Jan 23, 2012

മനുഷ്യന്‍ ഹാക്ക് ചെയ്യപ്പെടുമോ?



ഇന്ന് സാധാരണ കംപ്യൂട്ടർ ഉപയോക്താവിന് കംപ്യൂട്ടറിലുള്ള ഇന്‍ഫര്‍മേഷൻ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയില്ല. പലവിധത്തിലുള്ള ഹാക്കര്‍മാര്‍ ലോകത്തെ അതി ശക്തമായ സെക്യൂരിറ്റികളുള്ള സെര്‍വറുകൾ വരെ ഹാക്ക് ചെയ്യുന്നു. കമ്പ്യൂട്ടറിൽ കയറികൂടുന്ന വൈറസ് വഴി കമ്പ്യൂട്ടർ ഹാക്ക് ചെയ്യപെടുന്നത് പോലെ മനുഷ്യന്റെ തലച്ചോറ് വൈറസ് വഴി ഹാക്ക് ചെയ്യുമെന്ന് ചിന്തിക്കാനാവുമോ? എന്നാല്‍ വരും കാലം നമ്മുടെ തലച്ചോറ് ഹാക്ക് ചെയ്യപെടുന്നതിനെ ഭയപെടേണ്ടിയിരിക്കുന്നു എന്നാണ് ചില വസ്തുതകൾ വിളിച്ചു പറയുന്നത്. ഡി എന്‍ എയിലുള്ള നാനോ സാങ്കേതിക വിദ്യയും ജൈവ തന്മാത്രകളുടെ കണക്കിലുമെല്ലാം മനുഷ്യന്റെ ജ്ഞാനം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ആയതിനാല്‍ തന്നെ മനുഷ്യന്റെ തലച്ചോറിനെ സംരക്ഷിക്കുക എന്നതായിരിക്കും 21 നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി.

സ്വാഭാവികമായി ജീവനുള്ള വൈറസുകളും ബാക്ടീരിയകളുമെല്ലാം മനുഷ്യരില്‍ കടന്നുകൂടി രോഗം മാത്രമല്ല ഉണ്ടാക്കുന്നത്, അത് ശരീര പെരുമാറ്റരീതിയെ മാറ്റുകയും ആതിഥേയനെ നിയന്ത്രിക്കുകയും ചെയ്യുന്നു.  കൃത്രിമമായി നിര്‍മ്മിച്ചെടുത്ത വൈറസുകളുടെ പ്രവര്‍ത്തനത്തിന്റെ പരിണിതഫലമായി ഉണ്ടാവുന്നത് പനിയേക്കാളും തലവേദനയെക്കാളും ഗൌരവമുള്ളതായിരിക്കും. വൈറസുകളും ബാക്ടീരിയകളും  തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യ ശരീരത്തിനുള്ളില്‍ കൌശലത്തോടെ സ്വാധീനിക്കുകയും ബയോ പ്രോഗ്രാം ചെയ്തു തലച്ചോറിലെ സന്ദേശം സവിശേഷമായ ഭാഗങ്ങളിലെത്തിക്കുകയും ചെയ്യും. അതുവഴി ബയോ പ്രോഗ്രാമുകള്‍ കൊണ്ട് ബാധക്ക് വിധേയമായ വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കാനും കഴിയുമെന്നാണ് ബയോടെക് ഗവേഷകര്‍ കരുതുന്നത്. ഇന്ന് സിന്തറ്റിക് ബയോളജി ഇന്റസ്ട്രികളുടെ തുടക്കം പല രാഷ്ട്രങ്ങളിലും കാണാന്‍ കഴിയും. അവിടെയെക്കെ നടക്കുന്നത് ഡി.എന്‍.എയുടെ മൌലികമായ പ്രവര്‍ത്തികളെ കുറിച്ചുള്ള ഗവേഷണങ്ങളാണ്. ഡീകോഡിങും, ഇന്‍സേര്‍ഷനും (ഇടചേര്‍ക്കൽ) എക്‌സിഷനും (മുറിച്ചുമാറ്റൽ) മെല്ലാം ഡി എന്‍ എ കളിൽ പരീക്ഷിക്കുന്നു.  ചില വിജയകരമായ ശ്രമങ്ങൾ ക്ലോണിങിൽ നടന്നിട്ടുണ്ട്. അതു വഴി ആധുനിക ശാസ്ത്രം ഈ വിഷയത്തില്‍ വളരെ മുന്നോട്ട് പോകുമെന്നു തന്നെ വേണം കരുതാന്‍.


