Jan 17, 2011

ഉപയോഗമില്ലാത്ത അറിവ്…


കഴിഞ്ഞ ലക്കം ശബാബ് വാരികയിൽ അറബി മലയാളത്തെ കുറിച്ചൊരൂ ലേഖനം വായിച്ചു. കുറേ വസ്തുതകൾ നിരത്തിയ ലേഖനം ചരിത്രപരമായ അറിവുകൾ നൽകി. എന്നാൽ അതിൽ പ്രതിപാദിക്കപെട്ട വിഷയം എന്തൊ എനിക്കത്ര ദഹിച്ചിട്ടില്ല. പഴയകാല മുസ്ലിംങ്ങളുടെ സാഹിത്യപരമായ കഴിവുകളെ കാണിക്കുന്നതിനപ്പുറം മുസ്ലിം സമൂഹത്തിന് അത് കൊണ്ട് എന്ത് ഗുണമാണ് ലഭിച്ചിട്ടുള്ളതെന്ന് എന്റെ പരിമിതമായ അറിവുപയോഗിച്ചിട്ട് മനസ്സിലാവുന്നില്ല.
അനാവശ്യമായ, ഉപകാരമില്ലാത്ത ആ പഠനം നമുക്കാർക്കെങ്കിലും വല്ല രീതിയിൽ പ്രയോജനപെട്ടോ? എവിടെയെങ്കിലും ഏതെങ്കിലു രീതിയിൽ അവ ഉപയോഗിക്കുന്നെങ്കിലല്ലെ പ്രയോജനമെന്നതിനെ കുറിച്ച് പറയേണ്ടതുള്ളൂ…

ആദ്യകാല ഇസ്ലാമിക പ്രസിദ്ധീകരണങ്ങളോക്കെ അറബി മലയാളത്തിലായിരുന്നു. ഇംഗ്ളീഷിനോടും മലയാളത്തിനോടും അകൽച്ച നിന്നിരുന്ന ഒരു സമൂഹത്തിൽ നവോത്ഥാന സംരഭങ്ങളുണ്ടാക്കാൻ ആ സമൂഹത്തിനറിയുന്ന ഭാഷയുപയോഗിക്കുക എന്നത് ബുദ്ധിപരം തന്നെ. അത് കൊണ്ടാണ് മുസ്ലിം നവോത്ഥാനത്തിന്റെ കരുത്തായിരുന്ന കെ.എം. മൌലവിയുടെ അൽ മുർശിദ് തുടങ്ങിയവ അറബി മലയാളത്തിലെഴുതിയിരുന്നതും. എന്നാൽ ഇന്നങ്ങിനെയല്ല. ഇന്നത്തെ സമൂഹം മലയാളവും ഇഗ്ളീഷും മറ്റു ആവശ്യമായ ഭാഷകൽളൊക്കെ പഠിക്കുന്നു. ഒരു തരത്തിലുള്ള അയിത്തവും ഇന്ന് ഭാഷകൾക്കില്ല.

കുറച്ച് മുമ്പ് അൽ മുർശിദിൽ ഒരു അറബി മലയാളത്തിലുള്ള ലേഖനം ലഭിച്ചപ്പോൾ അറബി മലയാളം അറിയുന്നവരെ തേടി ഇറങ്ങി.. മുമ്പ് പഠിച്ച പല സുഹൃത്തുക്കളും പിന്നീട് ഉപയോഗിക്കാത്തതിനാൽ ഒരു ലേഖനം മുഴുവൻ വായിച്ച് തരിക പ്രയാസകരമായി. എന്നാൽ അറബി മലയാളം പഠിച്ച, അറബി ഭാഷയിൽ നൈപുണ്യമുള്ള ഒരൂ സുഹൃത്ത് കുറച്ച് പ്രയാസപെട്ട് വായിച്ച് തന്നു. നമുക്കിടയിൽ അറബി മലയാളം പഠിച്ച് വളർന്നവർ ജീവിതത്തിൽ അതു പിന്നീട് ഒരിക്കൽ പോലും ഉപയോഗിക്കുന്നില്ല. ഇത്തരം ഉപയോഗമില്ലാത്ത ഭാഷകൾ ഇന്നും എത്രയോ കുട്ടികൾ മതപാഠശാലകളിൽ നിർബന്ധിതാവസ്ഥയിൽ പഠിച്ച് കൊണ്ടിരിക്കുന്നു. അവരും പഠിക്കുന്നുണ്ട് മത പ്രമാണങ്ങൾ.. അവരും പ്രാർത്ഥിക്കുന്നുണ്ട് പ്രവാചകൻ പഠിപ്പിച്ച ‘ഉപകാരമില്ലാത്ത അറിവിൽ നിന്നും രക്ഷ’.

