ഇളം കാറ്റ്, ഭൂമിയിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുന്ന സൂര്യൻ, അകലെ പതുക്കെ നീങ്ങുന്ന മേഘങ്ങളാൽ നിറഞ്ഞ ആകാശം, ഞാൻ അനങ്ങാതെ അവയെ നോക്കി, ചുറ്റുപാടും ശാന്തവും മനോഹരവുമാണ്, പക്ഷേ കാതുകളിൽ ഒരു ഭയാനകമായ നിശ്ശബ്ദതയുണ്ട്, പൂർണ്ണ നിശ്ശബ്ദത, സംശയം ജനിപ്പിക്കുന്ന ഒരു നിശ്ശബ്ദത... എന്തുകൊണ്ടാണ് ഈ നിശ്ശബ്ദത? ഞാൻ എവിടെയാണ്?
ഒരു മയക്കത്തിൽ നിന്നുണർന്ന പോലെ എവിടെയോ ഒളിച്ചിരുന്ന ചിന്തകൾ മനസ്സിലേക്ക് വന്നു, ചുറ്റിലേക്കും കണ്ണെറിഞ്ഞു, ശൂന്യമാണ്, മുന്നിലൊരൂ ഒറ്റ തൂൺ മാത്രം, ഫ്രെയിം ചെയ്തൊരൂ ചിത്രം അതിൽ തൂങ്ങിക്കിടക്കുന്നു.
ഇവിടെ ഒന്നുമില്ല? കാരണം എന്താണ്? എനിക്കറിയില്ല, ഞാൻ വളരെ ഉയരത്തിൽ നിന്ന് വീണതുപോലെയാണ്, ഹൃദയം വേഗത്തിൽ മിടിക്കുന്നു, പക്ഷേ അതിന്റെ സ്പന്ദനങ്ങൾ എനിക്ക് അനുഭവപ്പെടുന്നില്ല, ഒരു ഭീകരത എന്നെ പിടികൂടുന്നതായി തോന്നുന്നു, ശരീരം ചലിപ്പിക്കാനാകുന്നില്ല.
ഉയരങ്ങളിൽ നിന്നും വീഴുന്നത് പോലെ ഞാൻ ഉറക്കത്തിൽ വീഴാറുണ്ട്, താഴേക്കുള്ള വീഴ്ച്ചയിൽ ശരീരത്തെ സംരക്ഷിക്കാൻ രണ്ട് കൈകൊണ്ടും ശക്തമായി പ്രതിരോധിക്കും, അതിന്റെ പ്രതിധ്വനിയായ് കിടന്നിരുന്ന കട്ടിലിൽ നിന്ന് ഞാനുയരും. ഞാൻ വീണിട്ടുണ്ടാകില്ല, കൈകൾ രണ്ടും കട്ടിലിൽ ഇടിച്ച് വേദനിക്കും. അപൂർവ്വമായ് കാണുന്ന സ്വപ്നമാണത്. അതിന്റെ വ്യാഖ്യാനം എന്തായിരിക്കുമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സ്വപ്നം എന്നത് പ്രവാചകത്വത്തിന്റെ ചില അടയാളങ്ങളാണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ തന്നെ പലരും ഇടയ്ക്കിടെ കാണുന്ന സ്വപ്ന കഥകൾ വിവരിക്കുമ്പോൾ വളരെ അപൂർവ്വമായ് ഈ താഴേക്ക് വീഴുന്ന സ്വപ്നം മാത്രം കാണുന്നത് എന്നെ ആകുലപ്പെടുത്താറുണ്ട്, പ്രവാചകത്വത്തിന്റെ യാതൊരു അടയാളവുമില്ലാത്ത ഒരാളായ് എന്നെ ഞാൻ ഭയപ്പെട്ടു, ഞാൻ ശരിയല്ലേ എന്നൊക്കെ ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ട് സ്വപ്നം കാണാൻ ആഗ്രഹിച്ച് കിടക്കുമ്പോഴേക്കും ഞാനുറങ്ങിയിട്ടുണ്ടാകും.
ഒരിക്കൽ പള്ളിയിൽ നിന്നും നമസ്കരിച്ച് വരുമ്പോ ബൈക്കിനു പുറകിൽ വല്യുപ്പയും കയറി, ഏറെ പ്രായമായെങ്കിലും പുറകിൽ ബാലൻസ് ചെയ്ത് ഇരിക്കുന്നതിനാൽ സുഖകരമാണ് യാത്ര. 'സീപി'യുടെ ഖുതുബയെ കുറിച്ചുള്ള സംസാരത്തിൽ നിന്നും സ്വപ്ന വിഷയത്തിലേക്ക് ഞാനിറങ്ങി, എന്റെ ഉറക്കത്തെ കുറിച്ച് പറഞ്ഞു. കിടന്നാൽ പെട്ടെന്നുറങ്ങും, ബോധം കെട്ടത് പോലെ, അപൂർവ്വമായ് മാത്രം കാണുന്ന സ്വപ്നവും. സ്വപ്ന വ്യാഖ്യാനങ്ങളിലേക്കൊന്നും പോകാതെ ഉപ്പ പറഞ്ഞു, “മോനെ, അതാണ് ഏറ്റവും നല്ല ഉറക്ക്, അതില്ലാതെ പ്രയാസപ്പെടുന്നവരാണ് അധികം മനുഷ്യരും“, അതൊരു നല്ല ഉത്തരമാണ് എന്നെനിക്ക് തോന്നി, പിന്നെ സ്വപ്ന വ്യാഖ്യാനങ്ങളെ തേടി മനസ്സിനെ കൊണ്ടുപോയതേയില്ല.
