Showing posts with label ഈജിപ്ത്. Show all posts
Showing posts with label ഈജിപ്ത്. Show all posts

Aug 20, 2013

ഉർദുഗാന് നേടാനായതും മുർസിക്ക് നേടാനാവാത്തതും



ഇറാനികൾ 1981ൽ ഹജ്ജിനു വന്ന സന്ദർഭത്തിൽ മുസ്ലിം ലോകത്തിന്റെ ശത്രുക്കൾക്കെതിരെ പ്രകടനം നടത്താൻ പെർമിറ്റ് ചോദിച്ചപ്പോൾ സൌദി അതോറിറ്റി അനുവാദം നൽകിയിരുന്നു. ഹറമിനെ അതി പവിത്രതയോടെ കാണുന്ന ഏതൊരൂ വിഭാഗത്തിന്റെയും നിഷിദ്ധമല്ലാത്ത ചെയ്തികൾക്ക് കാർക്കശ്യമായ നിലപാട് അതോറിറ്റിയിൽ നിന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് നാല് ഇമാമീങ്ങളിൽ നിന്നും ഒന്നിലേക്ക് ഏകീകരിക്കപെട്ടപ്പോൾ ചില കർമ്മങ്ങളിൽ വ്യത്യസ്ത ഇമാമുമാരുടെ പാത സ്വീകരിച്ചിരുന്നവരുടെ കർമ്മങ്ങളെ നില നിർത്തുന്ന രീതിയിൽ നയ നിലപാടുകൾ സ്വീകരിച്ചത്. അതിന്റെ ശരിതെറ്റുകളിലേക്ക് പോകുന്നില്ല, മറിച്ച് അത്രമാത്രം വിശാല മനസ്കത കാണിച്ചത് പോലെയാണ് ഹറമിലേക്ക് വന്ന ഇറാനിയൻ ഹാജിമാർക്ക് പ്രകടനം നടത്താനും പെർമിറ്റ് നൽകിയത്. എന്നാൽ അതീവ രഹസ്യമായി ഇറാൻ രാഷ്ട്രീയ ചിന്തകൾ പേറുന്ന നോട്ടീസുകളും പ്രകടനത്തിൽ വിതരണം ചെയ്യപെട്ടു, ഇറാന്റെ രാഷ്ട്രീയ നിലപാടുകൾക്ക് പിന്തുണ നേടാൻ ഹജ്ജ് കർമ്മങ്ങളിൽ ഉപയോഗപെടുത്തണമെന്ന ആയത്തുള്ള ഖുമൈനിയുടെ ആഹ്വോനമനുസരിച്ചായിരുന്നു നോട്ടീസും പ്രകടങ്ങളുമെല്ലാം പ്ലാൻ ചെയ്തത്. യാതൊരൂ നിയന്ത്രണങ്ങളുമില്ലാതെ ലക്ഷകണക്കിന് ലോക മുസ്ലിംങ്ങൾ സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒത്തുചേരുന്ന ഹജ്ജ് കർമ്മം രാഷ്രീയ സ്വാധീനമുണ്ടാക്കാന് ഏറെ പറ്റിയ സ്ഥലമെന്ന ചിന്തയിലാണ് ഇറാൻ ഭരണകൂടം അത്തരം പദ്ധതികൾ രൂപപെടുത്തിയത്. കൂടാതെ ഇറാനും ഇറാഖും തമ്മിൽ ശക്തമായ യുദ്ധത്തിലാവുകയും യുദ്ധത്തിൽ സൌദി അറേബ്യ ഇറാഖ് പക്ഷത്തെ സാമ്പത്തികമായി സഹായിക്കുകയും ചെയ്ത സന്ദർഭത്തിൽ സൌദിയുടെ ശക്തിയെ ക്ഷയിപ്പിക്കുന്നതിനും ഇറാഖിനു നൽകികൊണ്ടിരിക്കുന്ന സാമ്പത്തിക സഹായത്തിന് തടസമുണ്ടാക്കുന്നതിനും പുറമെ പരിശുദ്ധ ഭവനങ്ങളുടെ അധികാരം ശിയാക്കളിൽ നിക്ഷിപ്തമാവണമെന്ന അടങ്ങാത്ത ആഗ്രഹവുമായാണ് 1987ൽ പരിശുദ്ധ ഹറം പിടിച്ചടക്കാൻ ഖുമൈനി പദ്ധതി തയ്യാറാക്കിയത്.

1987 ജൂലായ് മാസത്തിന്റെ ചൂടിലായിരുന്നു പരിശുദ്ധ ഹജ്ജ് കർമ്മം. പരിശുദ്ധ ഹറമിലേക്ക് വിശ്വാസികൾക്ക് സൌകര്യങ്ങളൊരുക്കി കൊണ്ട് ഹറമിനകത്ത് സേവന കർമ്മ നിരതരായി സെക്യൂരിറ്റികൾ നിശ്ചയിക്കപെട്ട ജോലികളിൽ വ്യാപൃതരായിരുന്നു. ഹറമിനു പരിസരത്ത് മരണപെട്ടവരുടെ ശരീരം നമസ്കാരത്തിന് ഹറമിനുള്ളിലേക്ക് കൊണ്ടുവന്നു മാരണാനന്തര നമസ്കാരത്തിനു ശേഷമാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോവുക. ലക്ഷകണക്കിനാളുകൾ സംഘമിക്കുന്ന ഹറമിൽ എല്ലാ നമസ്കാര വേളകളിലും മരണപെട്ടവരും അവർക്ക് വേണ്ടി നമസ്കരിക്കുന്നതും സാധാരണമാണ്. ഈ ഒരു സാഹചര്യം മുതലാക്കി 1987ൽ മൃതശരീരങ്ങൾ കൊണ്ടുവരുന്ന മഞ്ചലിൽ നന്നായി കവർ ചെയ്തുകൊണ്ട് മൃതശരീരങ്ങൾക്ക് പകരം ആയുധങ്ങളുമായാണ് ഒരു കൂട്ടം ആളുകൾ ഹറമിനുള്ളിലേക്ക് കയറിയത്. പ്രീ പ്ലാൻ ചെയ്ത പദ്ധതിയുടെ ഭാഗമായി ഹറമിനുള്ളിൽ വെച്ച് ആ ആയുധങ്ങൾ ഗ്രൂപ്പിൽ പെട്ടവർക്ക് വിതരണം ചെയ്യുകയും മൂടിപുതച്ച വസ്ത്രങ്ങൾക്കുള്ളിൽ ആയുധങ്ങളുമായി അവർ നിശ്ചയിക്കപെട്ട സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. ഹറമിനുള്ളിൽ സേവനം നടത്തികൊണ്ടിരിക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ മനുഷ്യ സ്നേഹത്തിന്റെ പ്രതീകങ്ങളാണ് എന്ന് ഹറമിൽ വന്ന ഏതൊരാൾക്കും അനുഭവിച്ചറിയുന്നതാണ്, കർമ്മനിരതരായി ജനങ്ങൾകൊപ്പം നിലകൊണ്ടിരുന്ന സെക്യൂരിറ്റിക്കാർ ഓരോരുത്തരായി മരിച്ചു വീഴുന്നതാണ് പിന്നെ കണ്ടത്. പവിത്രത കൊണ്ട് രക്തം ചിന്താൻ പാടില്ലാത്ത പുണ്യസ്ഥലത്ത് ഹറം സേവകരുടെ ചോര ചിന്തി. ഹാജിമാരുടെ കൂടെ സൌദി ഭരണകൂടം നിർത്തിയ വളണ്ടിയർമാർ ഓരോന്നായ് അക്രമികളുടെ ഇരകളായ് കൊണ്ടിരുന്നു. പുറത്തുനിന്നും അക്രമികളെ നേരിടാൻ വന്നവരും വീണുടഞ്ഞു. മുസ്ലിം ലോകത്തെ എല്ലാവരാലും പവിത്രമായി കരുതുന്ന ഹറമിൽ വളരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ അക്രമണം തീരെ പ്രതീക്ഷിക്കാത്തതിനാൽ പെട്ടെന്നൊരു പ്രതിരോധത്തിന് സാധിച്ചതുമില്ല. അവസാനം ഭരണകൂടം പരിശുദ്ധ ഹറമിലേക്ക് ടാങ്കറുകൾ കയറ്റിയാണ് അക്രമികളെ നേരിട്ടത്.