വടക്കെ ഇന്ത്യയിലെ പോലെ കേരളത്തിലെ മുസ്ലിംങ്ങൾക്കും മതപരമായി വേർത്തിരിവുണ്ടാക്കുന്ന ഭാഷ ആവശ്യമാണോ? ഉറുദു ഭാഷ അറിയാത്തവർ മുസ്ലിംങ്ങളല്ല എന്നരിതിയിലാണ് വടക്കേന്ത്യക്കാരായ ചില മുസ്ലിംങ്ങളുടെ സംസാരം. ഉറുദുവിൽ സംസാരിക്കുന്നവരോട് ആ ഭാഷ അറിയില്ലെന്ന് പറഞ്ഞാൽ ഇന്ത്യൻ മുസൽമാനാണോ എന്ന രീതിയിലാവും നോട്ടവും ചോദ്യവുമെല്ലാം.



ഹിന്ദി പഠിക്കണമെന്നുണ്ട്. ഗൾഫ് നാട്ടിൽ അറബിയും ഉറുദുവും ഏറ്റവും കുറഞ്ഞത് ഹിന്ദിയും അറിയില്ലെങ്കിൽ ലോക്കൽ മാർക്കറ്റിൽ ഇടപാട് നടത്താനുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ല. രണ്ട് വാക്ക് പറയാനുണ്ടെങ്കിൽ അറബിയും ഹിന്ദിയും ഇംഗ്ളീഷുമായി കൂട്ടികുഴച്ച് ഒരു പരുവത്തിലങ്ങ് ഇട്ട് കൊടുക്കും. റെഡിമേയ്ഡ് ഭാഷ അണ്ണാക്കിൽ കുടുങ്ങിയത് പോലെ മനസ്സിലാകാത്തതിനാൽ വാപോളിച്ചിരിക്കും ചിലർ. ഈ മദിരാശിക്ക് (മലയാളികളും തമിളന്മാരും അവരുടെ കാഴ്ച്ചയിൽ ഒന്നാണ്) ഹിന്ദി ഭാഷ അറിയാത്തതിന് കാരണം തമിഴരെ പോലെ മക്കൾ ഭാഷയോടുള്ള സ്നേഹം കൂടിയത് കൊണ്ടല്ല. സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പ്രത്യേകിച്ച് ഹിന്ദിയോട് സ്നേഹം കൂടുതലായതിനാൽ ഹിന്ദിടീച്ചർ സ്നേഹത്തോടെ ചൂരല്കൊണ്ട് തലോടുമായിരുന്നു. സ്കൂൾ പഠനം കഴിഞ്ഞതോടെ ഹിന്ദിയെ സ്നേഹിക്കാൻ കണ്ടിട്ട് വേണ്ടെ? പേരിന് പോലും ഹിന്ദി സിനിമ കണ്ടിട്ടില്ല. പിന്നെ ഇന്ത്യക്കാർ എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണമെന്ന ഒരു അലിഖിത നിയമം ആരും ഉണ്ടാക്കിയിട്ടുമില്ല.