ജീവിത ചുറ്റുപാടുകളിൽ നിന്നും മനുഷ്യ മനസ്സിൽ ശേഖരിക്കപ്പെട്ട അനേകം വിവരങ്ങളിൽ മനുഷ്യൻ ആർജ്ജിച്ചെടുത്ത അറിവുകൾക്കനുസരിച്ച് ചുറ്റുപാടുകളെ വീക്ഷിക്കുകയും പുതിയ അനേകം അറിവുകൾ നേടുകയും ചെയ്യുന്നു, ചിന്തയിലൂടെ രൂപം കൊള്ളുന്ന ആശയങ്ങളെ സീമാതീതമായി വികസിപ്പിക്കാൻ മനുഷ്യനു സാധിക്കുന്നു. അനേകം മനുഷ്യൻ വ്യവഹരിക്കുന്ന ഒരു പട്ടണത്തിൽ എല്ലാ വ്യക്തികളും തങ്ങളുടെ ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ഒരുപോലെയുള്ളവയാണ് എങ്കിലും ഓരോ വ്യക്തികളിലും കുടികൊള്ളുന്ന അറിവുകൾക്കനുസരിച്ച് രൂപപ്പെടുന്ന ചിന്തകൾ വ്യത്യാസപ്പെട്ടിരിക്കുന്നു, അതുവഴി രൂപപ്പെടുന്നതാണ് മനസ്സ്. അതുകൊണ്ട് തന്നെ മനസ്സാണ് ഒരു മനുഷ്യന്റെ എല്ലാവിധ വ്യക്തിത്വവും നിശ്ചയിക്കുന്നത്.
നമ്മുടെ മനസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആശയങ്ങളുടെ ഒരു കണ്ണിയാണ് നമ്മൾ. പ്രായപൂർത്തിയാകുന്നതുവരെ, ചിന്തിക്കാനും ധ്യാനിക്കാനും അനുയോജ്യമായ ഒരു പക്വമായ മനസ്സ് നമുക്ക് ലഭിക്കുന്നതുവരെ, നമുക്ക് ചുറ്റുമുള്ള എല്ലാറ്റിന്റെയും പേരിനെക്കുറിച്ച് നമ്മൾ ചിന്തിച്ചു മനസ്സിലാക്കി തുടങ്ങിയതിനാൽ മനസ്സ് എന്നത് നമ്മുടെ ആദ്യത്തെ കണ്ണിയാണ്. പിന്നെ വലിയ കണ്ണിയാണ് കുടുംബം, അതിലെ നീതിയിലും അനീതിയിലുമുള്ള ആളുകൾ ഉൾപ്പെടെ ചേർന്ന് നമ്മൾ ജീവിക്കുന്നു. പിന്നെ വലിയ കണ്ണിയാണ് പരിസരം, അതിൽ ഇഷ്ടാനിഷ്ടങ്ങളിൽ നമ്മൾ നേടിയതെല്ലാം ചേർത്തിടുന്നു. പിന്നെ വലിയ കണ്ണിയാണ് സമൂഹം. അതിന്റെ എല്ലാ ആചാരങ്ങളും പാരമ്പര്യങ്ങളും മൂല്യങ്ങളുമാണ്. പിന്നെയുള്ള കണ്ണിയാണ് ജീവിതം, ശരീരം കൊണ്ടും മനസ്സുകൊണ്ടും അനുഭവിച്ച് തീർത്തവ, അതിൽ നമ്മളും കുടുംബവും പരിസരവും സമൂഹവും ഉൾക്കൊണ്ട ഇടപെടലുകളാണ്, ആ ജീവിതത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരം കിട്ടാത്തവയും ചേർന്നതാണ്, അറിവ് തേടുന്നതും സത്യം അന്വേഷിക്കുന്നതും അജ്ഞത പരിശീലിക്കുന്നതുമെല്ലാം അവയിലുണ്ട്.
നിശ്ചലമായ് കിടക്കുന്ന എന്റെ കണ്ണിൽ വെളുത്ത മേഘങ്ങൾ ആകാശത്ത് ഓടിക്കൊണ്ടിരിക്കുന്നു, മനുഷ്യ ചിന്തക്ക് അനന്തമായ സംശയാസ്പദമായ ആകൃതിയിലുള്ള ഒരു ആകാശത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു, അതിലെ വ്യത്യസ്ത ഉയരങ്ങളിലൂടെ ഒഴുകുന്ന മേഘങ്ങളുടെ ചലനം വ്യത്യാസപ്പെട്ടിരിക്കുന്നു, അത് എവിടെ, എങ്ങനെ ആരംഭിച്ചു? എങ്ങോട്ട് പോകുന്നു? അവയെ കുറിച്ച് കൂടുതൽ തിരയുന്തോറും, ചോദ്യങ്ങളുടെ കടലിന്റെ ഇരുട്ടിലേക്ക് നാം ആഴത്തിൽ മുങ്ങുന്നു, അങ്ങനെ ഇരുട്ട് കൂടുതൽ വർദ്ധിക്കുകയും മനസ്സിന്റെ ചോദ്യം ചെയ്യൽ തീവ്രമാവുകയും ചെയ്യുന്നു, നമ്മുടെ ചോദ്യങ്ങളുടെ അപരിചിതത്വം വർദ്ധിപ്പിക്കുന്ന കാര്യങ്ങളിൽ നാം എത്തുന്നതുവരെ, വെറും ചോദ്യങ്ങളല്ല, അവ ഒരു പ്രതിസന്ധിയായി മാറും വരെ ഉത്തരങ്ങൾക്കായ്, വെളിച്ചത്തെ തേടിക്കൊണ്ടിരുന്നു.