പരിശുദ്ധ ഹറം അക്രമികളിൽ നിന്നും മോചിപ്പിക്കപെട്ടപ്പോൾ ലോക മുസ്ലിംങ്ങൾക്കെല്ലാം സമാധാനമായി. എന്നാൽ ഇറാനിലെ ശിയാ വിപ്ലവത്തിൽ ആകൃഷ്ടരായ ഇസ്ലാമിസ്റ്റുകളിൽ അതി തീവ്ര നിലപാട് സ്വീകരിച്ച മൌദൂദി സാഹിബിന്റെ അനുയായികൾക്ക് ഏറെ ദുഖമുണ്ടാക്കിയത് സൌദി ഭരണകൂടം ഹറമിൽ ടാങ്കറുകളുമായി അക്രമികളെ നേരിട്ടതിലായിരുന്നു. ഒറ്റൊയൊറ്റയായി ചോര ചിന്തി മരിച്ചുവീണ ഹജ്ജ് വളണ്ടിയർമാരായ സെക്യൂരിറ്റിയെ കുറിച്ചൊ ഹറമിന്റെ നിയന്ത്രണത്തെ കുറിച്ചൊ അവർക്ക് അലോചനയുണ്ടായില്ല, ടാങ്കറുകൾ കയറി അക്രമികൾ കൊല്ലപെട്ടതിലാണ് അവർക്ക് വ്യസനമുണ്ടായത്. അത്തരത്തിലായിരുന്നു ആയത്തുള്ള ഖുമൈനിയിൽ നിന്നും മൌദൂദിയിലേക്ക് കടന്നുവന്ന വിപ്ലവ ചിന്ത. ആ വിഷയത്തിലേക്കിപ്പോൾ പോകുന്നില്ല.

പരിശുദ്ധ ഹറമുകളും മുസ്ലിം ലോകത്തേയും തങ്ങളുടെ ലക്ഷ്യത്തിനു കീഴിലാക്കുക എന്നത് ശിയാ‌ വിപ്ലവത്തിനു ശേഷം രൂപം കൊണ്ട ഇറാൻ പദ്ധതിയാണ്. അതുമനസ്സിലാക്കിയും അത്തരത്തിലുള്ള ചിന്തകൾ വേരോടാതിരിക്കാനുമാണ് സൌദി ഭരണകൂടം പ്രയത്നിക്കുന്നതും. അതിന്റെ അലയൊലികളാണ് മിഡ്‌ലീസ്റ്റിൽ പല കാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇറാഖിലായാലും ബഹ്‌റൈനിലായാലും സിറിയയിലായാലും പലസ്തീനിലായാലും ഈജിപ്തിലായാലും എല്ലാം അതിന്റെ വ്യത്യസ്ത പോരാട്ടങ്ങളാണ്.

ബഹ്‌റൈനിൽ ഇപ്പോഴുള്ള ഭരണകൂടം മാറി പുതിയ ഇറാൻ അനുകൂല ഭരണകൂടം വന്നാൽ എന്തായിരിക്കും സ്ഥിതി? സൌദിയിൽ നിന്നും ലഭിക്കുന്ന ഊർജ്ജവും സപോർട്ടും ഇല്ലാതാവുകയാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ തലപൊക്കി ആ രാജ്യം തകർക്കപെടുകയും അശാന്തിയുടെ ഭൂമിയായ് മാറുകയും ചെയ്യുമെന്നതിൽ രണ്ടഭിപ്രായമുണ്ടാവില്ല. സൌദിയോട് ചേർന്നു കിടക്കുന്ന ബഹ്‌റൈനെ സമ്പത്തികമായും മറ്റു നിലയിലും സഹായിക്കാൻ ഇറാന് പരിമിതികളുണ്ടെങ്കിലും മേഖലയിലെ താല്പര്യങ്ങൾ കൊണ്ടാണ് അവിടെ പ്രശ്നങ്ങളുണ്ടാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ശിയാ വിഭാഗം വളരെ ന്യൂനപക്ഷമായ സൌദിയിൽ പോലും അവരെ ഉപയോഗപെടുത്തി ഇറാൻ കളിച്ചുകൊണ്ടിരിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കി അസ്ഥിരതയും അസമാധാനവും ഉളവാക്കുക വഴി തങ്ങൾക്കനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണ്.

മിഡീസ്റ്റിൽ ആധിപത്യമുറപ്പിക്കുന്നതിന് എന്ത് കുതന്ത്രത്തിനും ഇറാൻ തയ്യാറാണ്. അതിനെ മറി കടക്കാൻ, ഇറാഖിൽ നഷ്ടപെട്ടത് സിറിയയിൽ നേടുക വഴി മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ രാഷ്ട്രങ്ങൾ പരിശ്രമിക്കുന്നതിൽ രാഷ്ട്രീയവും മതപരവുമായ വേർത്തിരിവുണ്ട്. ഇറാഖിൽ ഭൂരിപക്ഷമെന്ന കഷായ കണക്കിലാണ് ഇറാൻ അനുകൂല ശിയാക്കളിലേക്ക് അധികാരം വന്നെത്തിയത്. ജനാധിപത്യം എന്നത് രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ചും കൈയ്യൂക്കിനനുസരിച്ചുമാണ്. അതുകൊണ്ടാണല്ലൊ ഹു‌സ്നി മുബാറക്കിന് 30 വർഷം അധികാരകസേര ലഭിച്ചത്. അതുകൊണ്ട് തന്നെ ജനാധിപത്യം ആവശ്യത്തിനനുസരിച്ച് വ്യത്യസ്ത മേഖലയിൽ വ്യത്യസ്ത രീതിയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വളരെ ന്യൂനപക്ഷമായ ബഷാറിന് സിറിയയിൽ ഭൂരിപക്ഷ ജനങ്ങളെ അടിച്ചമർത്തികൊണ്ട് അധികാരത്തിലിരിക്കാൻ ഒത്താശകൊടുക്കുന്ന ഇറാനെതിരെ ശബ്ദിക്കാൻ എത്ര ഇസ്ലാമിസ്റ്റുകൾ തയ്യാറായിട്ടുണ്ടാവും? എന്നാൽ ഈജിപ്തിന്റെ വിഷയത്തിൽ സൌദി അറേബ്യയെ പരിഹസിക്കാൻ നൂറ് നാവുണ്ട്!