വിശ്വാസികൾക്ക് ഭാഷപരമായി വ്യതിരിക്തത നല്ലതാണോ? ചില പണ്ഠിതന്മാർ സാമൂഹികമായ കൂടികലരലിനെ എതിർക്കുന്നുണ്ട്. ആ പണ്ഠിതന്മാരുടെ നാടുകൾക്കനുസരിച്ച് അവർ ‘ഫത്വ്‌വകൾ’ നൽകുന്നു. ഉദാഹരണമായി കളർഫുൾ ലൈഫ് അനുകരിക്കുന്ന പാശ്ചാത്യ സംസ്‌കാരത്തോട് ഇഴുകി ചേർന്ന സമൂഹത്തിൽ മദ്യവും മദിരാശിയും തുടങ്ങി മനുഷ്യന് നാശമുണ്ടാകുന്ന വിഷയങ്ങളിൽ ഒരു തരത്തിലുള്ള നിയന്ത്രണമില്ലാത്ത സമൂഹങ്ങളോട് ഇഴകിചേരാനൊക്കില്ല. അവരിൽ നിന്നും ആ ദൂഷ്യസ്വഭാവങ്ങൾ പടരാതിരിക്കാൻ അത്തരം നിലപാടുകൾ ഉപകാരം ചെയ്തേക്കാം. (എനിക്കതിനോടും വിയോജിപ്പാണ്). ഇനി ന്യായങ്ങൾ നിരത്തി ആ പണ്ഠിതന്മാർ പറയുന്നതും കേട്ട്, അവ എല്ലാ സമൂഹത്തിലേക്കുമുള്ള ഫത്വ്‌വകളായി ഉപയോഗപെടുത്തിയാൽ ഈ സമൂഹം ആർക്കും വേണ്ടാത്തവരായി ഒറ്റപെട്ട് പോകും. മറ്റുള്ളവരുടെ കൂടെ ജീവിക്കുമ്പോഴാണ് മാനുഷികമായ സഹായങ്ങൾ പരസ്പരം ചെയ്യുവാനും മനുഷ്യനെ പരസ്പരം അറിയുവാനും സഹായകമാവൂ. സാംസ്കാരികമായി അധിക തിന്മയോടും രാജിയായ ഇന്ത്യൻ സമൂഹത്തിൽ നാം മതപരമായ വേർത്തിരിവില്ലാതെ ഒരൊറ്റകെട്ടായി നില നിൽക്കേണ്ടതുണ്ട്.



ഈ ലോകത്ത് പ്രവാചകന്മാരൊക്കെ ജീവിച്ചത് വിശ്വാസികളായ സമൂഹത്തിലല്ല. അവർ ഓരോ സമൂഹത്തിലേക്കുമിറങ്ങി നവോത്ഥാനം സൃഷ്ടിക്കുകയാണ് ചെയ്തിരുന്നത്. വേറിട്ട് നിന്ന സ്ഥലങ്ങളിലൊക്കെ വളരെ ദോഷ ഫലങ്ങളാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യൻ പരസ്പരം അറിയുന്നില്ല. ഹിന്ദുവിനെ അവരിലിടയിൽ നിന്നും കേൾക്കുന്നതല്ലാതെ ജീവിതത്തിൽ ശരിക്കും ഹിന്ദുവിനെ കാണുന്നില്ല, മറിച്ച് മുസ്ലിമിനെ കുറിച്ചും അങ്ങിനെ തന്നെ, മുസ്ലിംങ്ങൾ മാംസം തിന്നുന്നവരായതിനാൽ ക്രൂരന്മാരാണ്, മനുഷ്യത്വമില്ലാത്തവരാണ്, അവിശ്വാസികളെ കൊന്നൊടുക്കാൻ നടക്കുന്നവരാണെന്ന് പോലും പറഞ്ഞാൽ അവയൊക്കെ ‘വികാരജീവി‘കളിൽ ഏൽക്കുന്നത് പരസ്പരം അറിയാത്തതിനാലാണ്. ഭാഷാപരമായും ഡ്രസ് കോഡിങ്ങിലുമെല്ലാം കൊണ്ടും വ്യത്യസ്ഥരായി ഏരിയകൾ തിരിച്ച് വസിക്കുമ്പോൾ അന്യ മതസ്ഥരോട് സഹവർത്തിക്കാനും സഹായിക്കാനും നല്ല മനസ്സോടെ സന്തോഷവും ദുഖവുമെല്ലാം പരസ്പരം പങ്കുവെക്കാനും സാധിക്കാതെയാവുന്നു. അതിനാൽ തന്നെ കലഹങ്ങളുണ്ടാകുമ്പോ മനുഷ്യത്വത്തിന്റെ കണികപോലും കാണിക്കാത്ത രീതിയിൽ അക്രമിക്കപെടുന്നു, അക്രമിക്കുകയും ചെയ്യുന്നു. കലാപങ്ങൾ നടക്കുന്നത് ഇത്തരത്തിലുള്ള സമൂഹത്തിലാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ ഇത്തരം അക്രമ സംഭവങ്ങളുണ്ടാകുന്നില്ല മാറാട് ഒരൊറ്റപെട്ട സംഭവം ഉണ്ടാകാൻ തന്നെ കാരണം അഭ്യസ്തരായ, മതപരമായി പോകറ്റുകളായി തിരിഞ്ഞ് വേറിട്ട് താമസിച്ച്, പരസ്പരം സഹായമോ ഇടപെടലുകളോ ഇല്ലാതാവുകയും ചെയ്തതിന്റെ ഫലമാണ്. അറിയുന്നവർ പരസ്പരം അന്യായമായി അക്രമിക്കില്ല. അത് കൊണ്ട് തന്നെയാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പല സംഘടനകളും അക്രമം നടത്താൻ പരസ്പരം അറിയാത്ത അന്യ ദേശങ്ങളിൽ നിന്നും ആളെ കൊണ്ട് വരുന്നത്.