1980കളിലെ കമ്പ്യൂട്ടർ ടെക്‌നോളജിയുടെ അവസ്ഥയാണ് ഇന്നത്തെ ബയോ പ്രോഗ്രാമിങ്ങിന്. മുപ്പത് വര്‍ഷം മുമ്പ് ഇന്നത്തെ പോലുള്ള സൂപർ കമ്പ്യൂട്ടറുകളെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. ഇന്ന് അന്നത്തേക്കാളും സാങ്കേതികമായി മനുഷ്യന്‍ പുരോഗമിച്ചു, അതുകൊണ്ട് തന്നെ മുപ്പത് വര്‍ഷത്തെ കാലയളവ് വേണ്ടിവരില്ല ബയോടെക്കിന്റെ കളികൾ കാണാന്‍. മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ ലിവിങ് കമ്പ്യൂട്ടറിനെ പോലെയാണെങ്കില്‍ അതിന്റെ പ്രോഗ്രാമിങ് കോഡ് ഡി എന്‍ എ, അവയെ നിയന്ത്രിക്കുന്നു. സിന്തറ്റിക് ബയോളജിയിൽ നാസ റിസേര്‍ച്ച് കാമ്പസിലെ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയിലെ ആന്‍ട്രൂ ഹെസെല്‍ പറയുന്നത് ബയോടെക് കമ്പ്യൂട്ടർ ടെക്‌നോളജിയേക്കാൾ വേഗത്തില്‍ വളരുമെന്നാണ്. ചില അനുമാനങ്ങളിൽ നിന്നാണിതൊക്കെ പറയുന്നതെങ്കിലും അതിനുള്ള പരിശ്രമങ്ങള്‍ക്കായി അനേകം എഞ്ചിനീയര്‍മാര്‍ പണിയെടുക്കുന്നുണ്ട്. ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് മൌലികമായ നിര്‍ദ്ദേശങ്ങളും കോഡുകള്‍ക്കുമാണ്. അവ വികസിപ്പിച്ചെടുക്കുക എന്ന അതി സങ്കീര്‍ണ്ണമായ  ഭാഗം കഴിഞ്ഞാൽ മാത്രമേ ആവറേജ് കോഡര്‍ക്ക് ഡെവലപ് ചെയ്യാന്‍ കഴിയൂ. ഇനി ബേസിക് കോഡിങ് വികസിപ്പിച്ചെടുത്താൽ തന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡിൽ ഓപണ്‍ സോര്‍സ് കോഡ് നല്‍കുന്നത് പോലെ ബയോടെകിൽ ലോക സുരക്ഷ കണക്കിലെടുത്തും ബയോടെറൊറിസം കണക്കിലെടുത്തും ആരും ബേസിക് സോര്‍സ് കോഡ് നല്‍കില്ല. അതിനാല്‍ കമ്പ്യൂട്ടര്‍ ടെക് വളര്‍ന്നു വ്യാപിച്ചത് പോലെ ബയോടെക് വ്യാപിക്കണമെന്നില്ല. എന്നാൽ സാമ്രാജ്യത്വ ശക്തികൾ ലോകത്തെ തങ്ങളുടെ അധീനത്തിലാക്കാന്‍ ഈ മേഖല വിപുലമായി ഉപയോഗപെടുത്തുമെന്നതില്‍ സംശയമില്ല.