ഈജിപ്തിൽ ഹുസ്നി മുബാറക് മാറിയപ്പോഴും തിരഞ്ഞെടുപ്പ് കഴിഞ്ഞു മുർസിയുടെ നേതൃത്വത്തിൽ ഇ‌ഖ്‌വാനികൾ അധികാരത്തിൽ എത്തിയപ്പോഴും ഒന്നിലും ഇടപെടാതെ സൌദി അറേബ്യ മാറ്റങ്ങളെ സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. സലഫി പക്ഷമായ അന്നൂറ് പാർട്ടി ഭരണത്തിൽ പങ്കാളിയായതും പ്രതീക്ഷയോടെ നോക്കികണ്ടത്. എന്നാൽ സൌദിയുമായി ബന്ധം സലഫി സംഘടനകൾക്ക് സ്വാധീനവും ശക്തിയും കൂട്ടുമെന്ന് ഭയന്നൊ, ഭരണത്തിൽ പങ്കാളികളായ സലഫികളെ മാനസ്സികമായി അകറ്റിനിർത്തുന്നതിനോ വേണ്ടി സലഫികളോട് എന്നും ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ഇറാനുമായി ഇഖ്‌വാൻ അടുത്തു, അതല്ലെങ്കിൽ ഇഖ്‌വാനിന്റെ രാഷ്ട്രീയ കളികളുടെ ഭാഗമായി ശിയാ വിപ്ലവങ്ങളേ അനുഭാവപൂർവ്വം കാണുന്ന ഇസ്ലാമിസ്റ്റുകൾ ഇറാനോട് ചങ്ങാത്തം കൂടാനാണ് കൂടുതൽ താല്പര്യം കാണിച്ചത്. മുർസിയുടെ വലം കൈ ഹിസ്ബുള്ളക്കും ഇറാനും നൽകിയപ്പോൾ ഇടതു കൈ തട്ടിമാറ്റി സൌദി മുഖം തിരിച്ചു. മിഡ്‌ലീസ്റ്റിലെ രാഷ്ട്രീയ അജണ്ടകൾ അറിയാത്തവരല്ല മുർസിയും ഈജിപ്തിലെ ഇഖ്‌വാനികളും, എന്നീട്ടും ബന്ധങ്ങളുടെ മുൻ‌ഗണന മാറ്റിമറിച്ചു! അത് വലിയ വീഴ്ച്ച തന്നെയായിരുന്നു. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും മിഡ്‌ലീസ്റ്റിലെ പ്രധാന ഇടമാണ് ഈജിപ്ത്. മേഖലയിൽ ഇറാൻ അനുകൂല രാഷ്ട്രം രൂപീകൃതമാവുന്നതും അതി ഗൌരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ സൌദി അറേബ്യയും അനുകൂല രാജ്യങ്ങളും ഈജിപ്തിനു നൽകികൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തിവെച്ചതും. എന്നീട്ടും പാഠമുൾകൊള്ളാൻ മുർ‌സിയും ഇഖ്‌വാനും ശ്രമിച്ചില്ല. ഈജിപ്ത് ദാരിദ്യത്തിലേക്ക് കൂപ്പ് കുത്തി. ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങളൊരുക്കാൻ മുർസിക്കും കൂട്ടർക്കും കഴിയാതെയായി. പാചകവാതകങ്ങൾക്കും ഗ്യാസൊലിനും കറന്റിനും നിയന്ത്രണങ്ങൾ വന്നു, പെട്രോൾ സ്റ്റേഷനിൽ ആറു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു, പാചകവാതകത്തിനും തഥൈവ. വൈദ്യുതിക്ക് പോലും മണിക്കൂറുകളോളം നിയന്ത്രണങ്ങൾ വന്നതോടെ മുർസിക്കെതിരെ ജനം പുറത്തിറങ്ങി.

പൊതു ജനത്തിന് വേണ്ടിയിരുന്ന അടിസ്ഥാന സൌകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ ആര് അടങ്ങിയിരിക്കും? മില്ല്യൺ കണക്കിന് ജനങ്ങൾ മുർസിക്കെതിരെ തിരിയുകയും അവസാനം സൈനിക ഇടപെടലിലൂടെ അട്ടിമറിക്കപെടുകയും ചെയ്തു. ഭരണമാറ്റം കഴിഞ്ഞു രണ്ടു ദിവസങ്ങൾക്കകം ബില്ല്യൺ കണക്കിന് സാമ്പത്തിക സഹായ‍മാണ് സൌദിയും യു.എ.ഇ.യും കൂടി നൽകിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സൌദി അറേബ്യയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തിറങ്ങുന്ന ഇസ്ലാമിസ്റ്റുകൾ തുർക്കിയുടെ വിഷയത്തിലേക്ക് വരില്ല. ഉർദുഗാനെ സപോർട്ട് ചെയ്യുന്ന സൌദി അറേബ്യയെ പോലുള്ള രാജ്യങ്ങൾ എന്തുകൊണ്ട് മുർസിയെ സപോർട്ട് ചെയ്തില്ല എന്നതിന് ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയുമില്ല. രക്തം വീഴുന്നതിൽ മാത്രമാണ് അവരുടെ വിപ്ലവ ചിന്ത, ചോര ചിന്തുമ്പോഴും ജീവൻ നഷ്ടപെട്ട് മനുഷ്യർ വീണടഞ്ഞുതീരുമ്പോഴും ഉയർന്നു വരുന്ന വിപ്ലവ ചിന്തക്കാണ് ഇസ്ലാമിറ്റുകളിൽ പ്രസക്തി.

ഉർദുഗാന്റെ നിലപാടുകളും രാഷ്ട്രീയ പോളിസികളും ഇഖ്‌വാനിൽ നിന്നും എത്ര ദൂരത്തായിരുന്നു? ഈജിപ്തിനെ പോലെ, അതല്ലെങ്കിൽ അതിനേക്കാൾ ശക്തരായ അൾട്ര സെക്യൂലറുകളേയും സൈനിക ഭരണദല്ലാളുമാരെയും നിലക്ക് നിർത്തി ഉർദുഗാൻ വിജയം നേടാനായതിനു പുറകിൽ മിഡ്‌ലീസ്റ്റിലെ മതപരമവും രാഷ്ട്രീയവുമായ ഇടപെടലുകളുടെ നയപ്രഖ്യാപനമുണ്ടായിരുന്നു, അവിടെയാണ് മുർസിക്കും ഇഖ്‌വാനും തെറ്റിയത്, അല്ല പടുവിഡ്ഡികളായത് എന്ന് പറയുന്നതാവു ശരി. അടിസ്ഥാനപരമായി ഈജിപ്ത് അറബ് രാജ്യമാണ്, അവരുടെ അയല്പക്കമാണ്, അവർക്ക് ബന്ധമുണ്ടാവേണ്ടിയിരുന്നതും സാമ്പത്തിക ശക്തികളായ അറബ് രാജ്യങ്ങളോടായിരുന്നു, ഏറ്റവും മിനിമം തങ്ങളുടെ അധികാര കസേര ഉറപ്പിക്കുന്നത് വരെയെങ്കിലും.

വിപ്ലവ ചിന്തകൾകൊണ്ട് അലമുറയിട്ട് ആർത്തിരമ്പാനും മുഷ്ടിയുരുട്ടി ചുറ്റി ആകാശത്തെ ഇടിച്ചുവീഴ്ത്താനുമൊക്കെ ശ്രമിക്കാം, ജനങ്ങളുടെ അരചാൺ വയറിനത് പോര. പട്ടിണി നിഷേധിയാക്കുമെന്ന് പ്രാമാണിക വാക്ക് പുലർന്നതാണ് ഈജിപ്തിൽ നാം കണ്ടത്.

അടിതെറ്റിവീണ ഇഖ്‌വാൻ കണ്ണുമിഴിച്ചു നോക്കുകയാണ്, ഹുസിനി മുബാറക്കിന്റെ കാലത്ത് സ്ഥാപിക്കപെട്ട ഉദ്യോഗസ്ഥ വിഭാഗങ്ങളിൽ കാരണങ്ങൾ പരതുകയാണിപ്പോൾ.. ശരിയായിരിക്കാം, അവരാരും മുർസിക്കെതിരെ അടങ്ങിയിരിക്കുന്നവരല്ല.  അവരെയെല്ലാം ഒതുക്കാമായിരുന്നു, അതിന് ആദ്യവും അവസാനവുമായ് വേണ്ടത് സാമ്പത്തിക ഭദ്രതയാണ്. അവിടെയാണ് മുർസി പരാജയപെട്ടത്, ഒറ്റയടിക്ക് മാറ്റി എല്ലാം മാറ്റിമറിക്കാമെന്ന് മൂഢവിശ്വാസിയായി മുർസി, അതല്ലെങ്കിൽ അധികാരത്തിന്റെ കടിഞ്ഞാൺ ലഭിച്ചാൽ എല്ലാം ഭദ്രമായി എന്നു വിശ്വസിച്ചു. ഉർദുഗാനിൽ നിന്നും മുർസിയും കൂട്ടരും ഏറെ പഠിക്കാനുണ്ട്. പക്ഷെ ഇനിയതിന് എത്രകാലം?, എത്ര ജീവനുകൾ മിസ്‌റിന്റെ മണ്ണിലമരണം, എത്ര ചോരചാലുകൾ നൈൽ നദീ തീരത്ത് ഒഴുകണം! മിസ്‌റികൾക്ക് സാമാധാനവും ശാന്തിയുമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..

