഒരു വലിയ പട്ടിക തയ്യാറാക്കുന്നു. ഡ്രോൺ ദൃശ്യങ്ങൾ, ഫോൺ സംഭാഷണങ്ങൾ, സോഷ്യൽ മീഡിയ എന്നിവ വിശകലനം ചെയ്ത് AI തന്നെ തീരുമാനിക്കുന്നു ആരാണ് 'ഭീകരവാദി' എന്ന്. ഇതിന്റെ അപകടം എന്തെന്നാൽ, പല സാഹചര്യങ്ങൾക്കനുസരിച്ച് വികാരപരമായ സംസാരങ്ങൾ മനുഷ്യർ നടത്തുന്നു. അനീതിക്കെതിരെയുള്ള വൈകാരിക പ്രകടനങ്ങൾക്കനുസരിച്ച് എഐ ടൂളുകൾ  നൽകുന്ന ഈ പട്ടിക എത്രത്തോളം കൃത്യമാണെന്ന് പരിശോധിക്കാൻ മനുഷ്യർക്ക് സമയം ലഭിക്കുന്നില്ല എന്നതാണ്. എഐ ഒരു വീട് ലക്ഷ്യമായി കാണിച്ചാൽ സൈന്യം അത് കണ്ണടച്ച് വിശ്വസിക്കേണ്ടി വരുന്നു. ഗാസയിൽ സയണിസ്ററ് ഭീകര രാഷ്ട്രം കൊന്നൊടുക്കിയതിൽ നിരപരാധികളായ എത്ര പതിനായിരങ്ങൾ ഇവയുടെ ഇരകളായിരിക്കും? 

യന്ത്രങ്ങളുടെ തീരുമാനങ്ങൾ എത്രത്തോളം അപകടകരമാകാമെന്നതിന് തെളിവാണ് 2026 ഫെബ്രുവരിയിൽ ഇറാനിലെ മിനാബ് അതിർത്തിയിൽ നടന്ന ദുരന്തം. പാലാന്റിറിന്റെ 'കോഗ്നിറ്റീവ് എഞ്ചിൻ' ആയിരക്കണക്കിന് ഇറാൻ ലക്ഷ്യസ്ഥാനങ്ങളെയാണ് നിമിഷങ്ങൾക്കുള്ളിൽ തരംതിരിച്ചത്. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ യന്ത്രം തീരുമാനങ്ങൾ എടുത്തപ്പോൾ, അവിടെ നയതന്ത്ര ചർച്ചകൾക്കോ സമാധാന ശ്രമങ്ങൾക്കോ പ്രസക്തിയില്ലാതായി. യന്ത്രങ്ങൾക്ക് ഒരിക്കലും മനുഷ്യന്റെ 'മനസ്സാക്ഷി' ഉണ്ടാകില്ല. കണക്കുകൾ മാത്രം നോക്കി ജീവൻ എടുക്കുന്ന ഈ രീതി വലിയൊരു ദുരന്തത്തിലേക്കാണ് നയിച്ചത് . ഇവിടെ ഉത്തരവാദിത്തം ഏൽക്കാൻ ആരുമില്ലാത്ത 'അൽഗോരിതമിക് പ്ലോസിബിൾ ഡിനയബിലിറ്റി' എന്ന അവസ്ഥയാണ് സംജാതമാകുന്നത്. ഒരു AI സിസ്റ്റം നൽകിയ തെറ്റായ വിവരം കാരണം ഒരു ആശുപത്രിയോ സ്കൂളോ തകർക്കപ്പെട്ടാൽ ആരും ഉത്തരവാദിത്തം ഏൽക്കില്ല. കമ്പനി പറയും, ഞങ്ങൾ സോഫ്റ്റ്‌വെയർ മാത്രമേ നൽകിയുള്ളൂ, തീരുമാനം എടുത്തത് സൈന്യമാണ്. സൈന്യം പറയും യന്ത്രം തന്ന കൃത്യമായ വിവരങ്ങൾ അനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്. ചുരുക്കത്തിൽ, AIക്ക് പിണഞ്ഞ അബദ്ധം എന്ന് പറഞ്ഞ് എല്ലാവർക്കും കൈകഴുകാം.

യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (NHS) ഡാറ്റ കൈകാര്യം ചെയ്യാനുള്ള  330 മില്യൺ പൗണ്ടിന്റെ കരാർ പാലാന്റിർ സ്വന്തമാക്കിയത് വലിയ ആശങ്കകൾക്ക് വഴിവെച്ചു. രോഗികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും യുദ്ധക്കളത്തിൽ ഡ്രോൺ ആക്രമണത്തിന് വിവരങ്ങൾ നൽകുന്ന ഒരു കമ്പനി ആരോഗ്യരംഗത്തെ സ്വകാര്യതയെ മാനിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ആരോഗ്യ വിവരങ്ങളും ഡിഎൻഎ ഡാറ്റയും ഉപയോഗിച്ച് ഭാവിയിൽ വ്യക്തികളെ വേട്ടയാടാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെട്ടേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ബയോമെട്രിക് വിവരങ്ങളും ഡിഎൻഎ ഡാറ്റയും സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകളുമായി സംയോജിപ്പിക്കപ്പെടാം. ഇത് സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്ന ഭയാനകമായ സാഹചര്യങ്ങളിലേക്ക് ലോകത്തെ എത്തിക്കും. പ്രവചനാധിഷ്ഠിത നിയന്ത്രണത്തിലൂടെ ഒരു കുറ്റം നടക്കുന്നതിന് മുമ്പ് തന്നെ ഒരാളെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം. ജൈവികമായ അടയാളങ്ങൾ ഉപയോഗിച്ച് ഡ്രോണുകൾക്ക് കൃത്യമായി ഒരാളെ കണ്ടെത്തി ഇല്ലാതാക്കാൻ സാധിക്കുന്ന ബയോമെട്രിക് ടാർഗെറ്റിംഗ് രീതി നിലവിൽ വന്നേക്കാം. പാലാന്റിറിന്റെ വളർച്ച ലോകത്തെ പുതിയൊരു അധികാര കേന്ദ്രത്തിലേക്കാണ് നയിക്കുന്നത്. ഇനി ആരുടെ പക്കൽ കൂടുതൽ ആയുധമുണ്ട് എന്നതിലല്ല, മറിച്ച് ആരുടെ പക്കൽ കൂടുതൽ കൃത്യമായ അൽഗോരിതം ഉണ്ട് എന്നതിലായിരിക്കും കാര്യം. സ്വകാര്യത ഇല്ലാത്തതും കൊലപാതകങ്ങൾ യന്ത്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ഭീകരമായ ഭാവിയിലേക്കാണ് ഇതുപോലുള്ള ഡാറ്റാ ഭീമന്മാർ ലോകത്തെ നയിക്കുന്നത്. അറിവ് ആയുധമാക്കപ്പെടുന്ന ഈ യുഗത്തിൽ സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ സ്വകാര്യതയ്ക്കും അവകാശങ്ങൾക്കും വേണ്ടി ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


No comments:

Related Posts Plugin for WordPress, Blogger...