**കഴിഞ്ഞ പോസ്റ്റുകളുടെ തുടർച്ചയായി എഴുതിയതാണിത്.

Jan 18, 2012

കോർപറേറ്റുകളുടെ നിയന്ത്രണത്തിലാവുന്ന മനുഷ്യർ



മനുഷ്യർക്ക് വ്യത്യസ്ത അഭിരുചികളുണ്ടാകും. അഭിരുചികൾ അധികവും അനുഭവബോധ്യത്തിൽ വികസിച്ചു വരുന്നതാണ്. എനർജ്ജി കൂടുതലുള്ളവ മധുരം നൽകുന്നുവെങ്കിൽ കയ്പ് നൽകുന്നത് വിഷമാണെന്ന സൂചനയാണ്. മണവും രുചിയും ബന്ധപെട്ടു കിടക്കുന്നതിനാൽ ഭക്ഷണത്തിന്റെ ഗന്ധം നമ്മെ അതിലേക്കടുപ്പിക്കുകയും രുചിച്ചറിഞ്ഞു അനുഭവത്തിലൂടെ മനസ്സിലാക്കുകയും ചെയ്യുന്നു.  നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ കാഴ്ച്ചയിലും രുചിയിലും വാസനയിലും തുടങ്ങി സെൻസുമായി ബന്ധപെട്ടതാണ്. ഭക്ഷണത്തിന്റെ വാസനയും സുഗന്ധദ്രവ്യങ്ങളുടെ വാസനയും വ്യത്യസ്ത രീതിയിലാണ് സെൻസ് കൈകാര്യം ചെയ്യുന്നത്. 

പരിമളം ഉചിതമായ രീതിയിൽ ഉപയോഗപെടുത്തി വിപണന താല്പര്യങ്ങളെ മുതലെടുക്കുന്നവരാണ് ഇന്ന് കൂടുതലും. പരിമളത്തിന്റെ മാറ്റനുസരിച്ച് ഉല്പന്നത്തിന്റെ ക്വോളിറ്റി വരെ നിശ്ചയിക്കപെടുന്നു. മണമില്ലാത്ത മണ്ണെണ്ണയിൽ വെളിച്ചെണ്ണയുടെ പരിമളം ചേർക്കുന്നതോടെ പാരച്യൂട്ട് ഒരിജിനൽ വെളിച്ചെണ്ണയാകുന്നു. ഉറക്കറവസ്ത്രങ്ങളിൽ ഫ്ലോറൽ സെന്റുകളുള്ളത് വാങ്ങാൻ ഉപഭോക്താക്കാൾ കൂടുതലാണെന്ന് മാർക്കറ്റ് സ്റ്റഡികളിൽ കാണാം. വിപണന വസ്തുവുമായി ബന്ധപെട്ട സുഗന്ധങ്ങൾ ആശ്രയിക്കുന്ന സാഹചര്യം കൂടുതലാണെന്ന് മാത്രമല്ല അവ ഒറിജിനൽ പ്രൊഡക്റ്റായി പരിചയപെടുത്തുകയും ഉപഭോക്താവിൽ വാണിജ്യമുദ്രയിൽ ആനന്ദവും ദൃഢവിശ്വാസവും സ്ഥാപിക്കപെടുന്നു. ഡിഷ് വാഷിങ്ങുകളിൽ നാരങ്ങയുടെ സുഗന്ധമുള്ളവക്ക് മാർക്കറ്റ് കൂടുതലാണ്, നാരങ്ങയുടെ സുഗന്ധം വൃത്തിയുമായി സാദൃശ്യപെടുത്തുന്നു.  അങ്ങിനെ പലതരത്തിലുള്ള വാസനകളെ വ്യത്യസ്ത തലങ്ങളിൽ നമ്മുടെ സെൻസ് കൈകാര്യം ചെയ്യുന്നു.