Nov 21, 2012

ഗാസ! നിസ്സാഹയതയുടെ ചോദ്യ ചിഹ്നം.



“
ഞാൻ യാത്ര ചെയ്യാറില്ല, ചെയ്യുമെങ്കിൽ അത് ഇസ്രായേലിലേക്കാകില്ല. 1948നെ ഞാൻ ഓർക്കുന്നു, അതെങ്ങിനെയായിരുന്നു സ്ഥാപിക്കപെട്ടതെന്ന്! അതിൽ എന്റെ എല്ലാ ജൂത സുഹൃത്തുക്കളും ഹർഷോന്മദത്തിലായിരുന്നപ്പോൾ ഞാനങ്ങിനെയായിരുന്നില്ല, ഞാൻ വിളിച്ചു പറഞ്ഞു, നമ്മളെന്താണ് ചെയ്യുന്നത്? മുസ്ലിം മഹാഭൂരിപക്ഷ രാജ്യത്ത് നമുക്ക് ചേരിദേശങ്ങളുണ്ടാക്കുന്നോ? മുസ്ലിം ജനതയത് മറക്കില്ല, പൊറുക്കില്ല. അങ്ങിനെയതാ ഇസ്രായേൽ സ്ഥാപിതമായി, യുദ്ധസന്നദ്ധമായ നിലയിലാണത്! അതുകണ്ടെനിക്ക് സന്തോഷമാവുകയുമുണ്ടായി. എന്നാൽ ഞാൻ നീതിയുടെ ഭാഗത്തായിരുന്നു, എനിക്കാരെയും സഹായിക്കാനാവില്ലെങ്കിലും ആ യാഥാർത്ഥ്യം തൊട്ടറിഞ്ഞു, 2000 വർഷങ്ങൾക്ക് മുമ്പുള്ള അധീനരാജ്യത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടു മാത്രം ജൂതർ ചെയ്തത് നീതിയിലല്ല. ജനങ്ങൾ അവരുടെ പൂർവ്വികരെ കുറിച്ചാലോചിക്കും, അവർ എവിടെയായിരുന്നു ജീവിച്ചതെന്ന്. ചരിത്രം ചലിച്ചുകൊണ്ടിരിക്കും, അതൊരിക്കലും ആർക്കും തിരിച്ചുപിടിക്കാനാവില്ല.“ പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ ഐസക് അസിമോവ് എന്ന ജൂതന്റെ വാക്കുകളിൽ നിന്നും നമുക്ക് തുടങ്ങാം.., മിഡിലീസ്റ്റിൽ എല്ലാ സെമിറ്റിക് മതക്കാരും വളരെ പുണ്യമായ് കരുതുന്ന ഭൂമിയാണ് ജെറുസലേം. നൂഹിന്റെ മൂന്ന് മക്കളിൽ ഒരുവനായ സാമിൽ നിന്നും ഉത്ഭവിച്ച സംസ്കാരവും അതിനോടനുബന്ധിച്ചുണ്ടായ മതങ്ങളുമാണ് സെമിറ്റിക് മതങ്ങളെന്ന് അറിയപെടുന്നത്. ലോകത്തെ എല്ലാ മതക്കാരും നൂഹിനോട് ബന്ധപെട്ട് കിടക്കുന്നവരാണ് എന്ന സെമിറ്റിക് മതക്കാരെങ്കിലും അംഗീകരിക്കുമല്ലൊ, അങ്ങിനെ എങ്കിൽ ലോകത്തുള്ള എല്ലാ വിധ ജനങ്ങളും മതങ്ങളും നൂഹിലേക്ക് ചേർത്തെഴുതാം. സെമിറ്റിക് മതങ്ങളുടെ പട്ടികയും അതിരുകളും മിഡ്ലീസ്റ്റിലൊതുങ്ങില്ല എന്നതാണ് സത്യം.  സാമിന്റെ മക്കളിൽ പെട്ട ജോക്ത (joctah) യുടെ വേരുകൾ ഇന്ത്യയിലേക്ക് എത്തിപെടുന്നുണ്ട്. ഒരു പക്ഷെ അബ്രഹാമിൽ നിന്നും ജൂതരിലേക്കുള്ളത് പോലെ ബാഹ്‌മണരിലേക്കുള്ള ദൂരം വിദൂരമാവില്ല.

മനുഷ്യരെ വ്യത്യസ്ഥ രൂപത്തിലും വർഗത്തിലുമാക്കിയത് അവർ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്ന് വിശ്വസിക്കുന്നവരാണ് അബ്രഹാമിന്റെ അനുയായികൾ. അബ്രഹാമിന്റെ രണ്ടുമക്കളിൽ ഐസഖ് (ഇഷാഖ്) വഴിയാണ് യാകൂബും അദ്ദേഹത്തിന്റെ ജനവിഭാഗമായ ജൂതരും, അതിൽ നിന്നും തന്നെയാണ് മേരി(മറിയം)യും ഈസയും. ഇസ്മായേൽ വഴി മുഹമ്മദ് നബിയിലേക്കും എത്തിപെടുന്നു. ഇവിടെ ജൂതരുടെ വിശ്വാസപ്രകാരം അവർ യാകോബിലൂടെ വന്ന ഐസഖിന്റെ ആളുകളാണ്.  അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും അടുപ്പം കാണുന്നു.

യൂദായുടെ ഗോത്രത്തില്പ്പെട്ട ജൂതർ ദൈവകല്പിതമായ ന്യായപ്രമാണങ്ങൾ നൽകിയവനായി മോസസിനെ കണക്കാക്കുന്നു. യഹൂദർ ഏകദൈവത്തിൽ വിശ്വസിയ്ക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങൾ യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദമതത്തിന്റെ അടിസ്ഥാനം. ഇതര സെമിറ്റിക് മതങ്ങളുടെ ദൈവിക സങ്കല്പങ്ങളെ പോലെ തന്നെയാണെങ്കിലും വർഗ സ്വഭാവത്തിൽ ജീവിക്കുന്നവരാണ് ജൂതർ. ജൂത മതത്തിലേക്ക് എത്തിപെടാൻ ജന്മം കൊണ്ടെ സാധിക്കുകയുള്ളൂ, പിതാവിന്റെ ജനിതക പാരമ്പര്യത്തിലൂടെ പൂർവ്വികരിലേക്കുള്ള ബന്ധം സ്ഥാപിക്കുന്നു. എന്നാൽ ആ ബന്ധം ഐസക് വരെ മാത്രമേ കൊണ്ട് പോകൂ. യഥാർത്ഥത്തിൽ എല്ലാ ജന വിഭാങ്ങളുടേയും ജനിതക ബന്ധം എത്തപെടുന്നത് നൂഹിലൂടെ ആദമിലേക്കാണല്ലൊ. അതിൽ സെമിറ്റിക് മതക്കാർക്ക് എതിരഭിപ്രയവും ഉണ്ടാവില്ല. എന്നാൽ ജൂത പുരൊഹിതന്മാർ തങ്ങൾക്ക് മേൽകോയ്മ സൃഷ്ടിക്കാൻ വേണ്ട് കൊഹെൻ  എന്ന ജെനിറ്റിക് പാരമ്പര്യം എഴുതിപിടിപ്പിക്കുന്നുണ്ട്, അത് വഴി മോസസിന്റെ സഹോദരനായ ആരോൺ (ഹാറൂൺ) ലേക്ക് എത്തിപെടാനും അങ്ങിനെ ഏറ്റവും ഉത്തമ വർഗം തങ്ങളാണെന്ന് സ്ഥാപിക്കാനും വേണ്ടിയാണിത്. ബ്രാഹ്‌മണ വിശ്വാസത്തെ പോലെ ചില വിഭാഗങ്ങൾ സുപീരിയോറിറ്റിയുള്ളവരെന്ന് അഹങ്കരിക്കാനും മുതലെടുപ്പിനും ജന്മം കൊണ്ട് മാത്രം വ്യത്യസ്ഥരായി എന്ന് വിശ്വസിക്കുന്നു, എവിടെ നിന്നാണവർ രൂപപെട്ടതെന്നറിയാൻ പൂർവ്വീക തലമുറയെ കുറിച്ചു പഠിക്കുന്നില്ല!