എന്നും കണ്ടും സഹായിച്ചും സ്നേഹിച്ചും ജീവിക്കുന്ന മനുഷ്യ സമൂഹത്തിൽ മതം സ്നേഹത്തെ സൃഷ്ടിക്കുകയേ ഉള്ളൂ. നിങ്ങളുടെ അയൽ വാസി പട്ടിണികിടന്നാൽ നിങ്ങൾ വിശ്വസിയാവുകയില്ല എന്നാണ് ഇസ്ലാം മത തത്വം. അതിൽ അയൽ വാസി വിശ്വാസിയാകണമെന്നില്ല. അത് കൊണ്ട് തന്നെയാണ് അറേബ്യൻ ഖിലാഫത്തിൽ മുസ്ലിംങ്ങളുടെ അയൽ വാസിയാകാൻ അമുസ്ലിംങ്ങൾ കൂടുതൽ വിലകൊടുത്ത് വീട് വാങ്ങുമായിരുന്നു എന്ന് ചരിത്രത്തിൽ രേഖപെടുത്തപെട്ടത്. എത്രത്തോളമെന്ന് വെച്ചാൽ അയൽ വാസിക്ക് സ്വത്തിൽ ഓഹരി വരെ കൊടുക്കണൊ എന്ന് പോലും ചിന്തിച്ച സമൂഹം. അതിന്റെ പിൻ തലമുറക്കാരായ നമുക്കെങ്ങിനെ മതത്തിന്റെ പേരിൽ വ്യത്യസ്ത ഭാഷയും വ്സത്രധാരണയുമെല്ലാം ഉണ്ടാക്കി പോകറ്റുകളുണ്ടാക്കി താമസിക്കാൻ കഴിയും? വിശ്വാസികളാവാൻ അതൊന്നും ആവശ്യമല്ല. മറ്റുള്ളവർക്കിടയിൽ ജീവിച്ച് തിന്മകളെ വർജ്ജിച്ച്, നന്മയോടെ, സ്നേഹത്തോടെ ഉയർന്ന മാനുഷിക മൂല്ല്യങ്ങങ്ങളിൽ മാതൃകാ പുരുഷന്മാരായി ജീവിക്കേണ്ട നമ്മൾ അതിർ വരമ്പുകളുണ്ടാക്കി മാറി നിൽക്കേണ്ടവരാണോ??

പ്രസംഗം


കനത്ത മഴ പെയ്തിറങ്ങിയപോലെ നിശബ്ദമായി…അയാൾ ചുറ്റുപാടും നോക്കി.. ഹാളിൽ നിന്നും എല്ലാവരും പോയിട്ടുണ്ട്.. ഇനി ഒഴിഞ്ഞ സദസ്സിലെ ഇരിപ്പിടവും കാലിയായ സ്റ്റേജും മാത്രം. ആരോ തള്ളുന്നത് പോലെ.. മന്ദം മന്ദം സ്റ്റേജിനടുത്തേക്ക്... സ്റ്റേജിൽ കയറി മുമ്പിൽ തന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തിരിക്കുന്ന കസേരകളെ നോക്കി രണ്ടു കൈയ്യും വീശി ഹസിച്ചു... പിന്നെ ഒരു തുടക്കമായിരുന്നു. കള്ളൻമാരായ നാടുസേവകർക്കെതിരെ തുടങ്ങി സകല സാമൂഹികവിഷയങ്ങളും തൊണ്ടയിൽ നിന്ന് ചീറിപാഞ്ഞു... നാടും രാഷ്ട്രീയവും വിഷയമായതിനാൽ വാക്കുകളൊഴുകിതുടങ്ങി...