കുഞ്ഞുങ്ങൾക്ക് ഏവരും ഇഷ്ടപെടുന്ന പ്രത്യേക ഗന്ധമാണെങ്കിൽ പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ശാരീരികവും മാനസ്സികവുമായി തമ്മിലടുപ്പിക്കുന്ന ഗന്ധമാണുള്ളത്.  പുരുഷന്റെ മണം സ്ത്രീ തിരിച്ചറിയുന്നത് വൈകാരികമായ നിലക്കാണ്. അതുകൊണ്ട് തന്നെ വൈവാഹിക ജീവിതത്തിൽ ഗന്ധങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്.  വൈവാഹിക ജീവിതം തുടങ്ങുമ്പോൾ മാനസ്സികമായി അടുക്കുന്നതിലും എല്ലാം പങ്കുവെക്കുന്നതിലും ഗന്ധങ്ങൾക്കുള്ള പങ്ക് വലുതാണ്. മനുഷ്യരിലും ജീവികളിലും ഫെറൊമോൺ (ഇണകളെ സ്വധീനിക്കാൻ ഉത്സർജ്ജിക്കുന്നത്) കാണാൻ കഴിയും. 

ഒരിക്കൽ അലക്സാണ്ടർ ചക്രവർത്തി യുദ്ധത്തിന് പുറപെടുമ്പോൾ ഭാര്യ ആവശ്യപെട്ടത് യുദ്ധം അവസാനിച്ചാൽ കുളിക്കാതെ മടങ്ങിവരണമെന്നാണ്. മരണപെട്ട ഭർത്താവിന്റെ ഉപയോഗിച്ച വസ്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ത്രീകളുണ്ട്, പ്രവാസികളുടെ ഭാര്യമാരിലും ഇത്തരത്തിലുള്ളവരെ കാണാൻ കഴിയും.ഭർത്താവിന്റെ, പുരുഷന്മാരുടെ ശരീരത്തിൽ നിന്നുമുണ്ടാകുന്ന പ്രത്യേക വാസനയാണ് വസ്ത്രങ്ങളോട് വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നത്. ഓവുലേഷൻ പിരീഡിൽ സ്ത്രീകളിലുണ്ടാകുന്ന ഗന്ധം പുരുഷനെ കൂടുതൽ ആകർഷിക്കുമെന്ന് പഠന റിപോർട്ടുകളിൽ കാണുന്നു. ഇഷ്ട അനിഷ്ടങ്ങളിൽ പ്രധാന ഘടകമാണ് ഈ ഗന്ധം.  വൈവാഹിക ജീവിതത്തിൽ സന്തോഷത്തോടെ പരസ്പരം ഇഷ്ടപെട്ടും എല്ലാം  ഷെയർ ചെയ്തും മുന്നോട്ട് പോകുന്നവർ പിന്നീട് മാനസികമായി അകലുകയും വേർപിരിയുന്നതും ഇന്ന് കൂടി വരുന്നു. അതിന്റെ തോത് വികസിത രാഷ്ട്രങ്ങളിൽ വളരെ കൂടുതലുമാണ്.  അമേരിക്കയിൽ വർഷത്തിൽ 2.25 മില്ല്യൻ വിവാഹങ്ങൾ നടക്കുന്നതിൽ 1 മില്ല്യൻ വേർപിരിഞ്ഞുപോകുന്നു. വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നതോടെ ഗർഭധാരണം തടയാൻ വേണ്ടി ഉപയോഗിക്കുന്ന മെഡിസിൻ സ്ത്രീകളുടെ ഹോർമോണുകളിൽ മാറ്റമുണ്ടാക്കുകയും സ്ത്രീക്ക് പുരുഷനോടുള്ള അഭിനിവേശം ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്.  മനുഷ്യരിൽ ഒളിഞ്ഞുകിടക്കുന്ന പരിമളത്തിന് ഹേതുവായ എം.എച്.സി ജീൻ (Major Histocompatibility Complex) ബന്ധങ്ങളിൽ നല്ലൊരൂ പങ്കുവഹിക്കുന്നുണ്ട്.

മനുഷ്യരിൽ വ്യത്യസ്തമായ എം.എച്.സി ജീനുകളാണുള്ളത്. അതിൽ സാദൃശ്യം കുറവാണ്. ദമ്പതികൾ വ്യത്യസ്ത എം.എച്.സി ജീനുകളുള്ളവരെയാണ് ഇഷ്ടപെടുന്നത്. അവരിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങൾ പലവിധ എം.എച്.സി രൂപങ്ങളാണുണ്ടാവുക.