ലോകത്ത് അഹങ്കാരവും അക്രമവും ഏറ്റവും കൂടുതൽ സൃഷ്ടിക്കപെട്ടത് ഒരു പക്ഷെ ജനിതക പാരമ്പര്യത്തിന്റെ പേരിലാവും. ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജർമ്മനി എന്ന സ്വപ്നത്തിനും കൂടി എഴുതികൂട്ടിയഅഡോൾഫ് ഹിറ്റ്ലറിന്റെ ആത്മകഥയാണ് എന്റെ പോരാട്ടമെന്നർത്ഥത്തിലുള്ള മെയിൻ കാംഫ്. അതിൽ വർഗവും സമൂഹവുമെന്നൊരൂ അദ്ധ്യായം തന്നെയുണ്ട്. വംശീയതയെ നിർവചിക്കാൻ ബന്ധവും രക്തവും അനലൈസ് ചെയ്യുന്നു. ഹിറ്റ്ലറെ അധികാരത്തിലെത്തിക്കുന്നതിൽ ഈ പുസ്തകം നല്ലൊരൂ പങ്ക് വഹിക്കുന്നുണ്ട്. വിശുദ്ധ പുസ്തകമായി നാസികൾ സംഘടിപ്പിക്കാനും ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാനുള്ള സാമ്പത്തിക ബദ്രത കൈവരിക്കാനും സാധിച്ച ആ പുസ്തകത്തിന്റെ തത്ത്വശാസ്ത്ര മുഖമുദ്രയായി കാണുന്നത് ജൂതരോടുള്ള വിരോധമാണ്. ഏറെ വൈരുദ്ധ്യമെന്ന് പറയട്ടെ, ഹിറ്റ്‌ലർ രക്തത്തിന്റെ വർഗം പറഞ്ഞു കൊന്നൊടുക്കിയ ജൂതരാണ് യഥാർത്ഥത്തിൽ വർഗ ബോധത്തോടെ ലോക ജനതക്കിടയിൽ ഇന്ന് ക്രൂരമായ് ഇടപെട്ടുകൊണ്ടിരിക്കുന്നത്.  രണ്ടാം ലോകമഹായുദ്ധ കാലത്തു നാസികള്‍ യൂറോപ്യന്‍ ജൂതരുടെ വംശഹത്യ ലക്ഷ്യമിട്ടു നടത്തിയ കൂട്ടക്കൊല വിവരിക്കുന്നതിനു വേണ്ടി ‘ജിനോസൈഡ്‘(വംശഹത്യ) എന്ന വാക്ക് ജൂത ചരിത്രകാരന്‍ റാഫേല്‍ ലെംകിനാണ് ആദ്യമായി ഉപയോഗിച്ചത്. കൂട്ടക്കൊലകളെല്ലാം വംശഹത്യയല്ല, എന്നാൽ ഒരു വിഭാഗത്തിന്‍റെ സമ്പൂര്‍ണ ഉന്മൂലനം ലക്ഷ്യമാക്കി നടത്തുന്ന കൂട്ടക്കൊലകളാണു വംശഹത്യ. അതുതന്നെയല്ലെ ഇന്ന് പലസ്തീനികൾക്കെതിരായി ഇസ്രായേലിൽ നടത്തികൊണ്ടിരിക്കുന്നത്?!

ചിലർ പറയുന്നു, ഇസ്രായേൽ ജൂതന്മാരുടെതാണെന്ന്. അതിനവർ മത ഗ്രന്ഥങ്ങളെ കൂട്ടുപിടിക്കുന്നു എന്നു മാത്രമല്ല, ആ ഗ്രന്ഥങ്ങൾ സത്യസന്ധമായിരിക്കാൻ വേണ്ടിയാവണം സ്വന്തം മതത്തിൽ പെട്ടതല്ലാതിരുന്നിട്ടും ഇസ്രായേൽ എന്ന രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നത്. അതല്ലെങ്കിൽ യൂറോപ്പിൽ നിന്നും ജൂതന്മാരെ മിഡിലീ‍സ്റ്റിലേക്ക്, അറബികളുടെ തലയിലേക്കൊഴിവാക്കി കൊണ്ട്  ഹിറ്റ്‌ലറുടെ ബാക്കിപത്രം മറ്റൊരൂ തരത്തിൽ നടത്തപെടുന്നു.  ഏതാവട്ടെ, 2000 വർഷം മുമ്പുള്ള ചരിത്രം പറഞ്ഞുകൊണ്ട് ഒരു സമൂഹത്തിനുമേൽ കടന്നു കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പഴയ ചരിത്രം തിരിച്ചുപിടിക്കണമെന്ന് കരുതുന്നത് വിഢിത്തമെന്നല്ലാതെ എന്ത് പറയാൻ!.

രണ്ടായിരം വർഷം മുമ്പുള്ള ചരിത്രം വിവരിച്ചാൽ ഏതൊരൂ സമൂഹത്തിനാണ് നിലനില്പുണ്ടാവുക? മാത്രമല്ല, എന്ത് കൊണ്ട് രണ്ടായിരം വർഷത്തിലേക്ക് മാത്രം ചരിത്രത്തെ വരിഞ്ഞുകെട്ടുന്നു, അതിനപ്പുറം പോയാൽ എല്ലാം ഒന്നാവുമെന്നത് കൊണ്ടോ? വിഢിത്തം!! ഈ മഹാ വിഢിത്തം പറയുന്നവർ വ്യക്തമാക്കേണ്ടത് ചരിത്രത്തിലേയും ചിത്രത്തിലേയും പലസ്തീനികളെ കുറിച്ചാണ്. അവർ ഭൂമിയിൽ താനെ മുളച്ചുപൊന്തി ഉണ്ടായതാണോ? ജൂതന്മാരെ നാടുകടത്തിയതാണോ? ക്രിസ്തുവിന് മുമ്പ് പലസ്ത് എന്നപേരിൽ ഈജിപ്തിനടുത്ത് ജീവിക്കുന്ന സമൂഹത്തെ കുറിച്ച് പറയുന്നുണ്ട്. ഈജിപ്തിന്റെ അടുത്തുള്ള സ്ഥലം പലസ്തീനല്ലാതെ ഏതാണ്? ജൂതരിൽ നിന്നും ക്രിസ്ത്യാനികളുണ്ടായത് പോലെ സമൂഹത്തിലേക്ക് മുന്നറിയിപ്പുകാർ (Prophet) പല കാലങ്ങളായി വന്നിതിനനുസരിച്ച ജനങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പലസ്തീനികൾ ഇസ്ലാം മതം വിശ്വസിച്ചത് കൊണ്ട് അവർ വൈദേശീകരോ അക്രമികളോ ആവുന്നില്ല. മോസസിന്റെ ജനതക്ക് മന്നും സൽ‌വയും ഇറക്കികൊടുത്തത് പോലെ ആത്മനിർവൃതിക്ക് വേണ്ടി കൊന്നൊടുക്കാൻ പലസ്തീനികളെ ആകാശത്ത് നിന്നും ഇറക്കിയതുമല്ല, എന്നീട്ടുമെന്തെ പാശ്ചാത്യർ റേസിസത്തിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന ഈ ഇസ്രായേലി ജൂതവർഗ ക്രൂരതക്ക് കൂട്ട് നിൽക്കുന്നത്?

പലസ്തീനികൾ ചെയ്ത തെറ്റ് അവർ സെമിറ്റിക് മതസ്ഥരുമായി സൌഹാർദത്തിലാവുകയും അവരെ പരിഗണിച്ചുകൊണ്ട് പലസ്തീൻ ഭൂമി വാങ്ങാൻ ജൂതരെ അനുവദിക്കുകയും ചെയ്തതാണ്. ജൂതർ പല ഭാഗങ്ങളായി ഭൂമി വാങ്ങികൂട്ടിയാണ് ജൂത രാഷ്ട്രത്തിന് തുടക്കമിടുന്നത്.

പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പലസ്തീനികളാണെന്ന വാർത്തകൾ സമർത്ഥമായി പടച്ചുണ്ടാക്കുകയും അതിന്റെ പേരിൽ പലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്യുന്നത് ഈ അടുത്ത കാലത്ത് തുടങ്ങിയതല്ല. ഗാ‍സ എന്നാൽ ഓപൺ എയർ പ്രിസൺ ആകുന്നു. തോക്കുകൾക്കും പീരങ്കികൾക്കുമിടയിൽ പട്ടിണിക്കിടുക മാത്രമല്ല, ഗാസക്ക് ചുറ്റും ഉപരോധം തീർക്കാൻ ഉയരം കൂടിയ കൂറ്റൻ കോൺഗ്രീറ്റ് മതിലുകളും! കഷ്ടമെന്ന് പറയട്ടെ, വിശപ്പിന്റെ കാഠിന്യം കൊണ്ട് ആ ജയിൽ മതിലുകൾ സ്ഥാപിക്കുന്നതിന് അദ്ധ്വാനിക്കുന്നവരിൽ പലസ്തീനികളുമുണ്ട്. വിശപ്പ് അവരെ അത്രമേൽ തളർത്തിയിരിക്കുന്നു. പട്ടിണിക്ക് സ്വന്തത്തെ നിഷോധിക്കുന്ന അവസ്ഥയുണ്ടാവുമെന്ന പ്രാമാണിക വാക്ക് പുലരുന്നത് കാണാൻ പലസ്തീനിലേക്ക് നോക്കിയാ‍ൽ മതിയാവും. അപ്പോഴും ലോകത്തിന് പരിഹാസത്തോടെ പറയാനുണ്ടാവും, അവർ സ്വന്തമായി കെട്ടിഉയർത്തിയ ജയിലുകളെന്ന്.

മുമ്പ് ഗാസ എന്ന ജയിലുകൾക്കുള്ളിൽ ഭക്ഷണവും മരുന്നും കണ്ടെത്തിയിരുന്നത് വളരെ പ്രയാസത്തോടെയാണ്. ഗാസയിൽ നിന്നും ഈജിപ്തിലേക്കുള്ള റഫാ അതിർത്തി പല കാരണങ്ങൾ പറഞ്ഞുകൊണ്ട് അടച്ചുകൊണ്ട് സഹായിക്കാനുള്ള അയൽ രാജ്യമായ ഈജിപ്ത് മുഖം തിരിച്ചു, പിന്നീട് ഈജിപ്തിന്റെ സിനായ് അതിർത്തികളിലേക്ക് രഹസ്യ തുരങ്കങ്ങളുണ്ടാക്കിയാണത് അവശ്യ വസ്തുക്കൾ ഈജിപ്തിൽ നിന്നും എത്തിച്ചിരുന്നത്.  ഈ ടണലുകൾ പിന്നീട് വികസിപ്പിക്കുകയും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നതാക്കി അവശ്യ വസ്തുക്കൾക്ക് പുറമെ നിർമ്മാണ വസ്തുക്കൾകൂടി എത്തിച്ചുകൊണ്ടാണ് തകർക്കപെട്ട ഗാസ പുനർനിർമ്മിക്കുന്നത്.

ജൂദാസായ അമേരിക്കൻ പാവ ഹുസ്നി മുബാറക്ക് മാറിയതിനു ശേഷം യഥേഷ്ടം വസ്തുക്കൾ എത്തിക്കാൻ റഫാ അതിർത്തി തുറന്നിരുന്നു. കൂടാതെ നൂറ് കണക്കിന് ടണലുകളിലൂടെ ഗാസ നിവാസികൾക്ക് അവശ്യ വസ്തുക്കളും നിർമ്മാണ സാമഗ്രികളും ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ റമദാനിൽ റഫാ അതിർത്തിയിലെ 12 ഈജിപ്ഷ്യൻ സൈനികരെ കൊലപെടുത്തികൊണ്ട് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ തീവ്രവാദികളുടെ അക്രമണത്തെ തുടർന്ന് റഫാ അതിർത്തിയും സിനായിലേക്കുള്ള ടണലുകളും ഈജിപ്ത് അടച്ചു. ആ അക്രമണത്തിലൂടെ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികൾ പൊട്ടിതെറിച്ചു ഇല്ലാതാവുകയും ചെയ്തു. ഇതൊരൂ പക്ഷെ ഇസ്രായേൽ ചെയ്ത കളിയാവാൻ സാധ്യത കൂടുതലാണ്. യാദൃച്ഛിക ഏറ്റുമുട്ടലും കൊലയും സയണിസ്റ്റുകളുടെ പ്രധാന അക്രമണമാർഗമാണ്. ഹുസ്നി മുബാറക്കിനു ശേഷം ഭരണത്തിൽ വന്ന ഇസ്ലാമിസ്റ്റ് നേതാവ് മുർസിയെ പലസ്തീനികൾക്കെതിരെയാക്കി മാറ്റാനും അതുവഴി തുറന്നു കൊടുത്ത റഫാ അതിർത്തിയും ടണലുകളും അടപ്പിക്കാനുമാവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കളികളാവാൻ സാധ്യതയുണ്ട്. അതല്ലാതെ സ്വന്തം കുഴി തോണ്ടാൻ മാത്രം പലസ്തീൻ വിഢികളാണെന്ന് കരുതാൻ വയ്യ.

പലസ്തീനിന്റെ ഈ ഊരാകുടുക്ക് മനസ്സിലാക്കിയാണ് ഇസ്രായേൽ ഇപ്പോൾ ഇടപെടുന്നത്. ഗാസയെ ജയിലുകളാക്കി ഇഞ്ചിഞ്ചായി ഇല്ലായ്മ ചെയ്യാമെന്ന ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  ഇസ്രായേൽ കരയുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നു. അവശേഷിക്കുന്ന രഹസ്യ തുരങ്കങ്ങൾ ഇല്ലായ്മചെയ്യാനുള്ള മാർഗം, അല്ലാതെ ബോംബും മിസൈലുകളും പോരാത്തത് കൊണ്ടല്ല.

ഗസ്സാത്! ഈജിപ്തുകാർ നിനക്ക് ആ പേര് നൽകിയത് നീ വിശേഷ നഗരമായിരുന്നത് കൊണ്ടാണ്. നീ എത്ര നിഷ്കളങ്കയാണ് ഗാസ! എന്നീട്ടും ദുശക്തികൾ നിന്നെ ഞെരുക്കികൊണ്ടിരിക്കുന്നു!! നീ പിടിച്ചു നിൽക്കണം, ലോക മനസാക്ഷിയെ ചോദ്യം ചെയ്യാൻ, നിസ്സാഹയതയുടെ ചോദ്യ ചിഹ്നമായി.


ശബാബ് വാരികയിലും മലയാളം ന്യൂസ് ദിനപത്രത്തിലും ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്


Jan 31, 2011

വികൃതിചെക്കന്റെ അയൽ വാസി, ഗാസയുടെ ദരിദ്രവാസി…



ഓട്ടൊമാൻ സാമ്രാജ്യത്തിന്റെ (തുർക്കി) പതനത്തോടെ 1916ൽ Sykes–Picot ഉടമ്പടി (ഇംഗ്ളണ്ടും ഫ്രാൻസും റഷ്യയുടെ അറിവോടെ പടിഞ്ഞാറൻ ഏഷ്യയെ ലക്ഷ്യം വെച്ചുകൊണ്ട് ഉണ്ടാക്കിയ രഹസ്യ വ്യാപാര ഉടമ്പടി ) പ്രകാരം തെക്കൻ ഇറാഖ് മുതൽ ജോർഡാൻ , പലസ്തീൻ തുടങ്ങി മെഡിറ്റേരിയൻ പോർട്ട് വരെ നീണ്ട് ഒരു ഏരിയ ഇംഗ്ളണ്ടിനും തെക്കൻ തുർക്കി, വടക്കെ ഇറാഖ്, സിറിയ, ലെബനോൺ എന്നിവ ഫ്രാൻസിനും കോൺസ്റ്റന്റിനോപിൾ, തുർക്കിയുടെ ഭാഗങ്ങൾ തുടങ്ങിയവ റഷ്യയും കരസ്ഥമാക്കി. 