ആറു ഘട്ടങ്ങളായി ഏഴ് ആകാശങ്ങളെ (പ്രപഞ്ചം) സൃഷ്ടിച്ചവയിൽ ഏറ്റവും താഴെയുള്ള മനുഷ്യൻ വസിക്കുന്ന നക്ഷത്ര സമൂഹങ്ങളും ഉൾകൊള്ളുന്ന പ്രപഞ്ചത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് അറിവില്ലായ്മയുടെ ആഴങ്ങളിലേക്ക് മുങ്ങുന്നത്! പ്രപഞ്ചത്തിലുള്ളവയിലേക്ക് നോക്കി അതിൻ്റെ സൃഷ്ടിപ്പും ലക്ഷ്യവും മനസ്സിലാക്കി അതിലൂടെ സൃഷ്ടാവിനെ കണ്ടെത്താനായി അന്വേഷിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ഥം മനുഷ്യന് നൽകപ്പെട്ടിട്ടും അതിലേക്ക് ചിന്തയെ കൊണ്ടുപോകാതെയാണ് മനുഷ്യർ അവരുടെ ചിന്തയെ വ്യര്ത്ഥമായ ഇരുണ്ട ശൂന്യതയിൽ തളച്ചിടുന്നത്. അറിവ് വെളിച്ചമാണ് എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ വെളിച്ചത്തിലേക്ക് ഓടി ചേരണം. സാങ്കല്പിക അറിവല്ല, സാങ്കല്പിക അറിവിലേക്ക് ഓടിയവർ വെളിച്ചം കാണാതെ വഴിതെറ്റിയിട്ടേയുള്ളൂ. വിശ്വാസം എന്നത് സാങ്കല്പിക അറിവാണ്, സത്യവിശ്വാസമാണ് ഉണ്ടാകേണ്ടത്.
ചെറുപ്പത്തിൽ ചെമ്മാട്ടങ്ങാടിയിൽ സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കുമ്പോൾ അന്ധനായ ഒരാൾ മദീന ടെക്സ്റ്റൈൽസിൽ അബ്ദുൽ ഖാദറേ എന്ന് വിളിച്ച് കയറുന്ന രംഗം, ചെറുപ്പത്തിലെ കാഴ്ച്ച നഷ്ടപ്പെട്ട ആ അന്ധന് എങ്ങനെയാണോ ചെമ്മാട്ടങ്ങാടിയും മദീന ടെക്സ്റ്റൈൽസും അതിലെ കച്ചവടക്കാരനായ അബ്ദുൽ ഖാദറിനെയും അറിയുന്നത്? നിത്യജീവിതത്തിലൂടെ ചുറ്റുപാടുകളിൽ നിന്നും ആർജ്ജിച്ചെടുത്ത അറിവാണ് അത്, അതുപോലെതന്നെ ഓരോ മനുഷ്യനും ചുറ്റുപാടുകളിൽ നിന്നും സൃഷ്ടാവിനെ തിരിച്ചറിയാനാകും. അന്ധമായ ഒരു വിശ്വാസത്തെയല്ല, ഈ പ്രപഞ്ചത്തെ, അതിലുള്ളവയുടെ സൃഷ്ടിപ്പിനെ മനസ്സിലാക്കിക്കൊണ്ട് ഏകനായ സൃഷ്ടാവിനെ തിരിച്ചറിയാനാണ് മനുഷ്യരോട് ആവശ്യപ്പെടുന്നത്. ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും ഓരോ അബ്ദുല്ലയാണ്. അവയൊക്കെ ദൈവത്തിന്റെ നിയമമനുസരിച്ച് നിലനിൽക്കുകയും ചെയ്യുന്നു. ഞാൻ കണ്ടതേ വിശ്വസിക്കുകയുള്ളു എന്ന് പറയുന്നതിൽ വിശ്വാസമില്ല. ഇവിടെ കാഴ്ച്ചയില്ലാത്ത വ്യക്തി അബ്ദുല്ല എന്ന് വിളിക്കുന്നത് അവിടെ അബ്ദുല്ല ഉണ്ടാകുമെന്ന് വിശ്വാസത്തോടെയാണ്, കണ്ടനുഭവിച്ചല്ല വിളിക്കുന്നത്. കാണുന്നതോടെ അവൻ അനുഭവിച്ചറിയുന്നു, പിന്നെ വിശ്വസിക്കേണ്ട കാര്യമില്ല. വിശ്വാസം എന്നു പറഞ്ഞാൽ ഒരു സംഗതി ഉണ്ടെന്ന് മനസ്സ് കൊണ്ട് സ്ഥിരപ്പെടുത്തുക എന്നതാണ്. എന്നാൽ സത്യവിശ്വാസം എന്നത് ബോധ്യത്തിന്റെ തലത്തിലുള്ള കാര്യമാണ്, തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരാൾക്ക് ബോധ്യമാകുന്നതും എന്നാൽ ഇന്ദ്രിയങ്ങൾക്ക് അതീതമായ ഒരു യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അറിവാണ്, വെറും ഭാവനാസൃഷ്ടി അല്ല. അതായത്, അനുഭവിച്ചറിയാൻ കഴിയാത്ത കാര്യങ്ങളിൽ, യുക്തിപരമായ തെളിവുകളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും ലഭിക്കുന്ന അറിവിൻ്റെ അടിസ്ഥാനത്തിൽ മനസ്സുകൊണ്ടുള്ള അംഗീകാരമാണ് സത്യവിശ്വാസം.