Royal Society പബ്ലിഷ് ചെയത് പഠനങ്ങളിൽ തെളിയുന്നത്, ഗർഭധാരണ ഗുളികകൾ ഉപയോഗിക്കുന്ന സ്ത്രീകളുടെ ഹോർമോണിൽ വരുന്ന വ്യത്യാസം കാരണം എം.എച്.സി ജീനുകൾ പുരുഷന്മാരുടെ എം.എച്.സി ജീനുകളുമായി സാമ്യതയിലേക്ക് വരുന്നു. മനശാത്ര പഠനങ്ങളിൽ കാണാൻ കഴിയുന്നത് സ്ത്രീ പുരുഷനിൽ എം.എച്.സി ജീനിൽ സാമ്യതയുണ്ടെങ്കിൽ വൈവാഹിക ബന്ധങ്ങൾ വിജയകരമാകില്ല.

പറഞ്ഞുവരുന്നത് നമ്മുടെ ഇഷടാനിഷ്ടങ്ങളുമെല്ലാം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്കും എൻസൈമുകൾക്കും പങ്കുണ്ട്. ഗർഭധാരണ സമയങ്ങളിൽ ഹോർമോണുകളിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണ് പല തരത്തിലുള്ള അനിഷ്ടങ്ങളുണ്ടാവുന്നത്. രോഗികളിലും ഇതുപോലുള്ളവ സംഭവിക്കുന്നത്  വൈറസ് ബാധവഴി ഹോർമോണുകളിൽ വ്യത്യാസമുണ്ടാകുന്നത് കൊണ്ടാണ്.

അതു കൊണ്ട് തന്നെ ബ്രാൻഡുകളിൽ ചേർക്കപെടുന്ന കൃത്രിമ പരിമളങ്ങൾക്കപ്പുറം ബ്രാൻഡുകളിൽ ആസക്തിയുണ്ടാക്കാൻ വരും കാലങ്ങളിൽ നമ്മുടെ ഇഷ്ട അനിഷ്ടങ്ങളെ കീഴ്പെടുത്തുന്ന രീതിയിൽ ശരീരത്തിലെ ഹോർമോണുകളെ കൈകാര്യം ചെയ്യുന്ന വൈറസുകളെ സാമ്രാജ്യത്ത കോർപറേറ്റ് കമ്പനികൾ വഴി സൃഷ്ടിക്കപെട്ടേക്കാം, അതു വഴി അവരുടെ ഉല്പന്നങ്ങളിൽ മനുഷ്യർ അത്യാസക്തരായി തീരുകയും അവരുടെ ഉല്പന്നങ്ങൾക്ക് മാർകറ്റ് സൃഷ്ടിക്കപെടുകയും ചെയ്യാം.



[കഴിഞ്ഞ പോസ്റ്റിൽ വൈറസിനെ കുറിച്ചെഴുതിയ ലേഖനത്തിന്റെ തുടർച്ചയായി എഴുതിയതാണിത്.]


Jan 14, 2012

ജീവന് വിലപറയുന്ന വൈറസുകള്‍




ലോക ജനസംഖ്യയുടെ രണ്ടിലൊന്ന് ഭാഗം മനുഷ്യരെ കൊല്ലാൻ മാത്രം കഴിവുള്ള വൈറസുകൾ ഇന്ന് നിർമ്മിക്കപെട്ടിട്ടുണ്ട്. അവ ലാബുകളിൽ ഉറങ്ങികിടക്കുകയാണ്. ബയോടെററിസം ഭീതിയോടെ ഉറ്റുനോക്കുന്ന ഈ കാലത്ത് ഇത്തരം വൈറസുകൾ നിർമ്മികപെടുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളിലാണെന്നു വരുമ്പോൾ ബയോടെറൊറിസത്തെ ആരാണ് പ്രോത്സാഹിപ്പിക്കുന്നതെന്നത് വ്യക്തം. എന്നാൽ ടെററിസം അത് ചിലരിലേക്ക് മാത്രം ചേർക്കപെട്ട വാക്കുകളായതിനാൽ ലോകത്ത് ഇത്തരം രാഷ്ട്രങ്ങൾ ചർച്ച ചെയ്യപെടുന്നില്ല.