മുകളിൽ വിഭജിക്കപെട്ടത് പ്രകാരം സാമ്രാജ്യ ശക്തികളുടെ അധീനതയിലായിരുന്ന രാജ്യങ്ങളെ പരിശോധിക്കുകയാണെങ്കിൽ അധിനിവേഷ രാജ്യത്തിന്റെ മൌലികമായ സ്വഭാവങ്ങൾ അവയിൽ കാണാൻ സാധിക്കും. തുർക്കിയുടെ ചുവപ്പും ലബനാണിന്റെ ഫ്രഞ്ച് കൾച്ചറൂം ഇസ്‌റായേലിന്റ് മർക്കടമുഷ്ടിയും വക്രബുദ്ധിയുമെല്ലാം ചില ഉദാഹരണങ്ങൾ…


1948ൽ മുകളിൽ ഉടമ്പടിയിൽ ചേർന്ന രാഷ്ട്രങ്ങളിലെ ജൂതന്മാരെ പലസ്തീനിലേക്ക് ഇറക്കുമതി ചെയ്ത് അവർക്കായി ഒരു രാഷ്ട്രം നിർമ്മിക്കുകയും ചെയ്തു. അതിന് രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. ജൂതന്മാരെ അവരുടെ രാജ്യത്ത് നിന്ന് ഒഴിവാക്കുക. ഹിറ്റ്ലർ കൊന്നൊടുക്കിയാണ് ജൂതന്മാരുടെ ‘ശല്ല്യ’ത്തെ ഒഴിവാക്കിയതെങ്കിൽ ഇഗ്ളണ്ട് പുതിയ രാജ്യസൃഷ്ടിയെന്ന വാഗ്‌ദാനത്തോടെയും. അവരെ സംബന്ധിച്ച് ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ. രണ്ടാമത്തെ കാരണം വിശ്വാസപരമായിരുന്നു. ഇസ്‌റായേൽ എന്നരാജ്യം അവരുടെ വേദഗ്രന്ഥങ്ങളിൽ രേഖപെട്ടുകിടക്കുന്നതിനാൽ ദൈവിക ഗ്രന്ഥങ്ങളുടെ സത്യപൂർത്തീകരണത്തിന് ഇത്തരമൊരൂ വികൃതനായ രാഷ്ട്രത്തെ ആവശ്യമായിരുന്നു. അത് കൊണ്ട് തന്നെ പല രാഷ്ട്രങ്ങളിന്നും ആ വികൃതിക്കുട്ടിയെ ശക്തികൊണ്ടും നിയമങ്ങളിൽ കളിച്ച് കൊണ്ടും വലിയ തോതിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകിയും പരിപാലിച്ച് കൊണ്ട് പോകുന്നത്. ചരിത്രം നോക്കൂ.., എന്തെല്ലാം തോന്ന്യാസങ്ങൾ ആ വികൃതിചെക്കൻ നടത്തി? ആരെങ്കിലും തടഞ്ഞോ?? തടഞ്ഞില്ലെന്ന് മാത്രമല്ല, ആർക്കും ചോദിക്കാൻ പോലും അവസരം നൽകാത്ത രീതിയിൽ അവന് ചുറ്റും സംരക്ഷണ വലയങ്ങൾ തീർക്കുകയും ചെയ്തു. ആ സംരക്ഷണ വലയമായാണ് ഈജിപ്തും ജോർദാനുമടങ്ങിയ ചില രാഷ്ട്രങ്ങളിന്നും നില നിൽക്കുന്നത്.


**


അമേരിക്ക പതിറ്റാണ്ടുകളായി ലോകരാഷ്ട്രങ്ങളിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ‘ക്രിയ‘കൾക്ക്’ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്നു. എന്നാൽ ക്രൂഡ് ഓയിലിന്റെ ഖനനത്തോടെ അമേരിക്കൻ കഴുക കണ്ണുകൾ മിഡിലീസ്റ്റിലേക്ക് പതിക്കുകയും മിഡിലീസ്റ്റിലെ അധിക രാഷ്ട്രങ്ങളേയും സാമ്രാജ്യത്ത നീരാളി പിടിത്തത്തിലമർത്തുകയും ചെയ്ത്. സോവിയേറ്റിന്റെ അധപതനം കാര്യങ്ങൾ എളുപ്പമാക്കി.


അമേരിക്കൻ പോളിസികൾക്കനുസരിച്ചല്ലാതെ മിഡിലീസ്റ്റിൽ ആരും അടക്കി വാണീട്ടില്ല. ഉണക്ക കുമ്പൂസും ഒട്ടകപാലും കുടിച്ച് ജീ‍വിച്ചവർക്കത് തുടരാനറിയാമെന്ന് പറഞ്ഞതിനാൽ വിമാനം തകർത്ത് കൊലപെടുത്തിയും, ജനാതിപത്യ പോരാട്ടങ്ങളെന്ന നാടകം കളിച്ച് സ്വന്തം മൂടുതാങ്ങികളെ പ്രതിഷ്ടിച്ചും വിദേശത്ത് ചായസൽകാരം നടത്തി നാട്ടിൽ മകനെ പ്രതിഷ്ടിച്ചതും അമേരിക്കൻ തിരകഥകളായിരുന്നു. ഇസ്‌റായീലെന്ന വികൃതിപയ്യനെ ദ്രോഹിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കാനും തങ്ങളുടെ ചൊല്പടിക്ക് നിൽക്കുന്ന പാവയെ ഭരണത്തിൽ കൊണ്ട് വരാനുമായിരുന്നു ഇറാഖ് – കുവൈത്ത് അധിനിവേശം.. .ആ തിരകഥയിലാണ് സദ്ദാമിനെ കബളിപ്പിച്ച് ഇപ്പോൾ ‘അമേരിക്കൻ ജനാതിപത്യം‘ ഇറാഖിൽ സ്ഥാപിക്കപെട്ടത്.


ഓരോ രാജ്യത്തെ ഭരണകൂടത്തെ മാറ്റുക മാത്രമായിരുന്നില്ല, അവരുടെ പോളിസി പ്രോഗ്രാമുകൾ മൊത്തം മാറ്റി എഴുതി. ഖത്തറിൽ സ്വന്തം ബാപ്പയെ പുറത്താക്കി അധികാരത്തിലേറിയപ്പോൾ മകന് വേണ്ടി അധികാര കൈമാറ്റ നാടകമായിരുന്നെന്ന് വിശ്വസിച്ചവർ എത്രവിഢികൾ!! മകൻ സ്ഥാനമേറ്റതോടെ ആദ്യമായി അവരെ അഭിനന്ദനമർപ്പിച്ചത് വികൃതിപയ്യൻ ഇസ്‌റായേലായിരുന്നു. ഇസ്‌റായേൽ ഭരണാധികാരികളുടെ രഹസ്യ സന്ദർശനവും നയതന്ത്രകാര്യാലയം സ്ഥാപിതമായതും തുടർന്നുള്ള നാളുകളിൽ നാം അവിടെ കണ്ടതാണ്.