Jan 15, 2011

ഡാമ്പ്ട് ഓസിലേഷൻ

ചല പില ശബ്ദങ്ങൾ കർണ്ണപടങ്ങളിൽ കമ്പനങ്ങളുണ്ടാക്കി, കണ്ണുകളെ അങ്ങോട്ടോടിക്കാൻ ശ്രമിച്ചു, ശരീരനിയന്ത്രണത്തിൽ ആകെ അവശേഷിച്ചത് ആ ചലനമാണ്. അവ്യക്തമായി അവ അടുത്ത് കൊണ്ടിരിക്കുന്നു. മനസ്സിലാശ്വാസം തോന്നി. രണ്ടിലൊരു രക്ഷയുടെ മാർഗ്ഗം അടുത്തെത്തിയതായി തോന്നി. ജീവിതത്തിലേക്കുള്ള മാർഗ്ഗം അല്ലെങ്കിൽ മരണത്തിലേക്ക്…

എഞ്ചിൻ നിശബ്ദമായി പകരം കാലടികളും അവ്യക്തമായ സംസാരങ്ങളും നിലവിളികളുമെല്ലാം അടുത്ത് കൊണ്ടിരുന്നു.. നിമിഷങ്ങൾക്കകം ഒരാളെന്റെ അടുത്തെത്തി, മെല്ലെ പിറകിൽനിന്നും താടിയെല്ലുകളിൽ പിടികൂടി.. വരാനിരിക്കുന്ന നിമിഷങ്ങൾക്ക് വേണ്ടി കണ്ണടച്ചിരിക്കുമ്പോൾ ഓടി രക്ഷപെട്ട പഴയ നിമിഷങ്ങൾ മനസ്സിലേക്കോടിയെത്തി.. വെടിയൊച്ചകൾ, ഘോരശബ്ദത്തിൽ ചിന്നിചിതറിയ ശരീരങ്ങൾ.. എതിർക്കാൻ ശ്രമിച്ചവരെ കുടുമയിൽ പിടിച്ച് കഴുത്തറുത്തെറിഞ്ഞതുമെല്ലാം.

ആർത്തനാദങ്ങളെ പേടിച്ചോടിയവരിൽനിന്നും മരണത്തെ ആശിച്ച നിമിഷം, എത്രയും പെട്ടന്നത് സംഭവിച്ചെങ്കിൽ… എന്നാൽ ചുണ്ടുകളിലൂടെ ഈർപ്പം പടരുന്നതാണെനിക്കനുഭവിക്കാൻ കഴിഞ്ഞത്. വെള്ളതുള്ളികൾ ചുണ്ടുകളിൽ നിന്നും ഊർന്നിറങ്ങി വേദനയോടെ നാവുകളെ നനയിപ്പിച്ചു… വരണ്ട, വിണ്ട് കീറിയ ഭൂമിയിലേക്ക് മഴപാറ്റിയാലുണ്ടാകുന്നത് പോലെ വിണ്ട് കീറിയ എന്റ വായക്കകത്ത് ഈർപ്പങ്ങളുണ്ടാക്കി. കൂടുതൽ തുള്ളികളെ ആശിച്ചെങ്കിലും ആ നനഞ്ഞ സ്പോഞ്ചിൽ നിന്നും ഒലിച്ചിറങ്ങിയ കണങ്ങളല്ലാതെ കൂടുതലൊന്നും കിട്ടിയില്ല. ആളുകൾ മാറി.. മാറി കൈക്ക് പിടിച്ച് നോക്കി, ടാഗ് ചെയ്തു.. ഞാൻ അവരുടെ വാഹനത്തിലേക്ക് മാറ്റപെടുമ്പോൾ എണ്ണപെട്ട കുറച്ച് പേർ മാത്രം. അക്രമം ഭയന്നോടി രക്ഷപെട്ട നൂറോളം പേരിൽ രക്ഷപെട്ടവർ …ജീവിക്കാൻ സാധ്യതയുള്ളവർ ഞങ്ങൾ കുറച്ച് പേരെ മാത്രമെടുത്ത് കൊണ്ട് വന്നവർ രക്ഷപെടാനുള്ള റൂട്ടിലേക്ക് തിരിയുമ്പോൾ കുറച്ച് ജീവനില്ലാത്ത അസ്ഥികൂടങ്ങൾക്കിടയിൽ കുറേ ജീവനുള്ള അസ്ഥികൂടങ്ങൾ മരിക്കാതെ മരണത്തെ കാത്ത് കിടപ്പുണ്ടായിരുന്നു.