മനുഷ്യ നിർമ്മിതമാണ് H5N1 വൈറസ്.  ബയോടെറൊറിസം വിദഗ്‌ദ്ധർ പറയുന്നത് H5N1 bird flu   വൈറസിനെ ജെനറ്റികലായി മാറ്റം വരുത്തി വളരെ വ്യാപിക്കുന്ന തരത്തിലാക്കിയിട്ടുണ്ടെന്നാണ്. അവ നിർമ്മിച്ചത് നെതർലാന്റിലെ റോട്ടർഡാം എറാസ്മസ് മെഡിക്കൽ സെന്ററിലെ റോൺ ഫോഷ്യർ തന്റെ പരിശ്രമങ്ങളെ കുറിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ മെൽറ്റയിൽ നടന്ന ഇൻഫ്ലുവൻസ കോൺഫറൻസിൽ പബ്ലികിനു മുന്നിൽ നിരത്തിയതാണ്. അദ്ദേഹം പറയുന്നത് വളരെ പരിശ്രമത്തിലൂടെയാണ് പക്ഷികളിലും മൃഗങ്ങളിലും  പരീക്ഷണം നടത്തിയതെന്നും വളരെ അപൂർവ്വമായെ മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂ എന്നുമാണ്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏഷ്യയിൽ വ്യാപിച്ച പക്ഷിപനി 600ൽ പരം കേസുകൾ റിപോർട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാൽ H5N1  പ്രത്യേകിച്ചും ക്രൂരമായതാണ്. Fouchier മെഡികൽ ടീമിലെ ഗവേഷകർ ഇൻഫ്ലുവൻസക്ക് കാരണമാകുന്ന വൈറസുകളുള്ള ജീവികളുടെ അടുത്ത് വെള്ളകീരിയിൽ പരീക്ഷണം നടത്തി. H5N1 ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പകരുമ്പോൾ അത് സെൽ വ്യൂഹങ്ങളിൽ കൂടുതൽ യോജിച്ച തരത്തിൽ പ്രവർത്തിക്കുകയും സ്വയം പരിവർത്തനങ്ങൾക്ക് വിദേയമാവുകയും ചെയ്യുന്നു. പരീക്ഷണത്തിന് വിധേയമായി വള്ളകീരിക്ക് ബാധിച്ച വൈറസിന് അഞ്ച് തവണ പരിവർത്തനം സംഭവിച്ചെന്നു കണ്ടെത്തി. ഇങ്ങിനെ പരിവർത്തനം സംഭവിച്ചതായിരുന്നു ലോകത്ത് പത്തുമില്ല്യൻ പക്ഷികളേ കൊന്നൊടുക്കുകയും  നൂറുകണക്കിന് മനുഷ്യരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തത്. 

H5N1 ബാധിച്ച പക്ഷികളുമായി ബന്ധപെടുന്നവർ വഴി വൈറസ് ബാധിക്കുമെങ്കിൽ ഇന്ന് അതിന്റെ വികസിച്ച രൂപം അമേരിക്കയിലേയും ഡച്ച് ബയോടെക് ശാസ്ത്രഞ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് രോഗബാധിതരായവരിൽ നിന്നും വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരാൻ മാത്രം അതിഭീകരമാണ്. ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്, സാംക്രമിക രോഗങ്ങൾ വഴി മില്ല്യൺ കണക്കിന് ആളുകളുടെ മരണത്തിന് ഹേതുവാകുന്നതാണ് ഈ പരിവർത്തനം വരുത്തിയ വൈറസ് എന്ന്.