ചുറ്റും അഗാധമായ അന്ധകാരം നിറഞ്ഞു, അജ്ഞാതമായ കാറ്റ് വീശിക്കൊണ്ടിരുന്നു, ഗവേഷണത്തോടുള്ള ഇഷ്ടം ചിന്തകളുടെ ജാലകങ്ങൾ തുറക്കാൻ എന്നെ ക്ഷണിച്ചു. ചിന്തകൾക്ക് ജീവൻ നൽകാൻ ചോദ്യങ്ങൾക്ക് പുതുമ നൽകാൻ കുറച്ച് വെളിച്ചം ആവശ്യമാണെന്ന് എന്നെ ബോധ്യപ്പെടുത്തി. മനുഷ്യ നാഗരികതകളുടെ ചരിത്രത്തിലേക്ക്, ഗ്രീക്കുകാർ, ബാബിലോണിയക്കാർ, പുരാതന ചൈനീസ് നാഗരികത, സിന്ധുനാഗരികത, ഫറവോമാർ, റോമക്കാർ, പേർഷ്യക്കാർ തുടങ്ങിയ ചരിത്രങ്ങളിലേക്ക്. ഏക ദൈവ മാർഗത്തിൽ വഴിതെറ്റി അനേകം ദൈവങ്ങളെ രൂപപ്പെടുത്തി തകർന്നടിഞ്ഞ ചരിത്ര സംസ്കൃതികൾ.. പുരാതന ജനതയുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും അവർ ആരാധിച്ചിരുന്ന ദൈവങ്ങളുടെ തരങ്ങളെയും എണ്ണങ്ങളെയും അവർ എങ്ങനെ ആരാധിച്ചിരുന്നുവെന്നും മനസ്സിലാക്കുകയും ചെയ്യുമ്പോൾ ആണ് സത്യവിശ്വാസത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ സാധിക്കുക.
ഏക ദൈവം എന്നും സ്ഥായിയായിട്ടുണ്ട്, വഴിതെറ്റി പകരമായ് സൃഷ്ടിച്ച അനേകായിരം ആരാധ്യമെന്ന് കരുതുന്നവ ഓർക്കാൻ പോലും ആരുമില്ലാതെ കാലാകാലങ്ങളിൽ തകർന്ന് ഇല്ലാതായിട്ടുണ്ട്, വ്യാജ രൂപങ്ങൾ എല്ലാം ഈ ലോകത്ത് നിന്നുതന്നെ തകർന്നടിയാനുള്ളതാണ്.
ബൃഹത്തായ ഈ ആകാശത്തിനു കീഴിൽ ബുദ്ധിയുള്ള മനുഷ്യൻ എങ്ങനെയാവും പ്രപഞ്ചത്തെ, അതിന്റെ ഉത്ഭവത്തെ, അതിന്റെ രൂപത്തെ, അതിന്റെ ചലനങ്ങളെയൊക്കെ നോക്കി കാണുക? ശാസ്ത്രീയമായ കാഴ്ച്ചപ്പാടുകളിലേക്ക് ചിന്തയെ കൊണ്ടുപോകണം, ദൈവ നിഷേധികളേക്കാൾ ശാസ്ത്ര ചിന്തകളെ കൂട്ടുപിടിക്കാനാവുക സത്യ വിശ്വാസികൾക്കാണ്. അതുകൊണ്ടാണ് ആകാശ ലോകങ്ങളെ കുറിച്ച് ചിന്തിക്കാൻ ദൈവ കല്പനകളിൽ കാണാവുന്നത്. ക്ലാസിക്കൽ സയൻസിന് അപ്പുറം അനേകം പ്രപഞ്ച വിഷയങ്ങൾക്ക് ഉത്തരം കണ്ടെത്താവുന്ന ക്വാണ്ടം സയൻസിനെ സ്വീകരിക്കുന്നതിൽ ദൈവ നിഷേധികൾക്ക് ഭയമുണ്ടാക്കുന്നു. എങ്ങനെ ബിഗ് ബാങ് ഉണ്ടായെന്നും, കണങ്ങളുടെ കൂട്ടിമുട്ടലുകളിൽ രൂപപ്പെടുന്ന പൊട്ടിത്തെറി എല്ലാ ഭാഗത്തേക്കും ചിതറാതെ ഒരു പ്രത്യേക രൂപത്തിലേക്ക് ക്രമീകരിച്ചതും, അനേകം പ്രപഞ്ചങ്ങളിൽ പദാർത്ഥ രൂപമുള്ളത് ഈ പ്രപഞ്ചത്തിനാണെന്നും അവ നിർമ്മിക്കപ്പെട്ട നൂറ്റിപ്പതിനാല് മൂലകങ്ങൾക്കും റേഡിയോ ആക്ടീവ് എലമെന്റുകൾക്കും വ്യത്യസ്ത രൂപവും സ്വഭാവവും ആരാണ് നിർണ്ണയിച്ചതെന്ന ചോദ്യങ്ങളും സൃഷ്ടാവിനെ അംഗീകരിക്കാത്തവരെ പേടിപ്പെടുത്തുക തന്നെ ചെയ്യും.