***
ഡോക്യൊമെന്ററികൾ കാണുവാൻ എനിക്ക് ഇഷ്ടമാണ്. അതിനാൽ തന്നെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടി.വി. കാർഡ് ഉപയോഗിച്ച് പല ഡോക്യുമെന്ററികളും ഞാൻ റെകോർഡ് ചെയ്ത് ഒഴിവുള്ളപ്പോൾ കാണാറുണ്ട്. ആർട്ട്, ജസീറ ഡോക്ര്യുമെന്ററി, ടി.വി. ഐ.. തുടങ്ങിയ ഏതാനും ചാനലുകൾ.

യുദ്ധ ചരിത്രം പറഞ്ഞ് കൊണ്ടിരിക്കുന്ന ഒരാളുടെ വാക്കുകൾക്ക് ചേരുവകൾ ഏറിയും കുറഞ്ഞുമിരിക്കും..പട്ടളക്കാരന്റെ ഡയലോഗ് പോലെ യാണ് അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് തോന്നിയത്.. പക്ഷെ, അല്ല, കണ്ണുകൾക്ക് കാണാൻ ശക്തിയില്ലാത്ത, മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളായിരുനന്നു അതു എന്ന് പിന്നീടുള്ള ഭാഗങ്ങൾ കാണിച്ച് തന്നു.

ഡയമെൻഡു ബിസിനസ് ആഫ്രിക്കക്ക് നൽകിയ വലിയ സംഭാവനകളാണ് യുദ്ധവും അടിമത്തവും അക്രമവുമെല്ലാം. ഗൾഫിനെ ഓയിൽ കൊണ്ട് സമ്പന്നമാക്കിയത് പോലെ ആഫ്രിക്കക്ക് സമ്പന്നരാകാൻ ഡയമന്റ് ക്രിസ്റ്റലുകൾ ധാരാളമായിരുന്നു. പക്ഷെ, മുതലെടുപ്പ് പ്രമാണിമാരും രാഷ്ട്രീയവും സാമ്രാജ്യത്ത ശക്തികളും ഒന്നിച്ച് കളിച്ചപ്പോൾ ഭൂമിയിൽ നിന്നും ക്രിസ്റ്റലുകൾ പൊങ്ങിയതിനനുസരിച്ച് ആഫ്രിക്കൻ ജനത ഭൂമിയിലേക്ക് താഴ്ന്ന് കൊണ്ടിരുന്നു.

അക്രമികൾ കോളനികൾ കേന്ദ്രീകരിച്ച് ആഫ്രിക്കൻ നെഞ്ചിൽ ചവിട്ടി മെതിച്ച് നൃത്തം വെച്ചപ്പോൾ പൊലിഞ്ഞുപോയത് സ്വപ്നങ്ങളുടെ കൂടെ പതിനായിരങ്ങളുടെ ജീവനാണ്, സൃഷ്ടിക്കപെട്ടത് ലക്ഷങ്ങളോളം വികലാംഗരെയും.