ആന്ദ്രാക്സ് ഗവേഷണങ്ങളിലേർപെട്ട പൌൾ കേഇം എന്ന മൈക്രോ ബയോളജി ജെനറ്റിക്സ് പറയുന്നത് ഒരിക്കലും ഇതുപോലുള്ളതിനെ കുറിച്ച് ചിന്തിക്കാൻ പോലുമാവാത്ത pathogenic organism മാണത് എന്നാണ്.   പൌൾ കേഇം ഇപ്പോൾ അമേരിക്കയുടെ ദേശീയ ശാസ്ത്ര ഉപദേശക ഭരണസമിതി അംഗമാണ് (National Science Advisory Board for Biosecurity - NSABB).  ടോക്യോ സർവ്വകലാശാലയിലെ യൊഷിഹിരൊ എന്ന വൈറോളജിസ്റ്റും ആന്ദ്രാക്സിനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അയതിനാൽ ഈ രണ്ട് ഗവേഷണങ്ങളും താരമത്യപെടുത്തി പഠിക്കാക്കാൻ Wisconsin, Madison &  University of Tokyo എന്നീ സർവകലാശാലകൾ തീരുമാനിക്കുകയും അതിന്  NSABB പച്ചകൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലോകത്തിലെ പല ബയോ സെക്യൂരിറ്റി വിദഗ്ദ്ധരും ഇത്തരത്തിലുള്ള ഗവേഷണ റിസൾട്ട് കൈമാറുന്നത് വളരെ അപകടമാണെന്നും അത് ബയോടെററിസത്തിലേക്ക് എത്തിപെടുമെന്നും മുന്നറിയിപ്പ് നൽകുന്നു. പിറ്റ്സ്ബർഗ് മെഡിക്കൽ സർവ്വകലാശാലയിലെ ബയോടെറൊരിസം എക്സ്പേർട്ട് ഡയരക്ടർ ഡോ. തോമസ് പറയുന്നത്, വളരെ മോശമയ സംഗതിക്കാണ് സയന്റിസ്റ്റുകൾ ശ്രമിക്കുന്നതെന്നും മാരകമായ വൈറസുകളെ വളരെ വ്യാപിപ്പിക്കുന്ന തരത്തിൽ ഇത്തരം ഗവേഷണങ്ങൾ കൊണ്ടെത്തിക്കുമെന്നാണ്. മാത്രമല്ല, അവരുടെ ഗവേഷണങ്ങളെ ശാസ്ത്ര സമൂഹത്തിൽ പ്രബന്ധങ്ങളായി അവതരിപ്പിക്കുക വഴി മറ്റുള്ളവർ മാതൃക സ്വീകരിക്കാൻ കാരണമാകും.

ലോകത്ത് മനുഷ്യർ ഒന്നും നോക്കാതെ കാശെറിയുന്ന ഒരേ ഒരു മേഖലയാണ് മെഡിക്കൽ മേഖല. അതിനാൽ തന്നെ കുത്തകകൾ ആ ഫീൽഡിൽ നല്ലവണ്ണം കളിക്കുന്നുണ്ട്. കൂടാതെ ഇന്ന് ബയോടെക് രംഗത്ത് പലതരത്തിലുള്ള കബളിപ്പിക്കൽ നടക്കുന്നുണ്ട്. ലോകത്ത് വ്യാപിക്കുന്ന H1N1 നെ കുറിച്ച് തെറ്റായ വിവരങ്ങൾ ലോകാ‍രോഗ്യ സംഘടനക്ക് നൽകുകയും അതുവഴി വൻ ലാഭങ്ങൾ കൊയ്യാനും ഫാർമ ഫ്രോഡുകൾ രംഗത്തിറങ്ങിയത് വഴി ശരിയാ ചികിത്സ രോഗികൾക്ക് ലഭ്യാമായില്ല എന്നുമാത്രമല്ല സാമ്പത്തികമായ വലിയ കൊള്ളക്ക് കാരണമാവുകയും ചെയ്തു. പല ഗവണ്മെന്റുകളും ബില്ല്യൻ കണക്കിന് ഡോളറുകളുടെ പന്നിപനി  H1N1 വാക്സിനാണ് വാങ്ങികൂട്ടിയത്. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ H1N1 വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. നമ്മുടെ കൊച്ചു കേരളത്തിൽ പടർന്ന ചിക്കൻഗുനിയ സന്ധികളിൽ കടുത്ത വേദനയുണ്ടാക്കുന്നു. വേദന വന്നാൽ ആരും അടങ്ങിയിരിക്കില്ല എന്നതുകൊണ്ട് ഡോക്ടർമാരെ കാണുകയും പലതരത്തിലുള്ള മെഡിസിനുകൾ അകത്താക്കുകയും ചെയ്യുന്നു എന്നല്ലാതെ ശരിക്കുമുള്ള ട്രീറ്റ്മെന്റ് പറയപെട്ട രോഗങ്ങളിൽ ലഭിക്കുന്നില്ല. മെഡിക്കൽ ഫ്രോഡുകളുടെ കളികളിൽ പലതരത്തിലുള്ള മരുന്നുകൾക്ക് വിപണിയായി കൊച്ചുകേരളം മാറുന്നതിന്റെ പിന്നാമ്പുറങ്ങളിൽ കറുത്ത കൈകളുണ്ടാവണം.