വിശ്വാസത്തെ ശക്തിപ്പെടുത്താൻ പ്രവാചകന്മാർ ചോദിച്ച ചോദ്യങ്ങളിലൂടെ, ഇബ്രാഹിം നബി ഉയർത്തിയ യുക്തി സംവാദങ്ങളിലൂടെ, ചിന്തകൾ ചോദ്യങ്ങളെറിഞ്ഞും ഉത്തരങ്ങൾ കണ്ടെത്തിയും ദൈവിക ഇടപെടലുകളെ മനസ്സിലാക്കിയും ശക്തിയാർജ്ജിക്കുന്നു സത്യവിശ്വാസം. അങ്ങനെയങ്ങനെ മത ചിഹ്നങ്ങളെയും കാലാകാലമായ് അവതരിപ്പിച്ച പ്രവാചകന്മാരും അവർക്ക് നൽകിയ അമാനുഷിക ദൃഷ്ടാന്തവും അവരുടെ സമൂഹത്തിലേക്ക് വെളിച്ചം വിതറിയ ഗ്രന്ഥങ്ങളെ കുറിച്ചും ആലോചിച്ചു. പ്രവാചകന്മാർ കൊണ്ടുവന്ന ദൃശ്യവും അഭൗതികവുമായ അത്ഭുതങ്ങൾ, ദൃഷ്ടാന്തങ്ങൾ മനുഷ്യർക്ക് പ്രവാചകനെ ബോധ്യപ്പെടുത്താനാണെന്നിരിക്കെ, മുഹമ്മദ് നബി പ്രവാചകത്വം എങ്ങനെ തെളിയിക്കും? ഞാൻ യഹൂദനല്ല, അതിന്റെ അനുയായികൾക്ക് തെളിവുകളും അത്ഭുതങ്ങളും അവരുടെ പ്രവാചകരിലൂടെ നൽകിയിട്ടുണ്ട്, ഞാൻ ക്രിസ്ത്യാനിയുമല്ല, തൊട്ടിലിൽ സംസാരിച്ചതും പക്ഷിയെ ജീവിപ്പിച്ചതും, അന്ധരിൽ കാഴ്ച നൽകിയതും, കുഷ്ഠരോഗം മാറ്റിയതുമെല്ലാം അവരുടെ പ്രവാചകനിലൂടെ പ്രകടിപ്പിക്കപ്പെട്ട ദൈവിക അത്ഭുതങ്ങൾ. ആ പ്രവാചകന്മാരെയും അവരിലൂടെ പ്രകടമാക്കപ്പെട്ട ദൃഷ്ടാന്തങ്ങളെയും സത്യവിശ്വാസികൾ അംഗീകരിക്കുകയും ചെയ്യുന്നു, എങ്കിൽ അതുപോലെ മുഹമ്മദ് നബി മനുഷ്യർക്ക് കാണിച്ച അത്ഭുതങ്ങൾ എന്താണ്...?
എന്തോ ഒരു ചെറിയ ശബ്ദം കേട്ടാണ് ഞാൻ ഓർമ്മകളിലെ ചിന്തകളെ വിട്ടത്. ചുറ്റും പരതി നോക്കി, ആരെയും കണ്ടില്ല. ആ ഒറ്റ തൂണിൽ തൂങ്ങുന്ന ചിത്രത്തിലേക്ക് ശ്രദ്ധിച്ചു, ഒരു സ്വർണ്ണ നിറമുള്ള രൂപം, അതിന്റെ ഉടൽ ഒരു കുതിരയെ പോലെ, തലഭാഗം കിരീടം വെച്ച സ്ത്രീരൂപവും, അവയ്ക്ക് ചിറകുകളുണ്ട്. ഇളം കാറ്റിൽ അത് ചെറുതായ് ചലിക്കാൻ തുടങ്ങിയപ്പോൾ അതിലെ രൂപം ഇളകുന്നത് പോലെ തോന്നി.
ഒരിക്കൽ വീട്ടുമുറ്റത്തെത്തിയ കലീബ, തന്റെ ആഗമനം അറിയിക്കാൻ കയ്യിലെ അറവനയിൽ മുട്ടി ശബ്ദമുണ്ടാക്കി ബൈത്തുകൾ പാടി, വീട് വീടാന്തരം കയറി ദഫ് മുട്ടി ഔലിയാക്കളുടെ മദ്ഹ് പാടി നടക്കുന്ന കലീബമാരും അവരുടെ പുറകിൽ പരിസരത്തുള്ള കുട്ടികളെയും കണ്ടാണ് ഞാൻ ഓടിയടുത്തത്, കലീബമാർക്ക് അതൊരു ജീവിത മാർഗ്ഗമാണ്, അവരുടെ ഭാണ്ഡങ്ങളിൽ വിൽപനക്കായുള്ള ചിത്ര ശേഖരവുമുണ്ട്, അതിൽ നിന്നാണ് ആദ്യമായ് ആ രൂപത്തെ കാണുന്നത്. അവരുടെ ദഫ് കേട്ട് കൂടെ കൂടിയ കൂട്ടുകാരനോട് അതെന്താണെന്ന ചോദ്യത്തിന് അതൊന്നും അറിയില്ലേ എന്ന ആശ്ചര്യത്തിലാണ് മറുപടി പറഞ്ഞത്, ബുറാഖ്!! പലരും ആ ചിത്രത്തെ അത്ഭുത ചിഹ്നങ്ങളായ് വീടിന്റെ മുൻചുമരിൽ തൂക്കി.
ഇസ്റാഅ്-മിഅ്റാജ് രാത്രിയെക്കുറിച്ച്, യാത്രയെ കുറിച്ച് ദൈവിക വചനങ്ങളും പ്രവാചക മൊഴികളും വായിച്ചിട്ടുണ്ട്, അതിലെ ചിറകുള്ള വെളുത്ത ജീവിക്ക് എങ്ങനെ സ്വർണ്ണ നിറം വന്നിട്ടുണ്ടാവുക! എന്റെ ചിന്തകളങ്ങോട്ട് തിരിഞ്ഞപ്പോൾ മുന്നിലേക്കുള്ള വഴികൾ തേടി അറിവ് നിറച്ച ഇടങ്ങൾ തേടി അപഗ്രഥനം ചെയ്തു.
ഇബ്രാഹീം, ഈസാ പ്രവാചകന്മാരൊക്കെ ഗതാഗത മാർഗ്ഗങ്ങളായ് കഴുതപ്പുറത്ത് സവാരി ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കഴുതപ്പുറത്തുള്ള യാത്രകൾക്ക് അങ്ങനെയൊരൂ പ്രത്യേകത വേണമെങ്കിൽ നൽകാം, എന്നാൽ ചിറകുള്ള കഴുത രൂപങ്ങൾ!! ചിറകുള്ള പെഗാസസ് ഗ്രീക്ക് പുരാണങ്ങളിൽ കാണാം, പേർസ്യൂസ് എന്ന വീരൻ ഗോർഗോൺ മെഡൂസയെ ശിരഛേദം ചെയ്തപ്പോൾ അവളുടെ രക്തത്തിൽ നിന്ന് ജനിച്ച വെളുത്ത ചിറകുള്ള ഒരു കുതിരയായിരുന്നു എന്ന വിശ്വാസത്തിൽ ഗ്രീക്ക് ജനത അവയെ ആരാധിച്ചിരുന്നു. അതേ പോലെ ഗാൻസുവിന്റെ ചൈനീസ് പുരാണത്തിലും, ആൽപ്സ്-സ്വിസ് അതിർത്തിയിലുള്ള ജൂറാ പുരാണങ്ങളിലും, നോർസ് പുരാണത്തിലെ ഗ്നയുടെതും, സ്ലാവിക്, ടിബറ്റ്, ഹൈന്ദവ, ആഫ്രിക്കൻ, പേർഷ്യൻ പുരാണങ്ങളിലെല്ലാം ചിറകുള്ള കുതിരകളെ കാണാം.