ക്രിസ്റ്റൽ ഘനനമുള്ള ഗ്രാമങ്ങളെ അയൽ ഗ്രാമത്തലവന്മാരും അവരെ ഭരിക്കുന്ന സാമ്രാജ്യ ശക്തികളും ചേർന്ന് കീഴടക്കുകയും മണ്ണിന്റെ യുവത്വത്തെ അടിമകളാക്കി സ്വന്തം ഭൂമിയിൽ വിയർപ്പൊഴുക്കി സമ്പന്നത കൊയതെടുക്കുകയും ചെയ്തവർക്കിടയിൽ ഉടലെടുത്ത അധികാര മത്സരങ്ങൾക്കിരയാവരും അവരിൽ പെട്ട ചിലരെ രക്ഷപെടുത്തുന്ന ഡോക്യുമെന്ററികളുമാണ് ഞാൻ കാണാൻ പോകുന്നത് എന്നതിനാൽ ഞാൻ പളരെ പ്രധാന്യത്തോടെയാണ് പരിപാടി ശ്രദ്ധിച്ചത്. ടൈം വാർണറിന്റെ ‘ബ്ളഡ് ഡയമന്റ് ‘എന്ന സിനിമ ഞാൻ കണ്ടിരുന്നതിനാൽ വിഷയത്തിൽ താല്പര്യം തോന്നി, യാഥാർത്ഥ്യമെന്തെന്നറിയാൻ ആകാംക്ഷയുമുണ്ടായി..

***

ഡോക്യൊമെന്ററി എടുക്കുന്നവർ പശ്ചാത്തലം വിവരിച്ചു… ഗ്രാമം അക്രമക്കപെട്ടപ്പോൾ, അയൽ ഗ്രാമങ്ങത്തെ അക്രമിച്ച് കുറച്ച് പേരെ അടിമകളാക്കുകയും ബാക്കിവന്ന ജനങ്ങളെ കശാപ് ചെയ്തവരും തങ്ങൾക്ക് നേരെ തിരിഞ്ഞപ്പോൾ എല്ലാം ഇട്ടെറിഞ്ഞ് ഓടി രക്ഷപെട്ടെത്തിപെട്ടത് വിജനമായ തുരുത്തിലാണ്. അവിടെ നിന്നും കുറച്ച് ധൈര്യമുള്ളവർ വേറെ സ്ഥലങ്ങളെ ലക്ഷ്യമാക്കി നീങ്ങി. കൂടുതൽ പേരും എങ്ങോട്ട് പോകണമെന്നറിയാതെ, അക്രമികളെ പേടിച്ച് ഭക്ഷണവും വെള്ളവും പോലും കിട്ടാതെ ഇലകൾ തിന്നു നരകിച്ചു.. ഇലകൾ തിന്നാം പക്ഷെ വെള്ളമില്ലെങ്കിൽ?? പിടിച്ച് നിൽക്കാനാവാതെ വീണുകിടന്നു. ദിവസങ്ങളോളം ആ കിടപ്പ്.. മരണത്തെ കാത്ത് കൊണ്ട്.