അമേരിക്കയുടെ ഡ്രോൺ ഇറാൻ തകർത്തിട്ടപ്പോൾ അമേരിക്കയുടെ സീക്രട്ടുകൾ വെളിവാകുമോ,  ഇറാന് കൂടുതലെന്തെങ്കിലും അവയിൽ നിന്നും ലഭിക്കുമോ എന്ന ചോദ്യത്തിന്  വെനിസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞത്, ലഭിക്കും.. കാൻസറ് ലഭിക്കുമെന്നാണ്. ലാറ്റിനമേരിക്കൻ രാഷ്ട്രീയ നായകന്മാർക്ക് കാൻസർ പിടിപെടുന്നത് യാദൃച്ഛികമല്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. അർജന്റീനൻ പ്രസിഡന്റ് ക്രിസ്റ്റിന ഫെർനാന്റസിന് കാൻസറ് വന്നതിനെ കുറിച്ച് അദ്ദേഹം തന്റെ മിലിട്ടറി ട്രൂപിനെ സംബോധനം ചെയ്ത് പറഞ്ഞത് ലാറ്റിനമേരിക്കൻ ലീഡർമാരെ പിടിപെടുന്നത് വിചിത്രമായതല്ലെന്നാണ്. ഈ അടുത്താണ് ഷാവേസിന്റെ ശരീരത്തിൽ നിന്നും ടൂമർ നീക്കം ചെയ്തത്. പരഗൊയുടെ ഫെർണാഡോ ലൂഗൊ, ബ്രസിലിന്റെ ഡിൽമ റൊസ്സെഫ്, മുൻ ബ്രസീൽ ലീഡർ ലൂയിസ് ഇനാസ്യൊ തുടങ്ങിയ ലാറ്റിനമേരിക്കൻ നായകന്മാരോട് കാൻസർ നീരാളിക്ക് പ്രത്യേക മമതയുണ്ടായതിൽ ചില കറുത്ത കരങ്ങളുണ്ടാവാം. ഒരിക്കൽ ഫിദെൽ കാസ്ട്രൊ ഷാവേസിന് നൽകിയ മുന്നറിയിപ്പ്, “അവരെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, അവർ പല തരത്തിലുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു. എന്ത് ഭക്ഷിക്കാൻ തന്നാലും എന്ത് ഭക്ഷിക്കുന്നതിലും ജാഗരൂകത വേണമെന്ന്”. ലാറ്റിനമേരിക്കയിൽ ഇനി ബാക്കിയുള്ളത് ബൊളീവിയൻ പ്രസിഡന്റ് ഇവൊ മൊറത്സ് മാത്രം, ഷാവേസ് ഭയപെടുന്നു, അടുത്ത ഊഴം അദ്ദേഹത്തിന്റെതാവും.., അദ്ദേഹം കൂട്ടിചേർത്തു, “ഇവൊ, നീ നിന്നെ സ്വയം സൂക്ഷിക്കുക, വരുന്ന വഴികളെ കുറിച്ച് ഞങ്ങൾക്കൊന്നുമറിയില്ല”.



Related Posts Plugin for WordPress, Blogger...