പുരാതന കാലം മുതൽക്കെ മനുഷ്യന്റെ വേഗതയേറിയ വാഹനമാണ് കുതിര, ഒരു പക്ഷെ അവക്ക് ചിറക് നൽകി കൊണ്ട് സവിശേഷമായ ഒരു രൂപത്തെ ആ സമൂഹത്തിലെ ഉന്നതരിലേക്ക് ചേർത്തുവെച്ച് രൂപപ്പെടുത്തിയതായിരിക്കാം, അതല്ലെങ്കിൽ ഓരോ കാലത്തെ പ്രവാചകരിലേക്ക് നിയോഗിക്കപ്പെട്ട ജിബ്രീൽ മാലാഖയുമായി ബന്ധപ്പെട്ട് വന്നുചേർന്നതായിരിക്കുമോ?
ബുറാഖ് എന്ന വാക്കിന് മിക്ക പണ്ഡിതന്മാരും മിന്നലിന്റെ ചെറിയ മിന്നൽ എന്നർത്ഥം നൽകുന്നു. എട്ടാം നൂറ്റാണ്ടിൽ ഇബ്നു ഇസ്ഹാഖ് പഴക്കമേറിയ ജീവചരിത്രത്തിൽ ബുറാഖിനെ ഒരു വെളുത്ത മൃഗമായാണ് വിശദീകരിച്ചിട്ടുള്ളത്, പകുതി കോവർകഴുത, പകുതി കഴുത, വശങ്ങളിൽ ചിറകുകളുള്ളതും. എഴുപത് വർഷങ്ങൾക്ക് ശേഷം ഇബ്നു സാദ് ബുറാഖിന്റെ വിവരണത്തിൽ അവക്ക് നീണ്ട ചെവികൾ നൽകി, ആദ്യമായി അതിനെ സ്ത്രീലിംഗമാക്കി. പതിനൊന്നാം നൂറ്റാണ്ടിൽ അത്തഅ്ലബി ആ മാന്ത്രിക മൃഗത്തിന് മനുഷ്യന്റെ തല നൽകി, ബുറാഖിന് മനുഷ്യനുടേതുപോലുള്ള ഒരു കവിൾ ഉണ്ടെന്നും. പതിനാലാം നൂറ്റാണ്ടിലെ റാഷിദ് അദ്ദീന്റെ ചരിത്രത്തിൽ മാന്ത്രിക കുതിരയുടെ പ്രതിനിധാനങ്ങൾ വേറിട്ടുനിന്നു, അതിൽ ഖുർആൻ പിടിച്ചിരിക്കുന്ന ഒരു മനുഷ്യ ഉടലും കൈകളും ഉള്ളതായി കാണിച്ചിരിക്കുന്നു. പിൻകാല പ്രതിനിധാനങ്ങളിൽ സ്ത്രീ തലയും കുതിരയുടെ ശരീരവുമുള്ള ഒരു കുതിരയുടെ രൂപത്തിൽ ബുറാഖിനെ കാണിക്കുന്നു.
പതിനാറാം നൂറ്റാണ്ടിൽ ഉസ്ബെക്ക് ഭരണാധികാരി മുഹമ്മദ് ഷൈബാനി ഹെറാത്ത് നഗരം പിടിച്ചടക്കിയപ്പോൾ അവിടെ അംബാസഡറായിരുന്നു മുഹമ്മദ് ഖ്വന്ദാമിർ, പിന്നീട് ഹെറാത്ത് പേർഷ്യ കീഴടക്കിയപ്പോൾ അദ്ദേഹം ഇന്ത്യയിലേക്ക് മാറി ബാബറിന്റെയും ഹുമയൂണിന്റെയും സേവകനായി എഴുത്തുകളിൽ ശ്രദ്ധിച്ചു. മുഹമ്മദ് ഖ്വന്ദാമിർ വിശദീകരിച്ചത്, ബുറാഖ് ഒരു കോവർകഴുതയെക്കാൾ ചെറുതും കഴുതയെക്കാൾ വലുതുമായ ഒരു കുതിര സവാരി മൃഗമായിരുന്നു, മനുഷ്യന്റെ മുഖവും ആനയുടെ ചെവിയും പോലെയായിരുന്നു; അതിന്റെ കുഞ്ചിരോമം ഒരു കുതിരയുടെ കുഞ്ചിരോമം പോലെയായിരുന്നു; അതിന്റെ കഴുത്തും വാലും ഒട്ടകത്തിന്റെ പോലെയായിരുന്നു; അതിന്റെ മാറ് ഒരു കോവർകഴുതയുടെ മാറ് പോലെയായിരുന്നു; അതിന്റെ കാലുകൾ ഒരു കാളയുടെ കാലുകൾ പോലെയായിരുന്നു, അല്ലെങ്കിൽ, ഒരു പാരമ്പര്യമനുസരിച്ച്, ഒരു ഒട്ടകത്തിന്റെ കാലുകൾ പോലെയായിരുന്നു; അതിന്റെ കുളമ്പുകൾ ഒരു കാളയുടെ കുളമ്പുകൾ പോലെയായിരുന്നു. അതിന്റെ മാറ് ഒരു മാണിക്യം പോലെ, അതിന്റെ രോമങ്ങൾ വെളുത്ത കവചം പോലെയായിരുന്നു, അതിന്റെ അതിരുകടന്ന പരിശുദ്ധി കാരണം തിളങ്ങുന്നു. അതിന്റെ പാർശ്വങ്ങളിൽ അതിന്റെ കാലുകൾ മറച്ച രണ്ട് ചിറകുകൾ ഉണ്ടായിരുന്നു. ഈ സവാരി മൃഗത്തിന്റെ വേഗത കാരണം അതിന് ഒറ്റയടിക്ക് കണ്ണിന് കാണാൻ കഴിയുന്നിടത്തോളം എത്താൻ കഴിയുമെന്നും വിശദീകരിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിൽ കശ്മീരിൽ സൃഷ്ടിച്ച ജലച്ചായ ചിത്രത്തിൽ രണ്ട് രാജകുമാരന്മാർ ബുറാഖിനെ ആരാധിക്കുന്നത് ചിത്രീകരിക്കുന്നു. മയിലിന്റെ വാൽ ഉൾപ്പെടുത്തുന്നതിലൂടെ ബുറാഖിന്റെ ഇന്ത്യൻ പ്രതിനിധാനങ്ങളെ വേർതിരിച്ചറിയാൻ കഴിയും. അങ്ങനെ ബുറാഖിന്റെ ചിത്രീകരണങ്ങൾ പ്രാദേശിക അഭിരുചിയെ പ്രതിഫലിപ്പിച്ചുകൊണ്ടിരുന്നു.