ജനാധിപത്യം എന്നു പറഞ്ഞ് വിരട്ടൽ നാടകങ്ങൾ കളിക്കുന്ന അമേരിക്ക ലോകത്ത് തങ്ങൾക്കനുകൂലമായ രാഷ്ട്രങ്ങളിൽ (സ്വച്ചാതിപത്യ) ജനാധിപത്യത്തെ പ്രശംസിചതും അവയെ മാതൃക രാഷ്ട്രങ്ങളായി കൊണ്ട് നടന്നതും ഇപ്പോൾ പൊളിയുകയാണ്. അപ്രതീക്ഷിതമായി തുണീഷ്യ വീണതോടെ ഇനി അവിടെ ആരെ സ്ഥാപിക്കാനൊക്കുമെന്ന് തലപുകഞ്ഞാലോചിക്കുമ്പോഴാണ് ഈജിപ്തിലും അതിന്റെ അലയൊലികൾ കേട്ടത്… തുണീഷ്യയേ പോലെയല്ല ഈജിപ്ത്. ഏറ്റവും കൂടുതൽ ജനങ്ങളുള്ള അറബ് രാഷ്ട്രം. വികൃതിചെക്കന്റെ അയൽ വാസിയും ഗാസയുടെ ദരിദ്രവാസിയും… അതിനാൽ തന്നെ അമേരിക്കക്ക് ഈജിപ്തിൽ കളിക്കാനുള്ള തിരകഥക്ക് നല്ലവണ്ണം പ്രാധാന്യമുണ്ട്. ഈജിപ്തുമായി ഏത് വിധത്തിലാണ് കഴിഞ്ഞകാലങ്ങളിൽ ബന്ധം പുലർത്തിയതെന്ന് പറയുന്ന എത്ര റിപോർട്ടുകൾ…അമേരിക്കയുടെയും ഈജിപ്ത്തത്തിന്റെയും ബന്ധങ്ങൾ ലക്ഷ്യം വെക്കുന്നത് പ്രാദേശികമയ സ്ഥിരതയും ഉഭയകക്ഷി ബന്ധങ്ങളൾക്കായുള്ള സൈനിക സഹകരണവും അതുവഴി ഈജിപ്ത്-ഇസ്‌റായീൽ സമാധാന ഉടമ്പടിയുമാണെന്ന് 2005ൽ യു.എസ്. ഡിപാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഇറക്കിയ സി.അർ.എസ് (Congressional Research Service – ഓർഡർ കോട് IB93087) റിപോർട്ടിൽ പറയുന്നത്. അതു നിലനിന്ന് പോകാനാണ് ശരിയായ ജനാധിപത്യ സംവിധാങ്ങൾക്ക് പകരം ഏകാതിപത്യ-ജനാതിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നത്. ആ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ്മാരുടെ മാറ്റങ്ങളൊന്നും പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ബുഷിന്റെ കാലത്തിന് വ്യത്യസ്ഥമാകുന്നില്ല ഒബാമയുടെ മിഡിൽ ഈസ്റ്റ് നയം. കഴിഞ്ഞ കാലയളവിൽ ഈജിപ്തിന് അമേരിക്ക നൽകിയ ബില്ല്യനുകൾ തിരകഥക്ക് ഇളക്കം തട്ടതിരിക്കാനുള്ള ഡ്രോപ്സുകളാണ്. കഴിഞ്ഞ വർഷം (2010) ഈജിപ്തിലെ ജനാധിപത്യ സംവിദാനത്തിന് ‘ഇളക്കം‘ തട്ടാതെ മുന്നോട്ട് കൊണ്ട് പോകാൻ അമേരിക്ക ചിലവിട്ടത് 20മില്ല്യൻ ഡോളറാണ്, ഈ വിർഷവും ഇലക്ഷനും മറ്റു ചൊറകളില്ലെങ്കിലും ഹുസ്നി മുബാറക്കിനെ കേട് കൂടാതെ സംരക്ഷിക്കാൻ 5മില്ല്യൻ ഡോളർ അമേരിക്ക നൽകിയിട്ടുണ്ട്. നൂറ് കണക്കിന് മില്ല്യൻ മിലിട്ടറി തുടങ്ങിയവക്കും സഹായിച്ചിട്ടുണ്ട്.


ഈജിപ്തിലെ ‘ജനാധിപത്യ‘ നാടകം കേടുവരാതിരിക്കാൻ മില്ല്യൺ കണക്കിന് ഡോളർ അമേരിക്ക ഒഴുക്കിയിട്ടുണ്ടെങ്കിൽ അമേരിക്കൻ താല്പര്യത്തെ മുബാറക്ക് എത്രതോളം സംരക്ഷിച്ചിട്ടുണ്ടാവും!! ആയതിനാൽ ഈജിപ്തിലെ ‘ജനാധിപത്യത്തിൽ’ അമേരിക്കൻ താല്പര്യങ്ങൾക്ക് കോട്ടം വരാതിരിക്കാൻ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ മാറ്റത്തിരുത്തലുകളുണ്ടാവുകയാണെങ്കിൽ തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരെ പ്രതിഷ്‌ഠിക്കുന്നതിന് വേണ്ടി ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പ് എന്നരീതിയിൽ അൽ ബറാദിയെ പോലുള്ളവർ ‘കഴുക‘ കണ്ണോടെ ലാന്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോപത്തെ ഇസ്ലാമിക തീവ്രവാദികളുടെ പ്രക്ഷോപമായി ചിത്രീകരിക്കാതിരിക്കാൻ ഇഖ്‌വാനുൽ മുസ്ലിമൂൻ കരുതലോടെ മാറിനിൽക്കുന്നതിനാൽ ജനകീയ പ്രക്ഷോപത്തിൽ ഉയർത്തികാണിക്കാൻ ഒരൂ നേതാവിന്റെ അഭാവം മുതലെടുക്കാൻ അമേരിക്കൻ താല്പര്യങ്ങളെ സംരക്ഷിക്കുന്നവർ കലുഷമായ കൈറോയുടെ തെരുവിലേക്കിറങ്ങിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ മാറ്റി പ്രതിഷ്‌ഠിക്കുന്നത് ഇപ്പോഴുള്ളതിൽ നിന്നും വ്യത്യസ്തനാവില്ല.



അമേരിക്കക്ക് നേർക്ക് നേരെ ജനകീയ പ്രക്ഷോപത്തെ അടിച്ചമർത്തണമെന്ന് തുറന്ന് പറയാൻ കഴിയാത്തതിനാൽ സ്വന്തം സുഹൃത്തുണ്ടാക്കി കൊടുത്ത ജാര സന്തതിയായ വികൃതിചെക്കൻ വഴി കമന്റുകളിടുന്നു. ഈജിപ്തിന്റെ അഭ്യന്തരകാര്യമായിട്ട് പോലും ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ജനകീയ പോരാട്ടങ്ങളെ ഏത് രീതിയിലും അടിച്ചൊതുക്കാൻ ശ്രമിക്കണമെന്നും പരസ്യപ്രസ്ഥാവനകളിലൂടെ ആവശ്യപെടുന്നത് ഒരു തരത്തിലുള്ള മാറ്റവും അവരിഷ്ടപെടുന്നില്ല അതെല്ലെങ്കിൽ പോസിറ്റീവോ നെഗറ്റീവോ എന്ന് ചിന്തിക്കാനവസരം സൃഷ്ടിക്കാതെ പ്രശ്നങ്ങളെ ഒതുക്കുക എന്നതായിരിക്കും.

ഈജിപ്തിലേക്ക് ഇറക്കുമതി ചെയ്ത പല പ്രമുഖരേയും അമേരിക്കയും കൂട്ടാളികളും എതിർപക്ഷത്ത് പ്രതിഷ്ടിക്കും. അൽ ബറാദിയെപോലുള്ളവരെ മോശമായിട്ടാണ് ഇന്ന് പല പ്രോ-ഇസ്‌റാഈൽ മീഡിയകൾ ചിത്രീകരിക്കുന്നത്. ഒരൂ മാറ്റമുണ്ടാവുകയാണെങ്കിൽ സ്വന്തക്കാരെ പ്രധാനപെട്ട സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കാൻ ചിലപ്പോ ഇത്തരം അടവുകൾകൊണ്ടായേക്കും. ഏതായാലും ഇത്തരക്കാരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അടിസ്ഥാനപരമായ മാറ്റ സംഭവിക്കില്ല. മാത്രമല്ല, ഹുസ്നി മുബാറക്കിനെ മാറ്റിയാൽ മാത്രം അമേരിക്കൻ ആധിപത്യം തീരില്ല, ഡിപ്ളോമാറ്റ്സിൽ വരെ അവർക്ക് സ്വധീനമുണ്ട്. ആയതിനാൽ ശരിയായ ജനാധിപത്യക്രമം സ്ഥാപിക്കുക എന്നത് ഈജിപ്ത്യൻ ജനതക്ക് അത്ര എളുപ്പമല്ല.

Related Posts Plugin for WordPress, Blogger...