അവരിൽ നിന്നും രക്ഷപെട്ടവരിലൂടെ കേട്ടറിഞ്ഞാണ് ലോകത്തെ ജീവകാരുണ്യപ്രവർത്തകർ (ചില സ്ഥല സന്നർഭങ്ങളിൽ യുദ്ധത്തിലെ കരുക്കളായിട്ടാണവരെ ഞാൻ കണ്ടിരുന്നത്) കൂടുതലും യൂറോപ്യൻസ്. ആരും കാണാതെയുള്ള വരവ്, എത്രയും പെട്ടന്ന് പറ്റുന്നവരെ രക്ഷിക്കുക എന്നതിലപ്പുറം മറ്റൊന്നുമില്ല. പിടിക്കപെടാം.. പിടിക്കപെട്ടാൽ ജീവിതത്തിന്റെ അവസാന നിമിഷങ്ങളായി മാറാം. സ്വന്തം ജീവൻ പണയപെടുത്തി മനുഷ്യ ജീവന് വേണ്ടി സഹിക്കുന്ന വിലപറയാൻ പറ്റാത്ത ത്യാഗങ്ങൾ… പൊട്ടിപൊളിഞ്ഞ് രണ്ട് ട്രക്കിൽ കിലോമീറ്റർ താണ്ടി വരുമ്പോൾ അവരുടെ അടുത്ത് കാര്യമായ മരുന്നുകളോ വിഭവങ്ങളോ ഒന്നുമില്ല. അവരെത്തി ഒരോരുത്തരേയും പരിശോധിച്ച്, തങ്ങൾ കൊണ്ട് പോകുന്ന ലക്ഷ്യത്തിലേക്കെത്തുംവരെ ജീവനോടെയിരിക്കാൻ സാധ്യതയുള്ളവരെ കയറ്റി രക്ഷപെടുമ്പോൾ, ഇട്ടേച്ച് പോയ ജീവച്ചവമായ എല്ലുരൂപങ്ങൾ പ്രയാസത്തോടെ കൺപോളകളുയർത്താൻ ശ്രമിക്കുന്നത് പോലെ തോന്നി. ഹൃദയം നിഷ്ചലമാകാത്ത ആ രൂപങ്ങൾക്ക് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. (മനസ്സ് അങ്ങിനെയാവട്ടെ എന്നാശിച്ചു) ജീവനുള്ള ഒരുപാട് ആളുകൾ കിടന്നിടത്ത് നിന്നനങ്ങാൻ കഴിയാതെ മരണത്തെ കാത്ത് കിടക്കുന്ന അവസ്ഥ… ഞാൻ അറിയാതെ കുറെ കരഞ്ഞു, സ്വകാര്യമായി.. കണ്ണുനീർ കാരണം അവസാന ഭാഗങ്ങൾ കാണാൻ കഴിയാതായപ്പോ പൌസ് ചെയ്ത് കിടന്നു.. കുറച്ച് ആശ്വാസമായപ്പോ ബാക്കികാണാനിരുന്നു. ഭാര്യ ജോലിയൊക്കെ കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു അത്രതന്നെ ദുഖകരമല്ലാത്ത ചില ഭാഗങ്ങൾ കണ്ട് കണ്ണുകൾ നിറച്ച് എന്നോട് വിഷയം ചോദിച്ചപ്പോ, മനസ്സിനെ മുറുക്കി പിടിച്ച് അപ്രധാനമായ ഭാഗങ്ങളെ കാണിച്ച് കുറച്ച് ഭാഗങ്ങൾ ഞാൻ വിവരിച്ച് കൊടുത്തു. ചിലവില്ലാത്ത, വിലയില്ലാത്ത കണ്ണുനീരൊഴുക്കികളയാൻ അവർക്കതുതന്നെ ധാരാളം. മനസ്സിനെ അലട്ടുന്ന അധിക സന്നർഭങ്ങളിലും മനസ്സിനെ പിടിച്ച് നിർത്താറുണ്ട്.. ഭാര്യ എന്നെ കഠിന ഹൃദയനാണെന്ന് ആക്ഷേപിക്കാറുണ്ട്. പക്ഷെ ഈ രംഗങ്ങൾ ഓളങ്ങളായി മനസ്സിൽ നിന്നു.. ആ ഡാമ്പ്ട് ഓസിലേഷൻ ഇതുവരെ നിശ്ചലമായിട്ടില്ല.

Jan 7, 2011

പ്രതിരോധം പ്രകൃതിയാണ്

പ്രതിരോധം എന്നത് പ്രകൃതിയാണ്. നാട്ടിൽ സാംക്രമിക രോഗാങ്ങളുണ്ടാവുമ്പോ നാം പ്രതിരോധത്തിന്റെ വഴികൾ തേടാറുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകളൊക്കെ വളരെ കൃത്യനിഷ്ടതയോടെ നാം എടുക്കുന്നു. നാട്ടിൽ കൊതുക് പകർത്തിയ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ മാലിന്യങ്ങളൊക്കെ ഒഴിവാക്കിയും വെള്ളം കെട്ടിനിൽക്കുന്ന വസ്തുക്കളെ നശിപിച്ചും പ്രതിരോധാവസ്ഥ സൃഷ്ടിച്ചെടുക്കുന്നു. നമുക്ക് നാശമുണ്ടാകുന്ന ഏതൊരൂ സംഗതികളേയും പ്രതിരോധിക്കുക എന്നത് ബുദ്ധിയുള്ള മനുഷ്യർക്ക് പറഞ്ഞതാണ്.
Related Posts Plugin for WordPress, Blogger...