ആധികാരികമായ രേഖകൾ പറഞ്ഞിട്ടുള്ളതിനപ്പുറം വിശേഷണങ്ങളും രൂപവും മാറ്റിമറിച്ച് എത്രമാത്രമാണ് മനുഷ്യർ അതിനെ വികലമാക്കി തീർത്തത്, അതൊരു സവിശേഷമായ ആരാധ്യ രൂപത്തിലേക്ക് വരെ എത്തിച്ചേർന്നു! വഴിതെറ്റിപ്പോകുന്നതിന്റെ ലളിതമായ ഒരു ഉദാഹരണമാണിത്.
ഇബ്രാഹീം, മൂസ, ഈസ തുടങ്ങിയ പ്രവാചകന്മാർ ഭൗതികമായ് കാണിച്ച്കൊടുത്തത് പോലെ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ തെളിവ് എന്തായിരുന്നു?, ബുറാഖോ? അല്ലേയല്ല; അല്ലെങ്കിൽ ഇസ്റാഅ് മിഅ്റാജ് യാത്ര, ചന്ദ്രനെ പിളർത്തിയത്.. അങ്ങനെ ഏതാനും? അവയൊക്കെയുണ്ടെങ്കിലും അവയേക്കാളും മികച്ചതൊന്ന്, ലോകാവസാനം വരെ സംരക്ഷിക്കപ്പെടുന്നതും, വരാനിരിക്കുന്ന എല്ലാ കാലത്തേക്കുമായി, മനുഷ്യരുടെ കൈവശം നൽകപ്പെട്ടൊരൂ വിശുദ്ധ ഗ്രന്ഥം ഉണ്ടാകുമ്പോൾ മറ്റെന്ത് വേണം മനുഷ്യർക്ക് തെളിവായ്! പക്ഷെ ആ സത്യ വെളിച്ചത്തിലേക്ക് മനസ്സിനെ കൊണ്ടുപോകാതെ ചില അനർത്ഥ രൂപങ്ങളിലേക്കാണ് അധികപേരും ചേക്കേറുന്നത്.
ചിന്ത തൂണിൽ തൂക്കിയ ബുറാഖിലേക്ക് തിരിഞ്ഞു, യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാനാകാത്ത രൂപം. പല കാലങ്ങളിലായ് വികല ചിന്തയിലൂടെ മനുഷ്യർ രൂപപ്പെടുത്തിയ ബിംബം, വ്യാജ രൂപങ്ങളെല്ലാം തകരാനുള്ളവയാണ്! ആ ആലോചനകൾക്ക് ഇടയിലാണ് വീണ്ടും തൂണിൽ തൂക്കിയിട്ട ബുറാഖ് ചിത്രത്തിലേക്ക് ശ്രദ്ധിച്ചത്, അവക്ക് നിറം നഷ്ടപ്പെട്ടിരിക്കുന്നു, അല്ല രൂപവും ഭാവവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, വ്യാജ രൂപം തകർച്ച പൂർത്തിയായിരിക്കുന്നു! വലിയ ഒറ്റ തൂൺ ഒരു കമ്പിയായും തൂങ്ങി കിടന്നിരുന്ന ബുറാഖ് ഒരു ഇരുണ്ട ചുവന്ന കവറായും രൂപാന്തരപ്പെട്ടിരിക്കുന്നു, ബുറാഖ് കെട്ടിയിട്ട ചരട് താഴേക്ക് വീണുകിടക്കുന്നു, അതിനും ഇരുണ്ട ചുവപ്പ് നിറം.
ശരീരത്തെ ചലിപ്പിക്കാൻ നോക്കി, വിരൽ അനങ്ങുന്നില്ല, കൈകാലുകളും. ഏതോ ബന്ധനത്തിലെന്ന പോലെ, ഭയം ഒരു ഭീകര രൂപമായ് ഉയർന്നു, ഭീകരതയുടെ തീവ്രതയിൽ നിന്ന് അനങ്ങാൻ കഴിയുന്നില്ല, ശ്വസിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? ശ്വാസം അനുഭവപ്പെടുന്നില്ല, ഒരു അപരിചിതമായ ഇടത്ത് കിടക്കുന്നു, എവിടെയാണെന്ന് അറിയുന്നില്ല, എങ്ങനെയാണ് അവിടെ ഒറ്റപ്പെട്ടിരിരിക്കുന്നത്? എന്തുകൊണ്ടാണ് ശ്വാസം അനുഭവപ്പെടാത്തത്, കാഴ്ച്ചയെ താഴേക്ക് നീക്കിയപ്പോൾ നെഞ്ച് ഉയരുന്നതും താഴുന്നതും കാണാൻ കഴിയുന്നില്ല, നിശ്ചലമായത് പോലെ!
കണ്ണുകൾ വലത്തോട്ടും ഇടത്തോട്ടും മുകളിലേക്കും താഴേക്കും വലയംവെക്കാൻ തുടങ്ങി, അതുവരെ മനസ്സിലേക്ക് വന്ന എല്ലാ വിഷയങ്ങളും ഉപേക്ഷിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങൾ പ്രത്യക്ഷപ്പെട്ടു, ഉമ്മ, ഉപ്പ, ഭാര്യ, മക്കൾ, സഹോദരങ്ങൾ... അവർ ഓരോ വളയങ്ങളായി ബന്ധസ്ഥനാക്കി, പിന്നെ ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമായ നിമിഷങ്ങൾ, ജീവിതത്തിൽ വേട്ടയാടിയിരുന്ന ഭയങ്ങൾ, ഓരോ ഒഴിവ് കഴിവുകൾ പറയാൻ ശേഖരിച്ച തെളിവുകൾ, ജീവിതത്തിൽ ചെലവഴിച്ചവയും പൂർത്തിയാക്കാനാവാത്തവയും ഒളിച്ചോടിയവയുമെല്ലാം ആ വളയങ്ങളെ കൂട്ടുപിടിച്ച് അവിടം നിറഞ്ഞു നിന്നു. ശബ്ദകോലാഹലങ്ങൾക്കിടയിൽ ഒരാൾ ആരോടൊ പറയുന്നുണ്ട്, ഉയരത്തിൽ നിന്ന് മലർന്നടിച്ച് വീണതാണ് എന്ന്. ചിലർ പേടിയോടെ ഒച്ചയിടുന്നുണ്ട്, കരയുന്നുണ്ട്, വ്യസനിക്കുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്. അവർക്കിടയിൽ നിന്നും ശക്തി ക്ഷയിച്ചൊരൂ ബീപ് ബീപ് ശബ്ദം അന്തരീക്ഷത്തിൽ ലയിച്ച് ഇല്ലാതായി.
ദൈവം തന്റെ ദാസന്മാരെ സൃഷ്ടിച്ചത് ഓരോരുത്തരെയും അവന്റെ സമയത്തിനും സ്ഥലത്തിനും ചുറ്റുപാടുകൾക്കും അനുസരിച്ച് എങ്ങനെ ജീവിച്ചു തീർത്തു എന്നത് പരീക്ഷിക്കാനാണ് എന്ന് എപ്പോഴും വിശ്വസിച്ചിട്ടുണ്ട്. ആ പരീക്ഷണം കാലം അവസാനിച്ചിരിക്കുന്നു. ഞാനെവിടെയാണ്? ആരാണ് എന്നെ ബന്ധനസ്ഥനാക്കിയിരിക്കുന്നത്? ആരും ഒന്നും കേൾക്കുന്നില്ല, ഓർമ്മകളൊന്നും വീണ്ടെടുക്കാനാവുന്നില്ല, ചിന്തകളൊക്കെ കൈവിട്ട് പോയിരിക്കുന്നു, അതുവരെ ചിന്തിച്ചിരുന്നവയെല്ലാം ഈ മനസ്സിനെ ഉപേക്ഷിച്ചിരിക്കുന്നു. അല്ല, ഇനി ചിന്തകൾക്കും ഉത്തരങ്ങൾക്കും പ്രസക്തിയില്ലാതായിരിക്കുന്നു. തൊണ്ട വരളാറായി, വേദന ഞരമ്പുകളിലൂടെ പടർന്നുപിടിച്ചു. ബന്ധനസ്ഥനാക്കിയ കെട്ടുകളിൽ നിന്നും എന്നെ മോചിപ്പിക്കൂ.. സർവ്വ ശക്തിയുമെടുത്ത് വിളിച്ച് പറഞ്ഞു, ശബ്ദങ്ങളൊന്നും പുറത്ത് വന്നില്ല, ചോദ്യങ്ങൾ ശരീരത്തിൽ നിന്നും പുറത്തേക്ക് തെറിച്ചില്ലെങ്കിലും അവ്യക്തമായൊരൂ ശബ്ദം പ്രതിഫലിച്ചു, ആരും ആരെയും ബന്ധസ്ഥനാക്കിയിട്ടില്ല, താങ്കൾ മരിച്ചിരിക്കുന്നു.
കണ്ണുകളുടെ സ്ഥാനം തലക്കുമീതെ റൂഹിനെ പിന്തുടർന്ന് നിശ്ചലമായിരിക്കുന്നു. കാലുകളിലൂടെ ഇരിച്ചു കയറിയ തണുപ്പ് ശരീരത്തിലേക്ക് പടർന്നു തലയിലൂടെ ചൂടിനെ മുഴുവൻ വിഴുങ്ങി, ശരീര കോശങ്ങളിൽ നിന്നും ജീവനെന്ന ഊർജ്ജം പതിയെ അസ്തമിച്ചു, കൂട്ടം കൂടിയവർ വിളിച്ചു, മയ്യത്ത്!! ആത്മാവ് നഷ്ടപ്പെടുന്ന മനുഷ്യന് എല്ലാം നഷ്ടപ്പെടുന്നു, പാരത്രിക ലോകവും അതിലേക്ക് ഒരുക്കിയ വിഭവങ്ങളും മാത്രം ബാക്കിയാവുന്നു.

No comments:
Post a Comment